നവാസ് മീരാന്റെ സ്വപ്‌നപദ്ധതി ബംപര്‍ ഹിറ്റ്, ഒഴുകിയെത്തി പതിനായിരങ്ങള്‍, ടിവി റേറ്റിംഗിലും കുതിപ്പ്; സൂപ്പര്‍ ലീഗ് ക്ലിക്ക്ഡ്

സൂപ്പര്‍ ലീഗ് തുടങ്ങുന്ന സമയത്ത് ഈ പുതിയ പരീക്ഷണം ഏതുരീതിയില്‍ സ്വീകരിക്കപ്പെടുമെന്ന ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു

Update:2024-09-27 13:58 IST

Image Courtesy: groupmeeran.com, super league kerala

കേരള സ്‌പോര്‍ട്‌സില്‍ വിപ്ലവ വഴിവെട്ടിയ സൂപ്പര്‍ ലീഗ് കേരള (എസ്.എല്‍.കെ) പത്തു മല്‍സരങ്ങള്‍ പിന്നിടുമ്പോള്‍ പറയാനുള്ളത് കാല്‍പന്തിന്റെ പോസിറ്റീവ് കഥകള്‍ മാത്രം. തൊട്ടതെല്ലാം പൊന്നാക്കിയ നവാസ് മീരന്‍ എന്ന സംരംഭകന്‍ അടിത്തറയിട്ട എസ്എല്‍കെ ആരാധകരെയും ഫ്രാഞ്ചൈസികളെയും സ്‌പോണ്‍സര്‍മാരെയും ആവേശത്തിലാഴ്ത്തിയാണ് മുന്നോട്ടു പോകുന്നത്.
ആദ്യത്തെ 11 മല്‍സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഏകദേശം ഒരു ലക്ഷത്തിലധികം പേര്‍ സ്റ്റേഡിയങ്ങളിലെത്തി കളികണ്ടു. ഓരോ മല്‍സരത്തിലും ശരാശരി 8,000 പേരെങ്കിലും ഗ്യാലറിയിലെത്തുന്നു. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഹോട്ട്‌സ്റ്റാറിലും മനോരമ മാക്‌സിലുമായി കളി കാണുന്നവരുടെ എണ്ണം ഓരോ മല്‍സരം കഴിയുന്തോറും കൂടിവരികയാണ്. ടീമുകള്‍ തമ്മിലുള്ള വാശിയും പോരാട്ടവീര്യവും ആരാധകരിലേക്ക് കൂടി എത്തി തുടങ്ങിയതോടെ ഫാന്‍ ക്ലബുകളും സജീവമാണ്.

Full View

കാണികള്‍ ഉഷാര്‍

ആരാധകര്‍ ഏതു രീതിയില്‍ പുതിയ ലീഗിനെ സ്വീകരിക്കുമെന്ന ആശങ്ക തുടക്കത്തില്‍ സംഘാടകര്‍ക്കുണ്ടായിരുന്നു. എന്നാല്‍, കൊച്ചിയില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ഗ്യാലറിയിലെത്തിയത് 22,500 പേരാണ്. കോഴിക്കോടും, മലപ്പുറത്തും തിരുവനന്തപുരത്തും നടന്ന മല്‍സരങ്ങളില്‍ വലിയ ആരാധകപങ്കാളിത്തം ദൃശ്യമാണ്. ക്ലബുകളെല്ലാം തങ്ങളുടെ ആരാധകരെ കേന്ദ്രീകരിച്ച് വിപുലമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. സ്റ്റേഡിയത്തിലേക്ക് ആരാധകരെ എത്തിക്കാന്‍ ഈ പ്രോഗ്രാമുകള്‍ക്ക് സാധിക്കുന്നുണ്ട്.

സൗദിയില്‍ കളിക്കാന്‍ മലപ്പുറം എഫ്‌സി

സൂപ്പര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ക്ലബായ മലപ്പുറം എഫ്‌സി ദീര്‍ഘകാല പദ്ധതികളുമായാണ് മുന്നോട്ടു പോകുന്നത്. നാലു വര്‍ഷം കൊണ്ട് ക്ലബിനെ ബ്രേക്ക് ഈവനില്‍ എത്തിക്കാനാകുമെന്നാണ് മാനേജ്‌മെന്റിന്റെ പ്രതീക്ഷ. സൗദി അറേബ്യന്‍ ക്ലബുകളുമായി അവരുടെ നാട്ടില്‍ പോയി കളിക്കാന്‍ ക്ലബ് പദ്ധതിയിടുന്നുണ്ടെന്ന് ഉടമകളിലൊരാളായ അജ്മല്‍ബിസ്മി ധനംഓണ്‍ലൈനോട് പറഞ്ഞു.
ബ്രസീലിയന്‍ ക്ലബുമായി സഹകരണത്തിനുള്ള നീക്കം മലപ്പുറം എഫ്‌സി നടത്തുന്നുണ്ട്. കളിക്കാര്‍ക്ക് ലാറ്റിനമേരിക്കയില്‍ പോയി പരിശീലിക്കാനും ബ്രസീലിയന്‍ ടീമുകളുമായി കളിക്കാനുമുള്ള അവസരം ഇതുവഴി ലഭിക്കും. സ്വന്തമായി സ്റ്റേഡിയം നിര്‍മിക്കാനുള്ള നീക്കങ്ങളും മലപ്പുറം എഫ്‌സി അണിയറയില്‍ സജീവമായി നടക്കുന്നുണ്ട്.

ഉഷാറാണ് തലസ്ഥാനം

സൂപ്പര്‍ ലീഗ് തുടങ്ങുന്ന സമയത്ത് ഈ പുതിയ പരീക്ഷണം ചില സ്ഥലങ്ങളിലെങ്കിലും ഏതുരീതിയില്‍ സ്വീകരിക്കപ്പെടുമെന്ന ആശങ്ക പലര്‍ക്കുമുണ്ടായിരുന്നു. തലസ്ഥാന നഗരമായിരുന്നു ഇതില്‍ മുമ്പിലുണ്ടായിരുന്നത്. എന്നാല്‍ ഭയം അസ്ഥാനത്താണെന്ന് തിരുവനന്തപുരത്തെ ആദ്യ രണ്ട് മല്‍സരങ്ങള്‍ തെളിയിച്ചു. തൃശൂരിനെതിരായ ആദ്യ മല്‍സരത്തില്‍ 6,200 പേരായിരുന്നു ഗ്യാലറിയിലെത്തിയത്. സെപ്റ്റംബര്‍ 21ന് കണ്ണൂര്‍ വാരിയേഴ്‌സുമായി ഏറ്റുമുട്ടിയപ്പോള്‍ ആരാധക ആവേശം ഉയര്‍ന്നു. 8,800 പേര്‍ അന്ന് സ്റ്റേഡിയത്തിലെത്തി കളികണ്ടു.
ഓരോ കളിയിലും ആരാധകരുടെ എണ്ണം വര്‍ധിക്കുന്നതും ഫാന്‍സ് ഗ്രൂപ്പുകള്‍ ശക്തിയാര്‍ജിക്കുന്നതും പോസിറ്റീവായിട്ടാണ് തിരുവനന്തപുരം കൊമ്പന്‍സ് മാനേജ്‌മെന്റ് കാണുന്നത്. ഒക്ടോബര്‍ രണ്ടിന് നടക്കുന്ന മലപ്പുറം എഫ്‌സിക്കെതിരായ ഹോംമല്‍സരത്തിന്റെ ടിക്കറ്റുകള്‍ സിംഹഭാഗവും വിറ്റഴിഞ്ഞതായി ടീമുമായി അടുത്ത വൃത്തങ്ങള്‍ ധനംഓണ്‍ലൈനോട് പറഞ്ഞു. യൂറോപ്യന്‍ മാതൃകയില്‍ ഫാന്‍ പാര്‍ക്കുകളും തിരുവനന്തപുരം ടീം ഒരുക്കുന്നുണ്ട്. എവേ മല്‍സരങ്ങളിലാണ് ഇത്തരത്തില്‍ ആരാധകരെ ഒന്നിച്ചിരുത്തുന്ന ഫാന്‍ പാര്‍ക്കുകള്‍ സംഘടിപ്പിക്കുന്നത്.
Tags:    

Similar News