ബിസിനസ്+ഫുട്‌ബോള്‍= സൂപ്പര്‍ ലീഗ് കേരള; ഇനി ആവേശപ്പോരാട്ട രാത്രികള്‍
ടീമുകളെ സ്വന്തമാക്കിയവരിലേറെയും ബിസിനസ് ഗ്രൂപ്പുകളായതിനാല്‍ വലിയ രീതിയിലുള്ള പ്രമോഷനും ടൂര്‍ണമെന്റിന് ലഭിക്കുന്നുണ്ട്
കേരള ഫുട്‌ബോളിന്റെ തലവര മാറ്റുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന സൂപ്പര്‍ ലീഗ് കേരളയ്ക്ക് പന്തുരുളാന്‍ മിനിറ്റുകള്‍ മാത്രം. ആറു ടീമുകള്‍ കളിക്കുന്ന ലീഗ് ഹോം ആന്‍ഡ് എവേ രീതിയില്‍ 45 ദിവസം നീണ്ടുനില്‍ക്കും. പ്രമുഖ ബിസിനസ് ഗ്രൂപ്പുകളാണ് ലീഗില്‍ കളിക്കുന്ന ടീമുകളെ സ്വന്തമാക്കിയിരിക്കുന്നത്. കേരള ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് നവാസ് മീരാന്റെ ആശയത്തില്‍ പിറന്നതാണ് സൂപ്പര്‍ ലീഗ് കേരള.
ലീഗില്‍ കളിക്കുന്ന ടീമുകളും സംഘാടകരും ചേര്‍ന്ന് ഏകദേശം 100 കോടി രൂപയിലധികം ആദ്യ സീസണില്‍ മാത്രം നിക്ഷേപിക്കുന്നുണ്ട്. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടന മല്‍സരം. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം എന്നിവിടങ്ങളിലും മല്‍സരങ്ങള്‍ നടക്കും. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ടിവിയിലും ഡിസ്‌നിപ്ലസ് ഹോട്ട്‌സ്റ്റാര്‍ ഒ.ടി.ടിയിലും കളി സംപ്രേക്ഷണം ചെയ്യും.
മഹീന്ദ്ര മുതല്‍ അമൂല്‍ വരെ
ലീഗിന്റെ സ്‌പോണ്‍സര്‍മാരായി എത്തുന്നത് പ്രമുഖ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര ഗ്രൂപ്പാണ്. ഗുജറാത്ത് ആസ്ഥാനമായ പാല്‍ ഉത്പന്ന ബ്രാന്‍ഡായ അമൂലാണ് സഹസ്‌പോണ്‍സര്‍മാര്‍. ടീമുകളെ സ്വന്തമാക്കിയവരിലേറെയും ബിസിനസ് ഗ്രൂപ്പുകളായതിനാല്‍ വലിയ രീതിയിലുള്ള പ്രമോഷനും ടൂര്‍ണമെന്റിന് ലഭിക്കുന്നുണ്ട്. പത്ര, ഓണ്‍ലൈന്‍, ടിവി പരസ്യങ്ങള്‍ ആരാധകരിലും ആവേശം ഉണര്‍ത്തിയിട്ടുണ്ട്.
സ്‌പോര്‍ട്‌സ് ബിസിനസില്‍ കേരളത്തിന്റെ ഭാവി അടയാളപ്പെടുത്തുക സൂപ്പര്‍ ലീഗ് കേരളയാകും. അത്രത്തോളം മുന്നൊരുക്കത്തിനു ശേഷമാണ് എസ്.എല്‍.കെ എത്തുന്നത്. അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ പിന്തുണയും സൂപ്പര്‍ ലീഗിനുണ്ട്. ആദ്യ മല്‍സരത്തില്‍ മലപ്പുറം എഫ്‌സി ആതിഥേയരായ ഫോഴ്‌സ കൊച്ചി എഫ്‌സിയെ നേരിടും.