കാലിയായ ഷെൽഫുമായി 'സ്വർണ' ജൂബിലി ആഘോഷം - സപ്ലൈകോയുടെ കഥ ഇങ്ങനെ
പലയിടത്തും ഓഫര്‍ പ്രഖ്യാപിച്ച സാധനങ്ങള്‍ പോലുമില്ല
കാലിയായ ഷെല്‍ഫുകളുമായി അമ്പതാം വാര്‍ഷികാഘോഷത്തിനൊരുങ്ങി സപ്ലൈകോ. വാര്‍ഷികത്തിന്റെ ഭാഗമായി 50 ജനപ്രിയ ഉത്പന്നങ്ങള്‍ക്ക് അടുത്ത 50 ദിവസത്തേക്ക് പ്രത്യേക വിലക്കുറവുണ്ടാകും എന്നായിരുന്നു അറിയിപ്പ്. എന്നാല്‍ മിക്ക ഔട്ട്‌ലെറ്റുകളിലും ആവശ്യത്തിന് സാധനങ്ങള്‍ ഇനിയും എത്തിയിട്ടില്ല. വില വര്‍ധിപ്പിക്കില്ലെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച 13 അവശ്യസാധനങ്ങളില്‍ ഭൂരിഭാഗവും ലഭ്യമല്ലെന്ന മറുപടിയാണ് മിക്ക സപ്ലൈകോ ഔട്ട്‌ലൈറ്റുകളില്‍ നിന്നും കിട്ടുന്നത്. സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം സബ്‌സിഡി സാധനങ്ങളുടെ ലഭ്യതയില്‍ കുറവുണ്ടായിട്ടുണ്ടെന്ന് വകുപ്പ് മന്ത്രി ജി.ആര്‍ അനിലും സമ്മതിക്കുന്നുണ്ട്. സപ്ലൈയ്ക്കെതിരെ തെറ്റായ പ്രചാരണങ്ങള്‍ ഉണ്ടായതോടെ ഇതര സംസ്ഥാനങ്ങളില്‍ നിന്നും സാധനങ്ങള്‍ കടമായി വാങ്ങാന്‍ കഴിയുന്നില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം. സബ്‌സിഡി നിരക്കിലുള്ള പഞ്ചസാര ഉടന്‍ ലഭ്യമാകുമെന്നും അദ്ദേഹം വിശദീകരിച്ചു. കോ
പൊതുവിപണിയില്‍ തീവില തുടരുന്ന തുവരപരിപ്പ്, വന്‍കടല, വന്‍പയര്‍, മല്ലി എന്നിവ സപ്ലൈകോയില്‍ ലഭ്യമല്ല. പഞ്ചസാര ലഭ്യമല്ലാതായിട്ട് പത്ത് മാസത്തോളമാകുന്നു. വിലക്കുറവ് പ്രഖ്യാപിച്ച സാധനങ്ങള്‍ പോലും ഔട്ട്‌ലറ്റുകളില്‍ എത്തിയിട്ടില്ല. അരി, മുളക്, വെളിച്ചെണ്ണ, ചെറുപയര്‍, ഉഴുന്ന് എന്നീ സാധനങ്ങള്‍ മിക്ക ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്. കഴിഞ്ഞ ഓണക്കാലത്ത് നിറയെ സാധനങ്ങളെത്തിച്ച് സപ്ലൈ കയ്യടി നേടിയെങ്കിലും പിന്നീട് എല്ലാ ഔട്ട്‌ലറ്റുകളിലും സാധനങ്ങള്‍ കുറഞ്ഞു. സപ്ലൈ കോകോയിലെ സാധനങ്ങളുടെ കുറവ് കഴിഞ്ഞ ദിവസം നിയമസഭയിലും ചര്‍ച്ചയായി. വിലക്കയറ്റം കൊണ്ട് ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും സര്‍ക്കാര്‍ സപ്ലൈകോയെ നശിപ്പിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചിരുന്നു.
കരാറുകാര്‍ക്ക് കുടിശിക കുന്നുകൂടി
വിതരണക്കാര്‍ക്ക് കോടിക്കണക്കിന് രൂപയാണ് സപ്ലൈകോ കുടിശികയിനത്തില്‍ നല്‍കാനുള്ളത്. അതുകൊണ്ട് തന്നെ കാര്യമായ ഇടപെടലുകള്‍ക്കും സാധിക്കുന്നില്ല. വിതരണക്കാര്‍ എത്താതെ ടെന്‍ഡര്‍ നടപടികള്‍ നീണ്ടുപോയതിനാല്‍ കഴിഞ്ഞ മാസത്തെ സ്‌റ്റോക്കിന്റെ ബാക്കിയാണ് ഇപ്പോള്‍ വില്‍പ്പനയ്ക്കുള്ളത്. കഴിഞ്ഞ ദിവസം നടന്ന റീടെണ്ടറില്‍ പതിനഞ്ചോളം വിതരണക്കാര്‍ മാത്രമേ പങ്കെടുത്തിരുന്നുള്ളൂ. അതേസമയം, സപ്ലൈയ്ക്ക് അര്‍ഹമായ പണം അനുവദിക്കുന്നതില്‍ ധനവകുപ്പ് മെല്ലെപ്പോക്ക് നടത്തുന്നുവെന്ന പരാതിയും ഭക്ഷ്യവകുപ്പിനുണ്ട്. വകുപ്പ് ഭരിക്കുന്ന സി.പി.ഐ നേതൃത്വം ഇക്കാര്യം രഹസ്യമായി അംഗീകരിക്കുന്നുമുണ്ട്. കോ
സപ്ലൈക്കോയുടെ ഓഫറുകള്‍ ഇങ്ങനെ
ജൂണ്‍ 25 മുതല്‍ 50 ദിവസത്തേക്കാണ് ഓഫര്‍. 30 രൂപ വിലയുള്ള ശബരി ഹോട്ടല്‍ ബ്ലെന്‍ഡ് ടീ ഒരു കിലോ 270 രൂപയ്ക്ക് നല്‍കുന്നതോടൊപ്പം 250 ഗ്രാം ശബരി ലീഫ് ടീ സൗജന്യമായി നല്‍കും. 80 രൂപ വിലയുള്ള 250 ഗ്രാം ശബരി ഗോള്‍ഡ് ടീ 64 രൂപയ്ക്ക് നല്‍കും. 60 രൂപ വിലയുള്ള ശബരി ചക്കി ഫ്രഷ് ആട്ട 20% വിലകുറച്ച് 48 രൂപയ്ക്കും,79 രൂപ വിലയുള്ള ഒരു കിലോഗ്രാം ശബരി അപ്പം പൊടി,പുട്ടുപൊടി എന്നിവ 63. 20 രൂപയ്ക്കും 50 ദിവസത്തേക്ക് നല്‍കും. ശബരി മുളകുപൊടി,മല്ലിപ്പൊടി,മഞ്ഞള്‍പ്പൊടി,ചിക്കന്‍ മസാല,സാമ്പാര്‍ പൊടി,കടുക് എന്നിവയ്ക്കും 25 ശതമാനം വരെ വിലക്കുറവുണ്ട്. 500ഗ്രാം റിപ്പിള്‍ പ്രീമിയം ഡസ്റ്റ് ടിയോടൊപ്പം 500 ഗ്രാം പഞ്ചസാര നല്‍കും.
ഉജാല,ഹെന്‍കോ,സണ്‍ പ്ലസ് തുടങ്ങി വിവിധയിനം ബ്രാന്‍ഡുകളുടെ വാഷിംഗ് പൗഡറുകള്‍,ഡിറ്റര്‍ജെന്റുകള്‍ എന്നിവയ്ക്ക് വലിയ വിലക്കുറവുണ്ട്. നമ്പീശന്‍സ് ബ്രാന്‍ഡിന്റെ നെയ്യ് തേന്‍,എള്ളെണ്ണ,ചന്ദ്രിക,സന്തൂര്‍ ബ്രാന്‍ഡുകളുടെ സോപ്പ്,നിറപറ,ബ്രാഹ്‌മിന്‍സ് ബ്രാന്റുകളുടെ മസാല പൊടികള്‍,ബ്രാഹ്‌മിന്‍സ് ബ്രാന്‍ഡിന്റെ അപ്പം പൊടി,റവ,പാലട മിക്‌സ്,കെലോഗ്‌സ് ഓട്‌സ്,ഐടിസി ആശിര്‍വാദ് ആട്ട,ഐടിസിയുടെ തന്നെ സണ്‍ ഫീസ്റ്റ് ന്യൂഡില്‍സ്,മോംസ് മാജിക്,സണ്‍ ഫീസ്റ്റ് ബിസ്‌ക്കറ്റുകള്‍,ഡാബറിന്റെ തേന്‍ ഉള്‍പ്പെടെയുള്ള വിവിധ ഉത്പ്പന്നങ്ങള്‍,ബ്രിട്ടാനിയ ബ്രാന്‍ഡിന്റെ ഡയറി വൈറ്റ്‌നര്‍,കോള്‍ഗേറ്റ് തുടങ്ങി 50ലേറെ സാധനങ്ങള്‍ക്കാണ് പ്രത്യേക ഓഫറുള്ളത്. കൂടാതെ ഉച്ചക്ക് രണ്ട് മുതല്‍ മൂന്ന് മണി വരെ ഹാപ്പി അവര്‍ സെയിലും പ്രഖ്യാപിച്ചിട്ടുണ്ട്.
സബ്‌സിഡി മാത്രമല്ല സപ്ലൈകോ
സബ്‌സിഡി സാധനങ്ങള്‍ മാത്രം വില്‍ക്കുന്ന സ്ഥാപനമാണ് സപ്ലൈകോയെന്ന വിധത്തിലെ പ്രചാരണം തിരിച്ചടിയായെന്നാണ് മന്ത്രി ജി.ആര്‍ അനില്‍ ആരോപിക്കുന്നു. സബ്സിഡിയില്ലാത്ത സാധനങ്ങളും വില്‍ക്കുന്ന സ്ഥാപനത്തില്‍ എല്ലാ ഉത്പന്നങ്ങളും 5 മുതല്‍ 30 ശതമാനം വരെ വിലകുറച്ചാണ് നല്‍കുന്നത്. എന്നാല്‍ സബ്സിഡി ഉത്പന്നങ്ങള്‍ മാത്രം വില്‍ക്കുന്ന സ്ഥാപനമായി ബ്രാന്‍ഡ് ചെയ്യുകയും തെറ്റായ പ്രചാരണം നടത്തുകയും ചെയ്തതോടെ വില്‍പന കുറഞ്ഞു. മെഡിസിന്‍,പെട്രോളിയം,എല്‍.പി.ജി,എഫ് എം സി ജി ഉത്പന്നങ്ങള്‍ എന്നിവയുടെ വില്‍പനയില്‍ ലാഭത്തിലാണ് സപ്ലൈകോയെന്നും അദ്ദേഹം പറയുന്നു.