അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ക്ക് കേന്ദ്രീകൃത പ്ലാറ്റ്‌ഫോം, പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

വിഷയം വളരെ പ്രധാനപ്പെട്ടതാണെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു

Update:2022-08-12 17:59 IST

അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപങ്ങള്‍ക്ക് ഒരു കേന്ദ്രീകൃത പ്ലാറ്റ്‌ഫോം വേണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്. മാധ്യമ പ്രവര്‍ത്തക സുചേത ദലാല്‍ ആണ് ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി പരിഗണിച്ച ജസ്റ്റിസുമാരായ അബ്ദുള്‍ നസീര്‍, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ച് വിഷയം വളരെ പ്രധാനപ്പെട്ടതാണെന്ന് നിരീക്ഷിച്ചു.

അവകാശികള്‍ ഇല്ലാത്ത ഫണ്ടുകള്‍ ഡെപ്പോസിറ്റേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് അവയര്‍നസ് ഫണ്ട്, ഇന്‍വെസ്റ്റേഴ്സ് എജ്യുക്കേഷന്‍ ആന്‍ഡ് പ്രൊട്ടക്ഷന്‍ ഫണ്ട്, സീനിയര്‍ സിറ്റിസണ്‍സ് വെല്‍ഫെയര്‍ ഫണ്ട് എന്നിവ വഴി സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫണ്ടുകളിലേക്ക് മാറ്റുന്നതായി ഹര്‍ജിയില്‍ പറയുന്നു.

ഈ ഫണ്ടുകള്‍ ഒരു പൊതു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ഉടമകളുടെ വിവരങ്ങള്‍ നല്‍കിക്കൊണ്ട് ലഭ്യമാക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം. ധനമന്ത്രാലയം, കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം, ആര്‍ബിഐ, സെബി എന്നിവരില്‍ നിന്ന് മറുപടി ആവശ്യപ്പെട്ടാണ് ഹര്‍ജി. 4,000 കോടിലധികം രൂപയുടെ നിക്ഷേപങ്ങളാണ് രാജ്യത്ത് ഇത്തരത്തില്‍ അവകാശികളില്ലാതെ കിടക്കുന്നത്.

Tags:    

Similar News