ദൈനംദിന ചെലവിന് 1000 രൂപ, സൗജന്യമായി അരിയും പഞ്ചസാരയും; തമിഴ്നാട് സര്‍ക്കാര്‍ പ്രഖ്യാപനം

Update: 2020-03-24 08:26 GMT

കോവിഡ് വ്യാപനം തടയുന്നതിനായി തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള ആശ്വാസ പാക്കേജ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി. സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യമായി അരി, പഞ്ചസാര, പരിപ്പ്, എണ്ണ എന്നിവ വിതരണം ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. ഒപ്പം ദൈനംദിന വൃത്തിക്കായി 1000 രൂപ വീതവും നല്‍കും. സമൂഹത്തിലെ താഴെത്തട്ടിലുള്ളവര്‍ക്കായി 3280 കോടി രൂപയുടെ പാക്കേജ് അവതരിപ്പിച്ചു.

രാജ്യത്ത് ഇതുവരേയും 500 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. മരണ സംഖ്യ മാര്‍ച്ച് 24 വരെ 10 ആണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇന്ത്യയില്‍ മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ക്ക് കൊറോണ ബാധിച്ചിട്ടുള്ളത്. മരണസംഖ്യയും ഇവിടെ തന്നെയാണ് കൂടുതല്‍. പിന്നാലെയാണ് രാജ്യത്തെ 80 ലധികം നഗരങ്ങള്‍ മാര്‍ച്ച് 31 വരെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.

കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ഇന്നലെയായിരുന്നു തമിഴ്നാട്ടില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ചൊവ്വാഴ്ച്ച വൈകിട്ട് ആറ് മുതല്‍ നിരോധനാജ്ഞ നിലവില്‍ വരും. മാര്‍ച്ച് മുപ്പത്തൊന്ന് വരെയാണ് നിയന്ത്രണങ്ങള്‍. അതിര്‍ത്തികള്‍ അടച്ചിടുമെന്നും കടകമ്പോളങ്ങള്‍ അടച്ചിടുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു.

കോയമ്പത്തൂര്‍ അതിര്‍ത്തിയിലെ 9 ചെക്ക്പോസ്റ്റുകളും തമിഴ്നാട് സര്‍ക്കാര്‍ അടച്ചിടാന്‍ തീരുമാനിച്ചിട്ടുണ്ട്. കൂടാതെ കര്‍ണ്ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ ഇതിനകം തന്നെ അടച്ചിട്ടിട്ടുമുണ്ട്. 12 അതിര്‍ത്തി റോഡുകളാണ് ഇതിനകം തന്നെ അടച്ചിട്ടിട്ടുള്ളത്. ആര്യങ്കാവ് ചെക്ക് പോസ്റ്റിലും തമിഴ്നാട് സര്‍ക്കാര്‍ കര്‍ശന വാഹന പരിശോധന നടത്തുന്നുണ്ട്.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News