എല്‍ ഐ സി മാനേജിംഗ് ഡയറക്റ്റര്‍ പദവിയില്‍ നിന്ന് ടി സി സുശീല്‍ കുമാര്‍ ഇന്ന് വിരമിക്കുന്നു

എല്‍ ഐ സിയുടെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയില്‍ നിന്ന് മലയാളിയായ ടി സി സുശീല്‍ കുമാര്‍ ഇന്ന് സ്ഥാനമൊഴിയുന്നു

Update:2021-01-31 09:00 IST

പൊതുമേഖലാ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയാ എഎല്‍ ഐ സിയുടെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയില്‍ നിന്ന് മലയാളിയായ ടി സി സുശീല്‍ കുമാര്‍ ഇന്ന് വിരമിക്കും. 37 വര്‍ഷത്തെ സേവനത്തിനു ശേഷമണ് അദ്ദേഹം എല്‍ ഐ സിയില്‍ നിന്ന് പടിയിറങ്ങുന്നത്.

ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെയും ആക്‌സിസ് ബാങ്കിന്റെയും ഡയറക്റ്റര്‍ ബോര്‍ഡ് അംഗമായി അദ്ദേഹം തുടരും.

1984ലാണ് പാലക്കാട് വടക്കന്തര സ്വദേശിയായ ടി സി സുശീല്‍കുമാര്‍ എല്‍ ഐ സിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. 2019 മാര്‍ച്ചില്‍ മാനേജിംഗ് ഡയറക്റ്റര്‍ പദവിയിലെത്തി. ഒരു ലക്ഷത്തിലേറെ പുതിയ ഏജന്റുമാരെ അദ്ദേഹം എല്‍ ഐ സിയുടെ ഭാഗമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ ഓരോ കോണിലുമുള്ള കുടുംബങ്ങളിലേക്കും എല്‍ ഐ സി എത്തിക്കാനുതകുന്ന, എല്‍ ഐ സിയുടെ ഉല്‍പ്പന്നങ്ങളുടെ വിപണന രംഗത്ത് നൂതന ഇടപെടലുകള്‍ നടത്തുന്നതിനും സുശീല്‍കുമാര്‍ പ്രത്യേകം ശ്രദ്ധപതിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് എല്‍ ഐ സിയുടെ വിപണി വിഹിതം വന്‍തോതില്‍ മെച്ചപ്പെടുകയും ചെയ്തു. ഓഹരി നിക്ഷേപത്തിലൂടെ റെക്കോര്‍ഡ് ലാഭം എല്‍ ഐ സി നേടിയതും ഇക്കാലത്താണ്.

''എന്റെ സ്‌കൂള്‍ കാലത്ത് വിദ്യാലയങ്ങളില്‍ പോസ്റ്റല്‍ ഡിപ്പാര്‍ട്ട്്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ സഞ്ചയിക പദ്ധതിയും നടത്തിയിരുന്നു. കുട്ടികളില്‍ സമ്പാദ്യശീലം വളര്‍ത്താനുണ്ടായ ആ നല്ല ചുവടുവെപ്പായിരുന്നു അത്. എല്‍ ഐ സിയുടെ മാനേജിംഗ് ഡയറക്റ്റര്‍ പദവിയിലെത്തിയപ്പോള്‍ വലിയ തോതില്‍ രാജ്യം മുഴുവനുള്ള ജനങ്ങളിലേക്ക് ഞാന്‍ എത്തിക്കാന്‍ ശ്രമിച്ച സന്ദേശവും അതാണ്,'' സുശീല്‍ കുമാര്‍ പറയുന്നു.

ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്തിട്ടുള്ള അദ്ദേഹം എല്‍ ഐ സിയുടെ മൗറീഷ്യസ് വിഭാഗത്തിന്റെ മേധാവിയായിരുന്നു. കേരളത്തില്‍ കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിലും ജോലി ചെയ്തിട്ടുണ്ട്.


Tags:    

Similar News