റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ്, സാമ്പത്തിക ഇടപാടുകള്‍ക്ക് ടെക്‌നോളജി വെല്ലുവിളി...
സൈബര്‍ ആക്രമണം ഉള്‍പ്പടെയുള്ള സാങ്കേതിക വെല്ലുവിളികള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍
പുത്തന്‍ സാങ്കേതിക വിദ്യകള്‍ സാമ്പത്തിക പ്രക്രിയക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ ജാഗ്രത പാലിക്കണമെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് മുന്നറിയിപ്പ് നല്‍കി. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ ഘടകങ്ങള്‍ എല്ലാം തൃപ്തികരമാണ്. എന്നാല്‍ അത് ഇനിയും മെച്ചപ്പെടുത്തുക എന്നതാണ് പ്രധാനമെന്നും റിസര്‍വ് ബാങ്കിന്റെ ജൂണ്‍ മാസ സാമ്പത്തിക സുരക്ഷാ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
ടെക്‌നോളജിയും വെല്ലുവിളിയും
സാമ്പത്തിക ഇടപാടുകളുടെ കാര്യക്ഷമതയിലും ജനങ്ങള്‍ക്കുള്ള മികച്ച സേവനത്തിലും ടെക്‌നോളജി ഏറെ സഹായിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അതേ സമയം സാമ്പത്തിക പ്രക്രിയയില്‍ അതിവേഗത്തിലും വ്യാപകമായും തടസങ്ങള്‍ ഉണ്ടാകാന്‍ പുതിയ സാങ്കേതിക വിദ്യകള്‍ കാരണമാകുന്നുണ്ട്. ആഗോള തലത്തില്‍ തന്നെ സൈബര്‍ അക്രമണങ്ങള്‍ സാമ്പത്തിക ഇടപാടുകളെ ആട്ടിമറിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ ചെലുത്തി വരികയാണെന്നും ശക്തികാന്ത് ദാസ് പറഞ്ഞു.
ജനങ്ങള്‍ എന്ത് ചെയ്യണം
സാമ്പത്തിക മേഖലയില്‍ നിക്ഷേപം നടത്തുന്നതിന് ഇതൊന്നും തടസമല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. നിക്ഷേപങ്ങള്‍ക്ക് സാങ്കേതിക വിദ്യയുടെ സഹായം തേടാം. അപ്പോഴും സുരക്ഷാ സംവിധാനങ്ങളെ കുറിച്ച് ഓരോരുത്തരും അറിഞ്ഞിരിക്കണം. ആഗോള സാമ്പത്തിക രംഗം പല തരം വെല്ലുവിളികളെ നേരിടുമ്പോഴും ഇന്ത്യ കരുത്തോടെ പിടിച്ചു നില്‍ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.