ഒരൊറ്റ വാട്‌സാപ്പ് സന്ദേശത്തില്‍ 662 ജീവനക്കാരെ പിരിച്ചുവിട്ട് ഫിഷറീസ് വകുപ്പ്; പ്രതിഷേധത്തില്‍ യുടേണടിച്ച് സര്‍ക്കാര്‍
പത്തു വര്‍ഷത്തിലേറെയായി ജോലിയില്‍ തുടരുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പിരിച്ചുവിട്ടത്
സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള ഫിഷറീസ് വകുപ്പ് വാട്‌സാപ്പ് മെസേജിലൂടെ താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ജനകീയ മല്‍സ്യക്കൃഷിയുമായി ബന്ധപ്പെട്ട പ്രൊജക്ട് കോഡിനേറ്റര്‍മാര്‍, അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍ എന്നിവരെയാണ് വാട്‌സാപ്പിലൂടെ സന്ദേശമയച്ച് ജോലിയില്‍ നിന്ന് ഒഴിവാക്കിയത്. നീക്കത്തിനെതിരേ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.
662 താല്‍ക്കാലിക ജീവനക്കാര്‍ക്കാണ് വാട്‌സാപ്പ് സന്ദേശത്തിലൂടെ ജോലി നഷ്ടമായത്. 565 അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍മാര്‍, നൂറോളം ജനകീയ മല്‍സ്യക്കൃഷി പ്രോജക്ട് കോഡിനേറ്റര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. പലരും ഫീല്‍ഡില്‍ ജോലിയിരിക്കെയാണ് വാട്‌സാപ്പ് വഴി പിരിച്ചുവിടല്‍ വാര്‍ത്ത അറിയുന്നത്. അഞ്ചുമാസത്തോളം ശമ്പളം ലഭിക്കാനുള്ളവരാണ് ഒരൊറ്റ നിമിഷം കൊണ്ട് തൊഴില്‍രഹിതരായി മാറിയത്.
പ്രൊജക്ട് കോഡിനേറ്റര്‍മാര്‍ക്ക് നാലു മാസത്തെയും പ്രമോട്ടര്‍മാര്‍ക്ക് നാലുമാസത്തെയും ശമ്പളം ലഭിക്കാനുണ്ട്. പലരും സ്വന്തം കൈയില്‍ നിന്ന് പണമെടുത്താണ് ഫീല്‍ഡിലടക്കം ജോലി ചെയ്യുന്നത്. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ സര്‍ക്കാര്‍ തീരുമാനം താല്‍ക്കാലികമായി മരവിപ്പിച്ചിട്ടുണ്ട്.
ശമ്പളം കിട്ടാക്കനി
പത്തു വര്‍ഷത്തിലേറെയായി ജോലിയില്‍ തുടരുന്നവര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പിരിച്ചുവിട്ടത്. കാലാവധി കഴിയുന്നവര്‍ക്ക് പുനര്‍നിയമനം നല്‍കുന്നതായിരുന്നു രീതി. പ്രൊജക്ട് കോഡിനേറ്റര്‍മാര്‍ക്ക് പ്രതിമാസം 30,000 രൂപയും പ്രമോട്ടര്‍മാര്‍ക്ക് ദിവസം 675 രൂപയുമാണ് വേതനം. മുമ്പ് മാസത്തില്‍ 25 പ്രവൃത്തിദിവസം പ്രമോട്ടര്‍മാര്‍ക്ക് ലഭിച്ചിരുന്നു. ഇപ്പോഴത് 21 ദിവസമാക്കി ചുരുക്കിയിരുന്നു. ശമ്പളം ലഭിക്കാതായതോടെ പലരും ജോലി ഉപേക്ഷിച്ച് പോകുന്നുണ്ട്.