ടെക് വമ്പന്മാര്‍ക്ക് കടിഞ്ഞാണിട്ട് ചൈനീസ് ഭരണകൂടം

ആലിബാബക്ക് 280 കോടി ഡോളര്‍ പിഴയിട്ടതോടെ വെല്ലുവിളി നേരിട്ട് ചൈനീസ് കമ്പനികള്‍

Update:2021-04-12 16:57 IST

വന്‍കിട ടെക് കമ്പനികള്‍ക്ക് വെല്ലുവിളിയായി ചൈനീസ് ഭരണകൂടത്തിന്റെ പുതിയ നീക്കം. രാജ്യത്തെ കുത്തക നിയമം ലംഘിച്ചതിന് ജാക് മാ യുടെ ആലിബാബ ഗ്രൂപ്പിന് 280 കോടി ഡോളര്‍ റെക്കോഡ് പിഴ ചുമത്തിയതിന് പിന്നാലെ ചൈനീസ് ഭരണകൂടം ടെക്ക് രംഗത്തെ വന്‍കിട കമ്പനികളില്‍ പിടിമുറുക്കുന്നു. കുത്തക വിരുദ്ധനയം കര്‍ശനമാക്കുന്നതിന് ഈ വര്‍ഷം മുതല്‍ മുന്‍ഗണന നല്‍കുമെന്നാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രഖ്യാപനം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്കുള്ള ഭരണകൂടത്തിന്റെ നേരിട്ടുള്ള ഇടപെടലുകള്‍ ടെക് രംഗത്ത് വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

രാജ്യത്തെ വന്‍കിട സാങ്കേതിക സ്ഥാപനങ്ങളുടെ മേല്‍നോട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ചൈനീസ് പാര്‍ലമെന്റ് വിവിധ കമ്പനികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ലോകത്തിലെ തന്നെ പ്രമുഖ ഗെയിമിംഗ് കമ്പനികളിലൊന്നായ ടെന്‍സന്റ് ഹോള്‍ഡിംഗ്‌സിന്റെ സ്ഥാപകന്‍ പോണി മാ ഉപഭോക്തൃ അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്ന ആരോപണത്തെ തുടര്‍ന്ന് കമ്പനിയുടെ സുരക്ഷാ നിയന്ത്രണം ഏറ്റെടുക്കാന്‍ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. ടെന്‍സെന്റിന്റെ വരുമാനത്തില്‍ കഴിഞ്ഞ ആഴ്ച വലിയ ഇടിവ് നേരിട്ടതായി റിപ്പോര്‍ട്ടുണ്ട്. ഈ കോമേഴ്‌സ് രംഗത്ത് ആലിബാബയുടെ ബിസിനസ് പങ്കാളിയായിരുന്ന ആന്‍ഡ് ഗ്രൂപ്പിന്റെ കഴിഞ്ഞ ഒക്ടോബറിലുണ്ടായിരുന്ന 30,000 കോടി ഡോളര്‍ മൂല്യം 20,000 കോടി ഡോളറായി ചുരുങ്ങിയത് പ്രതിസന്ധിയുടെ തോത് വ്യക്തമാക്കുന്നു. വന്‍കിട സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഷവോമിയുടെ ഓഹരിവില 20 ശതമാനത്തിലധികം ഇടിഞ്ഞതും വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഫുഡ് ഡെലിവറി രംഗത്തെ ഭീമന്മാരായ മീടൂ വാനിന്റെ ഓഹരികള്‍, കഴിഞ്ഞവര്‍ഷം ലാഭം ഇരട്ടി ആയിട്ടും കമ്പനിയുടെ മൂല്യം നാലിലൊന്നായി ചുരുങ്ങിയതും ശ്രദ്ധേയമായിരുന്നു.

ഡാറ്റാ സുരക്ഷയുമായി ബന്ധപ്പെട്ട് ടെക് കമ്പനികളില്‍ ഭരണകൂടം ഏര്‍പ്പെടുത്തുന്ന പുതിയ നിയന്ത്രണങ്ങളും, കമ്പനികളുടെ ആസ്തി വ്യക്തമാക്കുന്നതിനുള്ള നിയമ ഭേദഗതികളും ചൈനീസ് ടെക് ഭീമന്‍മാര്‍ക്ക് വെല്ലുവിളിയാണ്. ആലിബാബ,ബൈഡു,ബിലിബിലി,പിന്‍ഡുവോ തുടങ്ങിയ ചൈനീസ് ടെക് ഭീമന്മാര്‍ക്ക് അമേരിക്കയില്‍നിന്നുള്ള നിക്ഷേപകരില്‍ വലിയ കുറവുണ്ടായത് ഇതിന് കാരണമായി. അടുത്ത അഞ്ചുവര്‍ഷത്തിനുള്ളില്‍ സാങ്കേതിക രംഗത്ത് ശക്തമായ സാന്നിധ്യമായി മാറാനുള്ള ചൈനയുടെ പദ്ധതികളായാണ് പുതിയ നയങ്ങള്‍ വിലയിരുത്തപ്പെടുന്നത്. പുതിയ മാസ്റ്റര്‍ പ്ലാന്‍ ലോകത്തിലെതന്നെ ഏറ്റവും നൂതനവും മൂല്യവത്തായതുമായ വ്യവസായങ്ങളെ സൃഷ്ടിക്കുമെന്നാണ് ചൈന പ്രതീക്ഷിക്കുന്നത്.

ചൈനീസ് ടെക് കമ്പനികള്‍ക്ക് ചൈനക്കാര്‍ക്കിടയിലുണ്ടായ വലിയ സ്വീകാര്യത, പ്രസിഡന്റ് ഷി ജിന്‍പിങ് അടക്കമുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം അവരുടെ അധികാരത്തോടുള്ള വെല്ലുവിളിയായി കണ്ട്, കമ്പനികളെ കടിഞ്ഞാണിടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കോര്‍പ്പറേറ്റ് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളുടെ സ്വകാര്യതയെ ദോഷകരമായി ബാധിക്കുമെന്നും, ആപ്ലിക്കേഷനുകള്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും, കമ്പനികള്‍ തങ്ങളുടെ വിപണിയിലെ ശക്തി ദുരുപയോഗം ചെയ്യുന്നുവെന്നും രാജ്യത്ത് പ്രചരണം നടക്കുന്നുണ്ട് .ടെക് കമ്പനി ഉടമകള്‍ ബിസിനസ്സില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും, രാഷ്ട്രീയത്തെക്കുറിച്ചോ, സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചോ, അഭിപ്രായപ്രകടനം നടത്തേണ്ടതില്ലെന്നും ഹോങ്കോങ്ങിലെ സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. പൊതു രംഗത്ത് സജീവമായിരുന്ന അലിബാബ ഉടമ ജാക് മാ പൊതുപരിപാടികളില്‍ നിന്ന് വിട്ടു നിന്നതും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ഡാറ്റാ സുരക്ഷയിലെ പുതിയ നിയമങ്ങളും, ഉടമസ്ഥാവകാശത്തിന്റെ നിയന്ത്രണങ്ങളും ദേശസാല്‍ക്കരണത്തിന് കാരണമായേക്കാം. ഉപയോക്താക്കളുടെ വായ്പ തിരിച്ചടവ് മുതല്‍ അവരുടെ യാത്രാ ചരിത്രങ്ങള്‍, ചെലവ് ശീലങ്ങള്‍ എന്നിവ വരെ വിലയിരുത്തുന്ന ലോകത്തിലെ ഏറ്റവും വലുതും നൂതനവുമായ ചില ഡാറ്റാബേസുകള്‍ ചൈനയിലെ ഡിജിറ്റല്‍ സ്ഥാപനങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഫേസ്ബുക്കിനും ഗൂഗിളിനും തുല്യമായി ചൈനയില്‍ ആന്‍ഡ് മാത്രം, ഒരു ബില്യണിലധികം ആളുകളുടെ ഡാറ്റ സൂക്ഷിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു. ചൈനീസ് ടെക് സ്ഥാപനങ്ങളില്‍ വിദേശികള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലെന്ന് ഉറപ്പ് വരുത്തുകയാണ് ഗവണ്‍മെന്റിന്റെ ലക്ഷ്യം. എച്ച്എന്‍എ പോലുള്ള പരമ്പരാഗത കമ്പനികള്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അത്തരം ചില ഓഹരികള്‍ ഒഴിവാക്കാന്‍ നിര്‍ബന്ധിതരായിട്ടുണ്ട്.



Tags:    

Similar News