കോവിഡ് വാക്‌സീന് പാര്‍ശ്വഫലമുണ്ടെന്ന് സമ്മതിച്ച് കമ്പനി; രക്തം കട്ടപിടിക്കുന്ന അപൂര്‍വരോഗം

യു.കെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍, വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ആദ്യം വാദിച്ച കമ്പനി പിന്നീട് നിലപാട് മാറ്റുകയായിരുന്നു

Update:2024-04-30 11:30 IST

Image courtesy: canva

കോവിഷീല്‍ഡ് കോവിഡ് വാക്‌സീന്‍ സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കുന്നതു പോലുള്ള പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകുമെന്ന റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമ്മതിച്ച് യു.കെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ അസ്ട്രാസെനക. ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനകയും ചേര്‍ന്ന് വികസിപ്പിച്ചതാണ് കോവിഷീല്‍ഡ് വാക്‌സീന്‍. സെറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇന്ത്യയില്‍ ഇത് വിതരണം ചെയ്തത്. 

നിയമനടപടികള്‍ ആരംഭിച്ചത്

2021 ഏപ്രിലില്‍ യു.കെ സ്വദേശിയായ ജെയ്മി സ്‌കോട്ടിന് വാക്സിന്‍ എടുത്തതിന് പിന്നാലെ മസ്തിഷ്‌കാഘാതം സംഭവിച്ചതോടെയാണ് നിയമനടപടികള്‍ ആരംഭിച്ചത്. വാക്സിന്‍ എടുത്ത ശേഷം തന്റെ രക്തം കട്ടപിടിക്കുന്നതായും രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം ഗണ്യമായി കുറയുന്നതായും ചൂണ്ടിക്കാട്ടി മെഡിക്കല്‍ റിപ്പോര്‍ട്ടുകള്‍ സഹിതം ജാമി സ്‌കോട്ട് നിയമനടപടി ആരംഭിക്കുകയായിരുന്നു. 

പിന്നീട് കമ്പനി നിര്‍മിച്ച വാക്സിനുകള്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി വിവിധ രാജ്യങ്ങളില്‍ നിന്നും  നിരവധിപ്പേര്‍ പരാതിപ്പെടുകയും കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. യു.കെയിലാണ് കൂടുതല്‍ പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയതും കമ്പനിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതും. 100 മില്യന്‍ പൗണ്ട് നഷ്ടപരിഹാരം ആവശ്യപ്പെട്ട് 51 കേസുകളാണ് കമ്പനിക്കെതിരെ യു.കെ ഹൈക്കോടതിയിലുള്ളത്.

സമ്മതിച്ച് കമ്പനി

യു.കെ ഹൈക്കോടതിയില്‍ നടക്കുന്ന കേസില്‍, വാക്സിന് പാര്‍ശ്വഫലങ്ങള്‍ ഇല്ലെന്ന് ആദ്യം വാദിച്ച കമ്പനി പിന്നീട് നിലപാട് മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് യു.കെയിലെ കോടതിയില്‍ നല്‍കിയ വിശദീകരണത്തിലാണ് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാകാമെന്ന് കമ്പനി സമ്മതിച്ചിരിക്കുന്നത്.

വാക്‌സീന്‍ സ്വീകരിച്ചവര്‍ക്ക് അപൂര്‍വ സന്ദര്‍ഭങ്ങളില്‍ രക്തം കട്ടപിടിക്കുകയും (ത്രോംബോസിസ്) പ്ലേറ്റ്‌ലറ്റ് കുറയുകയും ചെയ്യുന്ന സ്ഥിതി (ത്രോംബോസൈറ്റോപീനിയ) ഉണ്ടാകാമെന്ന് അസ്ട്രാസെനക കോടതിയില്‍ നല്‍കിയ രേഖകളില്‍ പറയുന്നു. അപൂര്‍വം അവസരങ്ങളില്‍ മസ്തിഷ്‌കാഘാതം, ഹൃദയാഘാതം എന്നിവക്ക് ഇത് കാരണമായേക്കാമെന്ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ കമ്പനി വ്യക്തമാക്കി.

Tags:    

Similar News