ദി ഫ്രസ്‌ട്രേറ്റഡ് ഡ്രോപ്പ് ഔട്ട്; ഇവിടെയുണ്ട് ബിറ്റ്‌കോയിന്‍ സ്വീകരിക്കുന്ന ചായക്കടക്കാരന്‍
ക്രിപ്‌റ്റോ ലോകത്തെ ജുന്‍ജുന്‍വാലയായി താന്‍ മാറുമെന്നായിരുന്നു ശുഭമിന്റെ പ്രതീക്ഷ. നിക്ഷേപത്തില്‍ നേരിട്ട തിരിച്ചടിയാണ് ദി ഫ്രസ്‌ട്രേറ്റഡ് ഡ്രോപ്പ് ഔട്ടിന് എന്ന ചായക്കട തുടങ്ങാന്‍ കാരണം
ഹരിയാനയിലെ ഇന്ദിരാ ഗാന്ധി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി ആയിരിക്കെയാണ് ശുഭം സെയ്‌നി (Shubham Saini) ബംഗളൂരില്‍ എത്തുന്നത്. ഇന്ന് The Frustrated DropOut എന്ന പേരില്‍ ഒരു ചായക്കട നടത്തുകയാണ് 22കാരനായ ശുഭം. ബിറ്റ്‌കോയിന്‍ (Bitcoin) സ്വീകരിക്കുന്ന ചായക്കട എന്ന നിലയില്‍ ക്രിപ്‌റ്റോ നിക്ഷേപകര്‍ക്കിടയില്‍ പ്രശസ്തമാണ് ശുഭത്തിന്റെ ചായക്കട.
ക്രിപ്‌റ്റോ (Crypto) നിക്ഷേപത്തില്‍ നേരിട്ട തിരിച്ചടിയാണ് ദി ഫ്രസ്‌ട്രേറ്റഡ് ഡ്രോപ്പ് ഔട്ടിന് നിമിത്തമായത്. 2020ല്‍ ശുഭം ക്രിപ്‌റ്റോയില്‍ നിക്ഷേപിച്ചത് 1.5 ലക്ഷം രൂപയാണ്. അധികം താമസിയാതെ പോര്‍ട്ട്‌ഫോളിയോ 1000 ശതമാനത്തിന്റെ നേട്ടമാണ് നല്‍കിയത്. നിക്ഷേപത്തിന്റെ മൂല്യം 30 ലക്ഷമായി ഉയര്‍ന്നു. ഒരു വിദ്യാര്‍ത്ഥിയായിരുന്ന തന്നെ സംബന്ധിച്ച് അത് വലിയ നേട്ടമായിരുന്നെന്ന് ശുഭം പറയുന്നു.
ക്രിപ്‌റ്റോയില്‍ നിന്ന് നേട്ടമുണ്ടായതോടെ ബിസിഎ പഠനവും ഉപേക്ഷിച്ചു. ക്രിപ്‌റ്റോ ലോകത്തെ ജുന്‍ജുന്‍വാലയായി (Rakesh Jhunjhunwala) താന്‍ മാറുമെന്നായിരുന്നു ശുഭമിന്റെ പ്രതീക്ഷ. എന്നാല്‍ 2021 ഏപ്രിലില്‍ കാര്യങ്ങള്‍ മാറി. ക്രിപ്‌റ്റോ വിപണി ഇടിഞ്ഞതോടെ ശുഭമിന്റെ നിക്ഷേപം 90 ശതമാനത്തോളം ഇടിഞ്ഞു. എവിടെ തുടങ്ങിയോ അവിടേക്ക് തന്നെ തിരിച്ചെത്തി.
വീട്ടുകാരോട് പണം ചോദിക്കാനുള്ള ബുദ്ധിമുട്ട് കാരണം ആദ്യം ഐഫോണ്‍ വിറ്റു. പല ശ്രമങ്ങള്‍ക്കൊടുവില്‍ ആണ് ചായക്കട തുടങ്ങുന്നത്. ഇപ്പോള്‍ ഓരോ ആഴ്ചയും ശരാശരി 20 പേരെങ്കിലും പുതുതായി ബിറ്റ്‌കോയിന്‍ (Bitcoin) ഉപയോഗിച്ച് ഇടപാട് നടത്തുന്നുണ്ടെന്നാണ് ശുഭം പറയുന്നത്. ക്യൂആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ബിറ്റ്‌കോയിനില്‍ പേയ്‌മെന്റ് ചെയ്യാം. ഡോളര്‍-രൂപ വിനിയമയ നിരക്ക് സുചിപ്പിക്കുന്ന ഒരു ബോര്‍ഡും ചായക്കടയില്‍ ഉണ്ട്. ബംഗളൂരു മാറാത്തഹള്ളിയലാണ് ശുഭമിന്റെ ഈ കുഞ്ഞന്‍ ചായക്കട.