ഓണവിപണിയില്‍ സപ്ലൈകോയ്ക്കും നേട്ടം, എത്തിയത് 26 ലക്ഷം പേര്‍, വില്‍പ്പന 123.46 കോടി

വില്‍പ്പനയില്‍ പകുതിയോളം സബ്‌സിഡി ഇനങ്ങള്‍

Update:2024-09-19 12:14 IST

facebook.com/Supplycoofficial

ഓണക്കാലത്ത് പൊതുവിപണിയില്‍ സപ്ലൈകോയ്ക്കും നേട്ടം. സെപ്തംബര്‍ ഒന്ന് മുതല്‍ തിരുവോണ തലേന്ന് വരെ സംസ്ഥാനത്തെ സപ്ലൈകോ കടകളില്‍ ഷോപ്പിംഗിനെത്തിയത് 26.24 ലക്ഷം പേരാണ്. ഓണ വിപണിയില്‍ വിലക്കയറ്റം പിടിച്ചു നിര്‍ത്തുകയെന്ന ലക്ഷ്യത്തോടെ നടത്തിയ ഇടപെടലില്‍ കോര്‍പ്പറേഷന് 123.46 കോടി രൂപയുടെ വിറ്റുവരവുണ്ടായി. കോര്‍പ്പറേഷന്റെ സ്ഥിരം ഷോപ്പുകള്‍ക്ക് പുറമെ ഓണക്കാലത്ത് പ്രത്യേകമായി ആരംഭിച്ച വിപണന മേളകളിലുമായാണ് ഈ കണക്കുകള്‍. 14 ജില്ലകളിലെ മേളകളില്‍ 4.6 കോടി രൂപയാണ് വിറ്റുവരവ്. ഓണക്കാലത്ത് ഏര്‍പ്പെടുത്തിയ ഡീപ് ഡിസ്‌കൗണ്ട് സെയിലിന് മികച്ച പ്രതികരണം ലഭിച്ചതായാണ്  വിലയിരുത്തല്‍. സെപ്തംബര്‍ ആറ് മുതല്‍ 14 വരെയായിരുന്നു പ്രത്യേക ഡിസ്‌കൗണ്ട് സെയില്‍. ഇക്കാലത്ത് 1.57 ലക്ഷം പേര്‍ സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റുകളും ഓണം ഫെയറുകളും സന്ദര്‍ശിച്ചു.

വില്‍പ്പന കൂടുതല്‍ തിരുവനന്തപുരത്ത്

തിരുവനന്തപുരത്താണ് ഓണക്കാലത്ത് കൂടുതല്‍ വില്‍പ്പന നടന്നത്. 68.01 ലക്ഷം രൂപയാണ് ജില്ലയില്‍ നിന്നുള്ള വരുമാനം. ഇതില്‍ 39.12 ലക്ഷം രൂപ സബ്‌സിഡി ഇനങ്ങളുടെ വില്‍പ്പനയില്‍ നിന്നാണ്. 42,29 ലക്ഷം രൂപയുടെ വില്‍പ്പന നടന്ന തൃശൂര്‍ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. കൊല്ലം ജില്ല (40.95 ലക്ഷം) മൂന്നാമതും കണ്ണൂര്‍ ജില്ല(39.17 ലക്ഷം) നാലാമതുമാണ്. സപ്ലൈകോയുടെ മൊത്തം വിറ്റുവരവില്‍ പകുതിയോളം സബ്‌സിഡി ഇനങ്ങളുടെ വില്‍പ്പനയില്‍ നിന്നാണ്. 66.83 കോടി രൂപയാണ് ഇതുവഴി ലഭിച്ചത്. സബ്‌സിഡി ഇല്ലാത്ത ഇനങ്ങളുടെ വില്‍പ്പനയിലൂടെ 56.73 കോടി രൂപയാണ് വരുമാനം. കോര്‍പ്പറേഷന്റെ മദ്യ വില്‍പ്പന ശാലകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം കൂടാതെയാണിത്. മദ്യവില്‍പ്പനയിലൂടെ 916.54 കോടി രൂപയാണ് ഓണക്കാലത്ത് സപ്ലൈകോയ്‌ക്ക് ലഭിച്ചത്.

Tags:    

Similar News