ബംഗ്ലാദേശിന് മോശം സമയം; മുതലെടുക്കാന്‍ ഇന്ത്യ; റെഡിമെയ്ഡ് കയറ്റുമതിയില്‍ കുതിപ്പ്

രാഷ്ട്രീയ പ്രതിസന്ധി മൂലം റെഡിമെയ്ഡ് ഫാക്ടറികള്‍ അടഞ്ഞു കിടക്കുന്നു

Update:2024-10-21 15:02 IST


ബംഗ്ലാദേശിലെ രാഷ്ട്രീയ അസ്ഥിരത അവരുടെ വിപണിയെ തളര്‍ത്തുമ്പോള്‍ ഗുണകരമാകുന്നത് ഇന്ത്യക്ക്. റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യക്കുണ്ടായ കുതിപ്പിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത് ബംഗ്ലാദേശിലെ പ്രതിസന്ധികളാണ്. ആഗോള റെഡിമെയ്ഡ് വിപണിയില്‍ കരുത്തരായിരുന്ന ബംഗ്ലാദേശ് ഇപ്പോള്‍ പിന്നോട്ടാണ്. ഇന്ത്യയാകട്ടെ സെപ്തംബറില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17.3 ശതമാനം നേട്ടമുണ്ടാക്കി. പ്രമുഖ കയറ്റുമതി രാജ്യങ്ങള്‍ ആഗോള സാമ്പത്തിക പ്രതിസന്ധി മൂലം തിരിച്ചടി നേരിടുമ്പോഴാണ് ഇന്ത്യന്‍ കമ്പനികള്‍ നേട്ടമുണ്ടാക്കുന്നത്. ബംഗ്ലാദേശില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തെ തുടര്‍ന്നുണ്ടായ അക്രമങ്ങള്‍ക്ക് ശേഷം നിരവധി റെഡിമെയ്ഡ് നിര്‍മാണ കമ്പനികള്‍ അടച്ചിട്ടിരിക്കുകയാണ്. ഇവ തുറക്കാന്‍ വൈകിയാല്‍ ആഗോള തലത്തില്‍ ബംഗ്ലാദേശിന് വലിയ നഷ്ടമുണ്ടാകുമെന്നാണ് വിപണിയിലെ വിലയിരുത്തല്‍. ചൈനക്ക് പിന്നിലായി ബംഗ്ലാദേശാണ് റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയില്‍ ലോകത്ത് രണ്ടാം സ്ഥാനത്തുള്ളത്.

ഇന്ത്യയുടെ കയറ്റുമതി 1,640 കോടി രൂപ കടക്കും

പുതിയ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള റെഡിമെയ്ഡ് കയറ്റുമതി മൂല്യം വൈകാതെ 200 മില്യണ്‍ ഡോളര്‍ (1,640  കോടി രൂപ) കടക്കുമെന്നാണ് കയറ്റുമതി മേഖലയില്‍ നിന്നുള്ള കെയര്‍റേറ്റിംഗ് ഡാറ്റകള്‍ സൂചിപ്പിക്കുന്നത്. ഇത് 2,000 കോടി രൂപക്ക് മുകളില്‍ എത്താനും സാധ്യത കാണുന്നുണ്ട്. ഈ രംഗത്ത് ഇന്ത്യ ലോകത്ത് അഞ്ചാം സ്ഥാനത്താണ്. ചൈന, ബംഗ്ലാദേശ്, വിയറ്റ്‌നാം, യൂറോപ്യന്‍ യൂണിയന്‍ എന്നിവരാണ് ഇന്ത്യക്ക് മുന്നിലുള്ളത്. തുര്‍ക്കി, ഇറ്റലി, ഇന്തോനേഷ്യ, കൊളംബിയ എന്നീ രാജ്യങ്ങളും ഇന്ത്യക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.

ബംഗ്ലാദേശില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്താത്ത സാഹചര്യം ഉണ്ടെന്ന് അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സുധീര്‍ സേക്രി പറയുന്നു. ഇന്ത്യന്‍ കമ്പനികള്‍ക്ക് ഇത് കൂടുതല്‍ അവസരങ്ങള്‍ തുറക്കുന്നുണ്ട്. അന്താരാഷ്ട്ര റെഡിമെയ്ഡ് എക്‌സിബിഷനുകളില്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. വിവിധ ഗ്ലോബല്‍ ബ്രാന്റുകള്‍ ഇപ്പോള്‍ ഇന്ത്യന്‍ കമ്പനികളെ തേടിയെത്തുന്നുണ്ട്. സുധീര്‍ സേക്രി വ്യക്തമാക്കി.

Tags:    

Similar News