യുവജനങ്ങളുടെ ഓഹരി നിക്ഷേപം കൂടുന്നു, മുന്നില്‍ മഹാരാഷ്ട്ര; വിപണിയിലെ ട്രെന്റുകള്‍ വിവരിച്ച് രോഹിത് മന്ദോത്ര
ധനം ബിസിനസ് മീഡിയ ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ റീട്ടെയ്ല്‍ നിക്ഷേപകരുടെ റോള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഹെഡ് രോഹിത് മന്ദോത്ര
ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന റീട്ടെയ്ല്‍ നിക്ഷേപകരില്‍ ഭൂരിഭാഗവും 40 വയസില്‍ താഴെയുള്ളവരാണെന്ന് നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഇന്‍വെസ്റ്റര്‍ റിലേഷന്‍സ് ഹെഡ് രോഹിത് മന്ദോത്ര. ഓഹരി നിക്ഷേപം ജനകീയമാകാനും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനും സാധിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ധനം ബിസിനസ് മീഡിയ ബിഎഫ്എസ്‌ഐ സമ്മിറ്റില്‍ ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റില്‍ റീട്ടെയ്ല്‍ നിക്ഷേപകരുടെ റോള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിപണിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണത്തില്‍ യുവാക്കളായവരുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇത് ശുഭസൂചനയാണ്. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യന്‍ ജനസംഖ്യയില്‍ മധ്യവയസിന് താഴെയുള്ളവര്‍ കൂടുതലാണ്. ഇത് ഭാവിയില്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയ്ക്ക് കൂടുതല്‍ ഗുണം ചെയ്യും.
വിപണിയിലെ നിക്ഷേപകരില്‍ മുന്നിലുള്ളത് മഹാരാഷ്ട്രയില്‍ നിന്നുള്ളവരാണ്. 1.7 കോടി നിക്ഷേപകരാണ് ഇവിടെ നിന്നുള്ളത്. ഉത്തര്‍പ്രദേശാണ് രണ്ടാംസ്ഥാനത്ത്. 1.1 കോടി നിക്ഷേപകരാണ് യു.പിയില്‍ നിന്ന് വിപണിയില്‍ സജീവമായുള്ളത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് റീട്ടെയ്ല്‍ നിക്ഷേപകരില്‍ വനിതകളുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. 23 ശതമാനം നിക്ഷേപകരാണ് വനിതകളായുള്ളത്.
40 വയസിന് മുകളിലുള്ള നിക്ഷേപകര്‍ 31 ശതമാനം വരും. ബാക്കി 69 ശതമാവനവും 40 വയസിന് താഴെയുള്ളവരാണ്. പ്രാദേശികമായി എടുത്തു നോക്കുകയാണെങ്കില്‍ 36 ശതമാനം നിക്ഷേപകര്‍ ഉത്തരേന്ത്യയില്‍ നിന്നാണ്. 31 ശതമാനം പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണെന്നും രോഹിത് മന്ദ്രോത്ര കൂട്ടിച്ചേര്‍ത്തു.
രാവിലെ ആരംഭിച്ച ബി.എഫ്.എസ്.ഐ സമ്മിറ്റ് തുടരുകയാണ്. ബാങ്കിംഗ്, ഓഹരി വിപണി, മറ്റ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് മേഖലകളിലെ സാങ്കേതികവും പ്രായോഗികവുമായ അറിവുകളുടെ പങ്കുവെക്കലുകളാണ് സമ്മിറ്റില്‍ പ്രധാനമായി നടക്കുന്നത്. കെ വെങ്കടാചലം അയ്യര്‍ ആന്‍ഡ് കോ ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റ്സ് സീനിയര്‍ പാര്‍ട്ണറും ധനം ബിഎഫ്എസ്ഐ സമിറ്റ് അഡൈ്വസറി കമിറ്റി ചെയറുമായ എ ഗോപാലകൃഷ്ണന്റെ സ്വാഗത പ്രസംഗത്തോടെയാണ് പ്രഭാഷണങ്ങള്‍ക്ക് തുടക്കമായത്. ഉദ്ഘാടന സമ്മേളനത്തില്‍ റിസര്‍വ് ബാങ്ക് ഇന്ത്യ എക്സിക്യൂട്ടിവ് ഡയറക്റ്റര്‍ ജെ കെ ഡാഷ് മുഖ്യപ്രഭാഷണം നടത്തി.