ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങള്‍ക്ക് 'നിരോധനമില്ല'; പ്രചരണങ്ങളെ ചെറുക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്ന് കയറ്റുമതിക്കാര്‍
എഥിലീന്‍ ഓക്‌സൈഡ് (ഇ.ടി.ഒ) ഉപയോഗം സംബന്ധിച്ച് തെറ്റായ പ്രചരണത്തിന് തടയിടാന്‍ സര്‍ക്കാര്‍ പിന്തുണ വേണമെന്ന്
ഇന്ത്യയില്‍ നിന്നുള്ള ചില ബ്രാന്‍ഡുകളുടെ കറിമസാലകള്‍ക്ക് സിംഗപ്പൂരും ഹോങ്കോംഗും നിരോധനം ഏര്‍പ്പെടുത്തിയെന്ന പ്രചരണം തെറ്റാണെന്ന് സ്‌പൈസസ് എക്‌സ്‌പോര്‍ട്ട് സംഘടനകള്‍. നിരോധനമല്ല ഉണ്ടായിരിക്കുന്നത്, ചില ബാച്ചിലെ ഉത്പന്നങ്ങളെ നിരസിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്. ആകെ കയറ്റുമതിയുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമാണിതെന്നും കൊച്ചിയില്‍ നടന്ന പത്രസമ്മേളനത്തില്‍ സുഗന്ധവ്യഞ്ജന കയറ്റുമതി രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷം ഏകദേശം 4.2 ബില്യണ്‍ ഡോളറിന്റെ 14.26 ലക്ഷം ടണ്‍ സുഗന്ധവ്യഞ്ജനങ്ങള്‍ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തു. ഇത്രയും വലിയ അളവ് കയറ്റുമതിയുടെ വെറും ഒരു ശതമാനത്തില്‍ താഴെ നിരസിക്കല്‍ മാത്രമാണ് ഉണ്ടായത്. ഇത് സാധാരണമാണ്. മറ്റു രാജ്യങ്ങളില്‍ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങളും ഇത്തരത്തില്‍ നിരസിക്കാറുണ്ട്.
സ്‌പൈസസ് ബോര്‍ഡിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് മാത്രമാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി നടത്തുന്നത്. നിരസിക്കലുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ അമേരിക്കന്‍ സ്‌പൈസസ് അസോസിയേഷന്‍ എല്ലാവിധ പിന്തുണയും നല്‍കിയിട്ടുണ്ട്. എം.ഡി.എച്ച്, എവറസ്റ്റ് എന്നീ കമ്പനികളുടെ കറിമസാലകളാണ് സിംഗപ്പൂരും ഹോങ്കോംഗും തിരിച്ചയച്ചത്.
ഇ.ടി.ഒ. കീടനാശിനിയല്ല
എഥിലീന്‍ ഓക്‌സൈഡ് (ഇ.ടി.ഒ.) ഉപയോഗം സംബന്ധിച്ച് തെറ്റായ പ്രചരണം നടക്കുന്നത് സുഗന്ധവ്യഞ്ജന രംഗത്തിന് ആശങ്കയുണ്ടാക്കിയിട്ടുണ്ടെന്ന് വ്യവസായികള്‍ പറയുന്നു. എഥിലീന്‍ ഓക്‌സൈഡ് ഉപയോഗം സംബന്ധിച്ച് തെറ്റിദ്ധാരണകള്‍ നീക്കേണ്ടതുണ്ട്. ഇത് ഒരു കീടനാശിനിയല്ല. സുഗന്ധദ്രവ്യങ്ങളിലും ഭക്ഷ്യ ഉത്പന്നങ്ങളിലും അടങ്ങിയിരിക്കുന്ന സാല്‍മൊണെല്ല, ഇ-കൊലൈ തുടങ്ങിയ രോഗാണുക്കളെയും സൂക്ഷ്മജീവികള്‍ മൂലമുണ്ടാകുന്ന മലിനീകരണത്തെയും നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗമാണ്.
ഈ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാകണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെ ഭക്ഷ്യ സുരക്ഷാ-ഗുണനിലവാര നിബന്ധനകള്‍ പാലിച്ചു തന്നെ സുഗന്ധവ്യഞ്ജനങ്ങള്‍ക്ക് ഇടി.ഒ പ്രയോഗം നിയമപ്രകാരം അനുവദിക്കേണ്ടതാണ്. ഇ.ടി.ഒ ഉപയോഗിച്ച് സംസ്‌കരിച്ച സുഗന്ധവ്യഞ്ജനങ്ങള്‍ വിതരണം ചെയ്യാന്‍ ഇന്ത്യന്‍ കയറ്റുമതിക്കാരെ അനുവദിച്ചില്ലെങ്കില്‍ അത് ആഗോള സുഗന്ധവ്യഞ്ജന വിപണിയില്‍ രാജ്യത്തിന്റെ സ്ഥാനത്തെ ദോഷകരമായി ബാധിക്കുമെന്ന് എ.ഐ.എസ്.ഇ.എഫ് ചെയര്‍മാന്‍ സഞ്ജീവ് ബിഷ്ത് പറഞ്ഞു.
ഓള്‍ ഇന്ത്യ സ്പൈസസ് എക്സ്പോര്‍ട്ടേഴ്സ് ഫോറം (എ.ഐ.എസ്.ഇ.എഫ്) സംഘടിപ്പിച്ച പത്രസമ്മേളനത്തില്‍ ഇന്ത്യന്‍ സ്പൈസ് ആന്‍ഡ് ഫുഡ്സ്റ്റഫ് എക്സ്പോര്‍ട്ടേഴ്സ് അസോസിയേഷന്‍ (ഐ.എസ്.എഫ്.ഇ.എ), ഇന്ത്യന്‍ പെപ്പര്‍ ആന്‍ഡ് സ്പൈസ് ട്രേഡ് അസോസിയേഷന്‍ (ഐ.പി.എസ്.ടി.എ), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്പൈസ് സ്റ്റേക്ക്ഹോള്‍ഡേഴ്സ് (എഫ്.ഐ.എസ്.എസ്) എന്നീ പ്രമുഖ അസോസിയേഷനുകള്‍ പങ്കെടുത്തു.
എഐഎസ്ഇഎഫ് വൈസ് ചെയര്‍മാന്‍ ഇമ്മാനുവല്‍ നമ്പുശേരില്‍, വേള്‍ഡ് സ്‌പൈസ് ഓര്‍ഗനൈസേഷന്‍ ചെയര്‍മാന്‍ രാംകുമാര്‍ മേനോന്‍, എ.ഐ.എസ്.ഇ.എഫ് മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ പ്രകാശ് നമ്പൂതിരി, നിശേഷ് ഷാ എന്നിവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
സിംഗപ്പൂരിനും ഹോങ്കോംഗിനും പിന്നാലെ നേപ്പാളും
എം.ഡി.എച്ച്, എവറസ്റ്റ് കമ്പനികളുടെ ചില കറിമസാലകള്‍ ഹോങ്കോംഗും സിംഗപ്പൂരും തിരിച്ചയച്ചിരുന്നു. ഇപ്പോള്‍ നേപ്പാളും ഇരു കമ്പനികളുടെയും ഉത്പന്നങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേപ്പാള്‍ ഫുഡ് ടെക്‌നോളജി ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ വകുപ്പാണ് ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അന്തിമ പരിശോധഫലം വരുന്നതുവരെ നിയന്ത്രണം തുടരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.