ശ്...ശ്...സൈല൯സ്! തിരുവനന്തപുരം വിമാനത്താവളം ഇനി ഒരക്ഷരം മിണ്ടില്ല!
വിവരങ്ങള്‍ ശബ്ദ കോലാഹലങ്ങളില്ലാതെ യാത്രികരെ അറിയിക്കാനുള്ള സൗകര്യമൊരുക്കും
എയര്‍പോര്‍ട്ടിലും റെയില്‍വേ സ്‌റ്റേഷനിലുമുള്ള ശബ്ദ കോലാഹലങ്ങള്‍ നമ്മള്‍ കേള്‍ക്കാറുള്ളതാണ്. അനൗണ്‍സ്‌മെന്റുകളും പൊതുശ്രദ്ധാ സന്ദേശങ്ങളും സദാ വന്നുകൊണ്ടിരിക്കും. സമാധാനമായി എവിടെയെങ്കിലും വിമാനവും കാത്തിരിക്കാമെന്നു വച്ചാല്‍ അത് പലപ്പോഴും കഴിയാറില്ല. എന്നാല്‍ ഇത്തരത്തിലുള്ള ബഹളങ്ങൾ ഇല്ലാത്ത വിമാനത്താവളങ്ങളും ഉണ്ട്, 'സൈലന്റ് എയര്‍പോർട്ടു'കൾ. അത്തരത്തിൽ 'സൈലന്റ് എയര്‍പോര്‍ട്ട്' ആകാനൊരുങ്ങുകയാണ് തിരുവനന്തപുരം വിമാനത്താവളം.
സൈലന്റ് എയര്‍പോര്‍ട്ട് എന്നാൽ ശബ്ദങ്ങള്‍ ഉണ്ട്, ശബ്ദ കോലാഹലങ്ങള്‍ ഇല്ലാത്ത എയര്‍പോര്‍ട്ട്. സൈലന്റ് എയര്‍പോര്‍ട്ടില്‍ ധാരാളം വിളിച്ചു പറയലുകളും ബഹളങ്ങളും ഉണ്ടാകില്ല. പകരം എല്ലാ പ്രധാന ഇടങ്ങളിലും അറിയിപ്പുകള്‍ പ്രദർശിപ്പിക്കും. തിരുവനന്തപുരം വിമാനത്താവളത്തിൽ ടെര്‍മിനല്‍ 1,2 എന്നിവിടങ്ങളിലെ ബോര്‍ഡുകളില്‍ വിമാനയാത്ര അറിയിപ്പുകളെല്ലാം തെളിയും. എന്നാൽ മൈക്കിലൂടെ യാത്ര സംബന്ധിച്ച അത്യാവശ്യത്തിനുള്ള അനൗണ്‍സ്‌മെന്റുകളും ഉണ്ടായിരിക്കും. ബോര്‍ഡിംഗ് ഗേറ്റിലെ മാറ്റം, ഇന്‍ലൈന്‍ ബാഗേജ് സ്‌ക്രീനിംഗ് സിസ്റ്റം എന്നിവയും അറിയിക്കും.
സൈലന്റ് എയർപോർട്ട്
ശബ്ദമലിനീകരണം ഇല്ലാത്ത എയര്‍പോര്‍ട്ടുകളെയാണ് സൈലന്റ് എയര്‍പോര്‍ട്ട് എന്നു പറയുന്നത്. 2017, മെയ് ഒന്നു മുതല്‍ ചെന്നൈ എയര്‍പോര്‍ട്ടിന്റെ ഡൊമസ്റ്റിക് ടെര്‍മിനല്‍ സൈലന്റ് എയര്‍പോര്‍ട്ട് ആയിരുന്നു.
2022 സെപ്റ്റംബര്‍ ഏഴിനാണ് ലഖ്‌നൗ എയര്‍പോര്‍ട്ട് സൈലന്റ് എയര്‍പോര്‍ട്ട് ആയി പ്രഖ്യാപിച്ചത്. ജയ്പൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ഫെബ്രുവരി 2023 മുതല്‍ സൈലന്റ് എയര്‍പോര്‍ട്ട് ആയിരിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. സൂററ്റ്, മുംബൈ എയര്‍പോര്‍ട്ടുകളും അത്തരത്തിൽ പ്രവർത്തിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
കേരളത്തിലെ ആദ്യ 'സൈലന്റ് എയര്‍പോര്‍ട്ട്' ആയിരിക്കും തിരുവനന്തപുരം. സൈലന്റ് എയര്‍പോര്‍ട്ട് അനുഭവവും ഇത്തരത്തിലുള്ള സംവിധാനം സംബന്ധിച്ചുമുള്ള വിവരങ്ങളും അറിയാന്‍ സോഷ്യല്‍ മീഡിയ ക്യാമ്പെയ്ന്‍ നടത്താനും പദ്ധതിയുണ്ട്.