ഈ രാജ്യത്തേക്ക് ഷെന്‍ഗെന്‍ വീസ ലഭിക്കാന്‍ ഇനി ചെലവേറും

സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നവരുടെ സാമ്പത്തിക സ്രോതസ്സും ഉറപ്പാക്കണം

Update:2024-01-05 15:55 IST

Image courtesy: canva

വിനോദസഞ്ചാരികളുടെ പ്രിയ രാജ്യങ്ങളിലൊന്നായ ഫിന്‍ലന്‍ഡിലേക്കുള്ള യാത്രയ്ക്ക് ഇനി ചെലവേറും. ഫിന്‍ലന്‍ഡിലേക്കുള്ള യാത്രക്കാര്‍ക്ക് ഷെന്‍ഗെന്‍ വീസ നേടുന്നതിനായി ബാങ്ക് അക്കൗണ്ടില്‍ കാണിക്കേണ്ട തുക ഫിന്നിഷ് വിദേശകാര്യ മന്ത്രാലയം വര്‍ധിപ്പിച്ചു. ഇനി സഞ്ചാരികള്‍ ഫിന്‍ലന്‍ഡില്‍ ചെലവഴിക്കുന്ന ഓരോ ദിവസവും ബാങ്ക് അക്കൗണ്ടില്‍ കുറഞ്ഞത് 50 യൂറോ (ഏകദേശം 4,500 രൂപ) കാണിക്കണം.

മുമ്പ് ഇത് 20 യൂറോയായിരുന്നു (ഏകദേശം 1,900 രൂപ). ജനുവരി ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു. വര്‍ധിക്കുന്ന ജീവിതച്ചെലവ് കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു.

പ്രൂഫ് ഓഫ് സ്‌പോണ്‍സര്‍ഷിപ്പ്

ബാങ്ക് അക്കൗണ്ടില്‍ കാണിക്കേണ്ട തുകയിലെ വര്‍ധന മാത്രമല്ല ഫിന്‍ലന്‍ഡിലേക്ക് പോകുന്ന യാത്രക്കാര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് നല്‍കുന്നവരുടെ സാമ്പത്തിക സ്രോതസ്സുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്ന സംവിധാനവും മന്ത്രാലയം ആവിഷ്‌കരിച്ചിട്ടുണ്ട്. ഇവിടെ ആതിഥേയന്‍ സ്‌പോണ്‍സര്‍ഷിപ്പ് ഫോം പൂരിപ്പിക്കേണ്ടതുണ്ട്. വീസ അപേക്ഷകന്‍ ബാക്കി അപേക്ഷയോടൊപ്പം ഇതും ഉള്‍പ്പെടുത്തണം. ഫിന്‍ലന്‍ഡില്‍ കുറച്ചുകാലത്തേക്കായി താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുതാര്യമായ സാമ്പത്തികം ഉറപ്പുവരുത്തുകയാണ് ഈ വ്യവസ്ഥ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം അറിയിച്ചു.

സ്വിറ്റ്സര്‍ലന്‍ഡ്, സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി, ഹംഗറി, ഓസ്ട്രിയ തുടങ്ങി യൂറോപ്പിലെ 27 രാജ്യങ്ങള്‍ ഒറ്റ വീസയില്‍ സന്ദര്‍ശിക്കാവുന്ന സൗകര്യമാണ് ഷെന്‍ഗെന്‍ വീസ. നിശ്ചിത കാലയളവില്‍ ഈ 27 രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടങ്ങളില്‍ താമസിക്കാനുമാകും. ഒരു ഇന്ത്യന്‍ പൗരന് 80 യൂറോയാണ് (7,300 രൂപ) ഷെന്‍ഗെന്‍ വീസ ഫീസ്. ആറ് വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് ഈ വീസ ഫീസ് പൂര്‍ണമായും ഒഴിവാക്കിയിട്ടുണ്ട്. ആറിനും 12നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫീസ് 40 യൂറോയാണ് (3,700 രൂപ).

Tags:    

Similar News