ഒന്നര വര്‍ഷം, ബി.എസ്.എന്‍.എല്ലിന് മുന്നില്‍ പുതിയ 'ടാസ്‌ക്' വച്ച് കേന്ദ്രം: ഒന്നാമതെത്താനുള്ള പ്ലാന്‍ 2025ല്‍
ബജറ്റില്‍ ബി.എസ്.എന്‍.എല്ലിന് നല്‍കിയത് 82,916 കോടി
ആകെ വരിക്കാരില്‍ 25 ശതമാനം പേരെ പിടിക്കണം, അടുത്ത വര്‍ഷം 4ജി സേവനങ്ങള്‍ ആരംഭിക്കാനിരിക്കെ ബി.എസ്.എന്‍.എല്ലിനോട് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യമിതാണ്. നിലവില്‍ ആകെ വരിക്കാരുടെ 7.7 ശതമാനമാണ് ബി.എസ്.എന്‍.എല്ലിനുള്ളത്. ഇത് 2025ന്റെ അവസാനമെത്തുമ്പോള്‍ 25 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
സാങ്കേതിക വിദ്യ നവീകരണത്തിനും പുനസംഘടനയ്ക്കുമായി 82,916 കോടി രൂപയാണ് ഇത്തവണത്തെ ബജറ്റില്‍ അനുവദിച്ചത്. ടെലികോം മേഖലയ്ക്ക് ആകെ അനുവദിച്ച 1.28 ലക്ഷം കോടിയില്‍ 64 ശതമാനവും ബി.എസ്.എന്‍.എല്ലിനാണ്. ഈ തുക ഉപയോഗിച്ച് ഒന്നര വര്‍ഷത്തിനുള്ളില്‍ മറ്റ് കമ്പനികള്‍ക്കൊപ്പം ഓടിയെത്തണമെന്നും കേന്ദ്ര നിര്‍ദ്ദേശത്തില്‍ പറയുന്നു.
മുന്നില്‍ ജിയോ
2016ല്‍ ആരംഭിച്ച റിലയന്‍സ് ജിയോയാണ് 40.6 ശതമാനം വരിക്കാരുമായി മുന്നില്‍ നില്‍ക്കുന്നത്. 33.2 ശതമാനവുമായി ഭാരതി എയര്‍ടെല്ലും 18.6 ശതമാനവുമായി വോഡഫോണ്‍-ഐഡിയയുമുണ്ട് പട്ടികയില്‍. 7.7 ശതമാനവുമായി നാലാം സ്ഥാനത്താണ് ബി.എസ്.എന്‍.എല്‍. നേരത്തെ മികച്ച വിപണി സാന്നിധ്യമുണ്ടായിരുന്നെങ്കിലും 4ജി സേവനങ്ങള്‍ ആരംഭിക്കാന്‍ വൈകിയതാണ് ബി.എസ്.എന്‍.എല്ലിന് വിനയായത്.
ആദ്യ ടാസ്‌ക്
ബി.എസ്.എന്‍.എല്‍ സി.എം.ഡിയായി കഴിഞ്ഞ ആഴ്ചയാണ് റോബര്‍ട്ട് ജെറാര്‍ഡ് രവി സ്ഥാനമേറ്റെടുത്തത്. 4ജി, 5ജി സേവനങ്ങള്‍ ലഭ്യമാക്കുന്നതിനൊപ്പം വരിക്കാരുടെ എണ്ണം കൂട്ടാനും പ്രാമുഖ്യം നല്‍കാനാണ് അദ്ദേഹത്തിന് ലഭിച്ച നിര്‍ദ്ദേശം. ഉപയോക്താക്കളുടെ പരാതികള്‍ പരിഹരിക്കാനും സേവനങ്ങള്‍ മെച്ചപ്പെടുത്താനുമായി അദ്ദേഹം മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ഈ വര്‍ഷം അവസാനത്തോടെ 4ജി സേവനങ്ങള്‍ ആരംഭിക്കുന്നതോടെ വരിക്കാരുടെ എണ്ണം 20 ശതമാനത്തിലെത്തിക്കാന്‍ ബി.എസ്.എന്‍.എല്ലിന് കഴിയും.
ഈ വര്‍ഷം അവസാനം 4ജി
ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തിയതും അപ്രതീക്ഷിതമായി കൂടുതല്‍ വരിക്കാരെ ലഭിച്ചതും ബി.എസ്.എന്‍.എല്ലിന്റെ വളര്‍ച്ചയില്‍ കൈത്താങ്ങാണ്. ഇത് 4ജി സേവനങ്ങള്‍ നേരത്തെ എത്തിക്കാന്‍ ബി.എസ്.എന്‍.എല്ലിനെ സഹായിക്കും. തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതിക വിദ്യയിലാണ് 4ജി സേവനങ്ങള്‍ എത്തിക്കുക. ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ സഹായത്തോടെ ഇക്കൊല്ലം ഡിസംബറോടെ ഒരു ലക്ഷം ടവറുകള്‍ കമ്പനി സ്ഥാപിക്കും. കേരളത്തില്‍ നിലവിലുള്ള 6000 ടവറുകള്‍ക്കൊപ്പം 14,000 കൂടി അധികമായി വരും. ഡല്‍ഹി, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത നഗരങ്ങളില്‍ 4ജി സേവനങ്ങള്‍ തയ്യാറാണ്.
5ജി എപ്പോള്‍?
ടെലികോം വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെയും ടെലികോം സെക്രട്ടറി നീരജ് മിത്തലിന്റെയും മേല്‍നോട്ടത്തില്‍ ബി.എസ്.എന്‍.എല്ലിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ വേഗത്തില്‍ പൂര്‍ത്തിയാകുമെന്ന് ഉദ്യോഗസ്ഥര്‍ പ്രത്യാശ പ്രകടിപ്പിച്ചു. 2025ന്റെ ആദ്യ മാസങ്ങളില്‍ തന്നെ 54ജി സേവനങ്ങളും ആരംഭിക്കാനാകുമെന്നാണ് ബി.എസ്.എന്‍.എല്ലിന്റെ പ്രതീക്ഷ.