പ്രതിവര്‍ഷം 99 ദശലക്ഷം യൂണിറ്റ്, സംസ്ഥാനത്തെ 43-ാമത്; തൊട്ടിയാര്‍ ജലവൈദ്യുത പദ്ധതി പ്രവര്‍ത്തനം തുടങ്ങി

കേരളത്തിന് പുറത്ത് കല്‍ക്കരി നിലയം സ്ഥാപിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി

Update:2024-10-28 21:10 IST

image credit : canva

സംസ്ഥാനത്തെ വൈദ്യതിമേഖലയില്‍ പ്രകൃതിസൗഹൃദ സുസ്ഥിര വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടുക്കി ജില്ലയിലെ തൊട്ടിയാര്‍ ജലവൈദ്യുതപദ്ധതി നാടിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2040 ഓടെ കേരളത്തെ സമ്പൂര്‍ണ്ണ പുനരുപയോഗ ഊര്‍ജ്ജഅധിഷ്ഠിത സംസ്ഥാനമാക്കി മാറ്റാനുള്ള ഇടപെടലുകളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. നിലവില്‍ കേരളത്തിന് പ്രതിദിനം ഏകദേശം 4,500 മുതല്‍ 5,000 മെഗാ വാട്ട് വൈദ്യുതി ആവശ്യമുണ്ട്. ഇക്കഴിഞ്ഞ വേനല്‍ക്കാലത്ത്, ആവശ്യകത 5,700 മെഗാവാട്ടിനു മുകളില്‍ പോയി. അഭ്യന്തര ഉല്‍പാദനത്തെ മാത്രം ആശ്രയിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

2030ല്‍ സ്ഥാപിത ശേഷി 10,000 മെഗാവാട്ടാക്കും

തൊട്ടിയാര്‍ പദ്ധതിക്കുപുറമെ ഈ സര്‍ക്കാര്‍ അധികാരത്തില്‍വന്നതിനുശേഷം ഇതുവരെ 48.55 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ജലവൈദ്യുത പദ്ധതികളും 910 മെഗാവാട്ട് ശേഷിയുള്ള സൗരോര്‍ജ്ജ പദ്ധതികളും പുതുതായി നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ഉപഭോഗം കണക്കിലെടുത്ത് 2030 ഓടുകൂടി സ്ഥാപിത ശേഷി 10,000 മെഗാവാട്ട് ആയി ഉയര്‍ത്തുന്നതിനാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. തൊട്ടിയാര്‍ ജലവൈദ്യുതപദ്ധതിക്കു പുറമെ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ സ്‌കീം, ഭൂതത്താന്‍കെട്ട് ചെറുകിട ജലവൈദ്യുത പദ്ധതി, മാങ്കുളം ജലവൈദ്യുത പദ്ധതി, ചിന്നാര്‍ ചെറുകിട ജലവൈദ്യുത പദ്ധതി, ഒലിക്കല്‍ ചെറുകിട ജലവൈദ്യുത പദ്ധതി, പൂവാരംതോട് ചെറുകിട ജലവൈദ്യുത പദ്ധതി, ചെങ്കുളം ഓഗ്മെന്റേഷന്‍ പദ്ധതി, പഴശ്ശി സാഗര്‍ ചെറുകിട ജലവൈദ്യുത പദ്ധതി, അപ്പര്‍ ചെങ്കുളം ചെറുകിട ജലവൈദ്യുത പദ്ധതി എന്നിവയും നടപ്പാക്കിവരികയാണ്. കേരളത്തിന് പുറത്ത് കല്‍ക്കരിനിലയങ്ങള്‍ ആരംഭിക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ജലവൈദ്യുത പദ്ധതികള്‍ക്ക് പുറമെ സൗരോര്‍ജ്ജത്തെയും കേരളത്തിന് പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഇതിനായിട്ടാണ് 'സൗര' പദ്ധതി നടപ്പാക്കുന്നത്. ഇതിന് കീഴില്‍ രണ്ട് ഘട്ടങ്ങളിലായി 203.34 മെഗാവാട്ടിന്റെ 49,402 നിലയങ്ങള്‍ കമ്മീഷന്‍ ചെയ്യാന്‍ കഴിഞ്ഞു. പുറമെ മറ്റു വിവിധ പദ്ധതികളുടെ കീഴില്‍ 1,70,638 നിലയങ്ങള്‍ സ്ഥാപിച്ചതു വഴി സൗരോര്‍ജ്ജത്തിലൂടെ 1,215.68 മെഗാവാട്ട് കൂടി ലഭ്യമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാറ്റില്‍ നിന്നുള്ള വൈദ്യുതോല്‍പാദനവും പ്രോത്സാഹിപ്പിക്കുകയാണ്. കേരളത്തിലെ കാറ്റാടി ഊര്‍ജ്ജ പദ്ധതികളുടെ നിലവിലെ സ്ഥാപിത ശേഷി 71.275 മെഗാവാട്ടാണ് . അതേസമയം കേരളത്തിന് കൈവരിക്കാന്‍ കഴിയുന്ന ശേഷി 2,600 മെഗാവാട്ട് ആയാണ് കണക്കാക്കപ്പെടുന്നത്. അതിലേക്കുള്ള പരിശ്രമങ്ങള്‍ നടത്തുകയാണ്. വൈദ്യുതി വാഹനങ്ങള്‍ക്കായി എല്ലാ ജില്ലകളിലും ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 80 ഫാസ്റ്റ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളാണ് ഇതുവരെ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ 1,169 പോള്‍മൗണ്ടഡ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകളും സ്ഥാപിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഊര്‍ജ്ജ ഉല്‍പാദന, വിതരണ, ഉപയോഗരംഗങ്ങളില്‍ കാര്യക്ഷമതയോടെയുള്ള ഇടപെടലുകളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിവരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതിവര്‍ഷം 99 ദശലക്ഷം യൂണിറ്റ് ശേഷി

പ്രതിവര്‍ഷം 99 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള ജലവൈദ്യുത നിലയമാണ് തൊട്ടിയാറിലേത്. പെരിയാറിന്റെ കൈവഴിയായ ദേവിയാറിലെ ജലമാണ് ഇതിനായി ഉപയോഗിക്കുക. 30 മെഗാവാട്ട്, 10 മെഗാവാട്ട് എന്നീ ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് ഇവിടെയുള്ളത്. ഉത്പാദനം കഴിഞ്ഞാല്‍ ജലം പെരിയാറിലേക്ക് തന്നെ ഒഴുക്കി വിടുന്ന രീതിയില്‍ 188 കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്.
Tags:    

Similar News