ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.13

Update: 2018-12-13 04:27 GMT

1. ജിഎസ്ടി ഭേദഗതി ബിൽ പാസാക്കി

കേരള ജിഎസ്ടി ബിൽ നിയമസഭ പാസാക്കി. ഒന്നരക്കോടി വരെ വിറ്റുവരവുള്ള വ്യാപാരികൾക്ക് കോംപൗണ്ടിങ് നികുതി അടക്കാൻ ഇത് വഴിയൊരുക്കും. മുൻപ് ഒരു കോടി രൂപയായിരുന്നു പരിധി.

2. നാണയപ്പെരുപ്പം 17 മാസത്തെ താഴ്ന്ന നിലയിൽ

ഉപഭോക്‌തൃ വില സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പ നിരക്ക് നവംബറിൽ 2.33 ശതമാനത്തിലെത്തി. 17 മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണിത്. ചില ഭക്ഷ്യ സാധനങ്ങളുടെ വില കുറഞ്ഞതാണ് കാരണം. കഴിഞ്ഞ വർഷം നവംബറിൽ 4.88 ശതമാനമായിരുന്നു നാണയപ്പെരുപ്പ നിരക്ക്.

3. പ്രളയ ബാധിതർക്ക് വായ്പാ ഇളവ്: അവസാന തീയതി ഡിസംബർ 31 വരെ നീട്ടി

പ്രളയ ദുരിതബാധിതരായ വ്യക്തികൾക്കുള്ള വായ്പ ഇളവുകൾ നൽകുന്നതിനുള്ള അവസാന തീയതി ഡിസംബർ 31 വരെ നീട്ടി. വായ്പാ പുനഃക്രമീകരണം ഉൾപ്പെടെയുള്ള ഇളവുകൾക്കാണ് കൂടുതൽ സമയം അനുവദിച്ചിരിക്കുന്നത്. ഇവയ്ക്കുള്ള അപേക്ഷകൾ ഡിസംബർ 20 വരെ നൽകാം.

4. ഇന്ത്യയുടെ വ്യാവസായിക മേഖല 8.1% വളർച്ച രേഖപ്പെടുത്തി

ഇന്ത്യയുടെ വ്യാവസായിക മേഖല ഒക്ടോബർ മാസത്തിൽ 8.1 ശതമാനം വളർച്ച രേഖപ്പെടുത്തി, ഇത് 11 മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ്. ഖനനം, വൈദ്യുതി, ഉത്പന്ന നിർമ്മാണ മേഖലകളുടെ വളർച്ചയാണ് നേട്ടത്തിന് പിന്നിൽ.

5. തിരുവനന്തപുരം വിമാനത്താവളത്തിന് സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ

തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പിന് കൊച്ചി വിമാനത്താവളത്തിന് സമാനമായി സംസ്ഥാനം സ്പെഷ്യൽ പർപ്പസ് വെഹിക്കിൾ (SPV) രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്രത്തിനയച്ച കത്തിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയത്.

Similar News