1. ഭൂമിയുടെ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍
വ്യക്തികളുടെ കൈവശമുള്ള ഭൂമിയുടെ വിവരങ്ങള്‍ അടങ്ങിയ തണ്ടപ്പേര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തവിറക്കി. ആര്‍ഇഎല്‍ഐഎസ് സോഫ്റ്റ് വെയറില്‍ ഭൂവുടമകളുടെ വിവരങ്ങള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കുന്നതിനുള്ള അനുമതി നല്‍കിക്കൊണ്ടാണ് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. ഇതോടെ വിവിധ തണ്ടപ്പേരിലുള്ള ഭൂമികള്‍ ഒരു നമ്പറിലേക്ക് ക്രോഡീകരിക്കപ്പെടും.
2. ഓണ്‍ലൈന്‍ കച്ചവടക്കാരില്‍ നിന്ന് അധിക നികുതി പിരിക്കാനുള്ള നീക്കത്തിനെതിരെ ആമസോണും ഫ്‌ളിപ്കാര്‍ട്ടും
അടുത്ത സാമ്പത്തിക വര്‍ഷം ഓണ്‍ലൈന്‍ കച്ചവടക്കാരില്‍ നിന്ന് അധിക നികുതി പിരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ആമസോണും ഫ്‌ളിപ്കാര്‍ട്ടും. ഏപ്രില്‍ മുതല്‍ ഓണ്‍ലൈന്‍ വ്യാപാരികള്‍ ഓരോ വില്‍പ്പനയുടെയും ഒരു ശതമാനം തുക നികുതിയായി അടയ്ക്കണം എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. രാജ്യം നേരിടുന്ന സാമ്പത്തിക വെല്ലുവിളികളെ മറികടക്കാനും നികുതി വരുമാനം ഉയര്‍ത്താനും ലക്ഷ്യമിട്ടുള്ളതാണ് ഈ നീക്കം.
3. സ്വര്‍ണ ഇറക്കുമതി കുറയുന്നു
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ -ജനുവരി കാലയളവില്‍ രാജ്യത്തേക്കുളള സ്വര്‍ണ ഇറക്കുമതിയില്‍ കുറവ് രേഖപ്പെടുത്തി. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ഒന്‍പത് ശതമാനത്തിന്റെ കുറവാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. 2019 ഏപ്രില്‍ മുതല്‍ 2020 ജനുവരി വരെയുളള സമയത്ത് 24.64 ബില്യണ്‍ ഡോളറിന്റെ (1.74 ലക്ഷം കോടി) സ്വര്‍ണ ഇറക്കുമതിയാണ് നടന്നത്.
4. ഇന്ത്യ- യു.എസ് മിനി കരാറിനു സാധ്യത
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഈ മാസാവസാനത്തെ ഇന്ത്യാ സന്ദര്‍ശനത്തില്‍ വിപുലമായ വാണിജ്യകരാറിനുള്ള സാധ്യത മങ്ങിയതായും 'മിനി' വ്യാപാര കരാറും അമേരിക്കന്‍ കമ്പനികളില്‍ നിന്നുള്ള ഉയര്‍ന്ന നിക്ഷേപ പ്രഖ്യാപനവും ഉണ്ടായേക്കുമെന്നും വ്യവസായ ഗ്രൂപ്പുകള്‍ അറിയിച്ചു.ചില ഉരുക്ക്, അലുമിനിയം ഉല്‍പന്നങ്ങള്‍ക്ക് യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന തീരുവയില്‍ നിന്ന് ഒഴിവാക്കണമെന്നും, കാര്‍ഷിക, ഓട്ടോമൊബൈല്‍, ഓട്ടോ ഘടകങ്ങള്‍, എഞ്ചിനീയറിംഗ്, തുടങ്ങിയ മുന്‍ഗണനാ സമ്പ്രദായത്തിന് കീഴില്‍ ചില ആഭ്യന്തര ഉല്‍പന്നങ്ങളിലേക്ക് കയറ്റുമതി ആനുകൂല്യങ്ങള്‍ പുനരാരംഭിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടേക്കുമെന്നാണ് റിപ്പോര്‍ട്ട്.
5. രാജ്യത്തെ രണ്ടാമത്തെ വലിയ ശതകോടീശ്വര പട്ടം രാധാകിഷന്‍ ദമാനിക്ക്
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ശതകോടീശ്വര പട്ടം ഇനി അവന്യൂ സൂപ്പര്‍മാര്‍ട്ട്സിന്റെ സ്ഥാപകനും ഡിമാര്‍ട്ട് പ്രമോട്ടറുമായ രാധാകിഷന്‍ ദമാനിക്ക് . 1,790 കോടി ഡോളറിന്റെ ആസ്തിയുമായാണ് അദ്ദേഹം ഫോബ്സ് മാഗസിന്റെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 5,740 കോടി ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഒന്നാമത്. ഏഷ്യയിലെയും ഏറ്റവും വലിയ കോടീശ്വരന്‍ മുകേഷാണ്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline