ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഫെബ്രുവരി 10

Update: 2020-02-10 05:26 GMT

1. ഓസ്‌കര്‍: വാക്കിന്‍ ഫീനിക്സ് നടന്‍, റെനെയ് സെല്‍വെഗര്‍ നടി

92 ാമത് ഓസ്‌കര്‍ പുരസ്‌കാര ചടങ്ങുകള്‍ തുടങ്ങി. ജോക്കര്‍ എന്ന ചിത്രത്തിലെ പ്രകടനത്തിന് വാക്കിന്‍ ഫീനിക്സിനെ മികച്ച നടനായി തെരഞ്ഞെടുത്തു. ജ്യൂഡിയിലെ അഭിനയത്തിന് റെനെയ് സെല്‍വെഗെറാണ് മികച്ച നടിക്കുള്ള പുരസ്‌കാരം നേടിയത്. പാരസൈറ്റിന്റെ സംവിധായകന്‍ ബോങ്ജുന്‍ ഹൂവാണ് മികച്ച സംവിധായകന്‍. വിദേശ ഭാഷാ ചിത്രത്തിനും തിരക്കഥയ്ക്കുമുള്ള പുരസ്‌കാരവും പാരസൈറ്റ് നേടി. ആദ്യമായാണ് ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ഓസ്‌കറില്‍ ഈ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടുന്നത്. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിന് ബ്രാഡ് പിറ്റ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. ലോസ് ആഞ്ജലീസിലെ ഡോള്‍ബി സ്റ്റുഡിയോയാണ് ഓസ്‌കറിന്റെ വേദി

2. ജിഎസ്ടി സ്ലാബ് മാറ്റം വര്‍ഷത്തിലൊരിക്കല്‍ മതിയെന്ന് കേന്ദ്രം

ചരക്ക് സേവന നികുതിയുടെ നിരക്ക് പരിഷ്‌കരണ നടപടികള്‍ വര്‍ഷത്തിലൊരിക്കല്‍ എന്ന നിലയിലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമനാണ് ഇതു സംബന്ധിച്ച് ജിഎസ്ടി കൗണ്‍സിലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവില്‍ മൂന്നു മാസത്തിലൊരിക്കലാണ് ജിഎസ്ടി കൗണ്‍സില്‍ ചേര്‍ന്ന് നിരക്ക് പരിഷ്‌കരിക്കുന്നത്. ഇത് വ്യവസായ മേഖലയിലും സര്‍ക്കാര്‍ തലത്തിലും പ്രശ്നങ്ങളുണ്ടാക്കുന്നതായി കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ അഭിപ്രായപ്പെടുന്നു. ഓരോ മാറ്റവും റീഫണ്ട് സംബന്ധിച്ച ആശയക്കുഴപ്പങ്ങളുണ്ടാക്കുന്നതായി അവര്‍ പറയുന്നു.

എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി ജിഎസ്ടി കൗണ്‍ലിനെ അറിയിച്ചിട്ടില്ലെന്നും ചര്‍ച്ചയില്‍ ഇക്കാര്യം പരിഗണിക്കണമെന്ന് ആവശ്യപ്പെടുക മാത്രമായിരുന്നുവെന്നും അവര്‍ പറഞ്ഞു.

​3. ഇന്ധനവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും കുറഞ്ഞു. പെട്രോള്‍ ലിറ്ററിന് 12 പൈസയും ഡീസലിന് 15 പൈസയുമാമാണ് കുറഞ്ഞത്. കൊച്ചിയില്‍ പെട്രോളിന് ലിറ്ററിന് 74.17 രൂപയും ഡീസലിന് 68.81 രൂപയുമാണ് വില. ഇന്നലെ ഇത് യഥാക്രമം 74.29 രൂപയും 68.96 രൂപയുമായിരുന്നു.

4. കൊറോണ: മരണം 908 കടന്നു

കൊറോണ വൈറസ് ബാധിച്ച് ചൈനയില്‍ മരിച്ചവരുടെ എണ്ണം 908 ആയി ഉയര്‍ന്നു. 40,171 പേര്‍ക്കാണ് ഇതു വരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയിലെ ദേശീയ ആരോഗ്യ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം പുതുതായി 3,062 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്. പുതുവര്‍ഷാവധി കഴിഞ്ഞ് ഇന്ന് ലക്ഷക്കണക്കിനാളുകള്‍ തൊഴിലടങ്ങളിലേക്ക് മടങ്ങുമ്പോള്‍ വലിയ സുരക്ഷാ സന്നാഹങ്ങളാണ് സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്.​

5. ഡല്‍ഹിയില്‍ പോളിംഗ് 62.59 ശതമാനം

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ 62.59 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിലേതിനേക്കാള്‍ നാലു സതമാനത്തോളം കുറവ്. ഡല്‍ഹിയില്‍ നാളെയാണ് വോട്ടെണ്ണല്‍.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News