ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.27

Update: 2018-12-27 04:58 GMT

1. സെൻസെക്‌സിന് 350 പോയ്ന്റ് നേട്ടം; നിഫ്റ്റി 10800 ൽ 

ഓഹരിവിപണിയിൽ വ്യാഴാഴ്ച നേട്ടത്തിന്റെ ദിനം. സെൻസെക്‌സിന് 350 പോയ്ന്റ് നേട്ടത്തോടെ വ്യാപാരം ആരംഭിച്ചു. നിഫ്റ്റി 10800 പോയ്ന്റിലാണ് വ്യാപാരം തുടങ്ങിയത്. യുഎസ്, ഏഷ്യൻ ഓഹരിവിപണികളിലെ പോസിറ്റീവ് ട്രെൻഡാണ് നേട്ടത്തിന് പിന്നിൽ. വേദാന്ത, സൺ ഫാർമ, ബജാജ് ഫിനാൻസ്, ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക് ഓഹരികൾ നേട്ടത്തിലാണ്.

2. ക്രൂഡ് ഓയിൽ 50 ഡോളറിന് താഴേക്ക്

അന്താരാഷ്ട്ര എണ്ണ വില വീണ്ടും കുറയുന്നു. ബ്രെന്റ് ക്രൂഡ് ബാരലിന് 49.93 ഡോളറാണ് ഇപ്പോൾ. ഇത് 2017 ജൂലൈയ്ക്ക് ശേഷം രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും താഴ്ന്ന വിലയാണ്. ആഭ്യന്തര മാർക്കറ്റിൽ ഇന്ധനവില വീണ്ടും കുറഞ്ഞു. ഡൽഹിയിൽ പെട്രോൾ ലിറ്ററിന് 69.74 രൂപയും ഡീസലിന് 63.76 രൂപയുമാണ്.

3. ജിഎസ്ടി: എംഎസ്എംഇ വരുമാന പരിധി 75 ലക്ഷം രൂപയാക്കും 

സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾക്ക് ജിഎസ്ടി ചുമത്തുന്നതിനുള്ള വരുമാന പരിധി 20 ലക്ഷത്തിൽ നിന്ന് 75 ലക്ഷം രൂപയായി ഉയർത്തിയേക്കും. കേന്ദ്ര ധന സഹമന്ത്രി ശിവപ്രതാപ് ശുക്ല അധ്യക്ഷനായ സംസ്ഥാന ധനമന്ത്രിമാരുടെ സമിതി ശുപാർശ ചെയ്തതാണ് നിർദേശം.

4. റിസർവ് ബാങ്ക് കരുതൽ ധന നിർണയ സമിതി അധ്യക്ഷനായി ബിമൽ ജലാൻ 

റിസർവ് ബാങ്കിന്റെ കരുതൽ ധന ശേഖരം വിശകലനം ചെയ്യാനുള്ള സമിതിയുടെ അധ്യക്ഷനായി മുൻ റിസർവ് ബാങ്ക് ഗവർണർ ബിമൽ ജലാനെ നിയമിച്ചു. മുൻ ഡെപ്യൂട്ടി ഗവർണർ രാകേഷ് മോഹനാണ് ഉപാധ്യക്ഷൻ. ആർബിഐ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ഒരു മാസം മുൻപാണ് ഇത്തരമൊരു സമിതി രൂപീകരിക്കാൻ തീരുമാനിച്ചത്. 

5. നോൺ-ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിൽ വർധന 

നോൺ-ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിൽ വൻ വർധന. നവംബറിൽ നോൺ-ലൈഫ് ഇൻഷുറൻസ് രംഗത്തെ 33 കമ്പനികളും കൂടി ശേഖരിച്ച പ്രീമിയം തുകയിൽ കഴിഞ്ഞ വർഷത്തേക്കാൾ 26.5 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.        

Similar News