ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാര്‍ത്തകള്‍; മാര്‍ച്ച് 26

Update: 2020-03-26 05:14 GMT

1.കൊറോണ: ആഗോള വ്യാപകമായി മരണം 21300

കൊറോണ വൈറസ് മൂലം ആഗോളവ്യാപകമായി ഇതുവരെ മരിച്ചവരുടെ എണ്ണം ഏകദേശം 21300 ആയി.ആഗോള സമ്പദ് വ്യവസ്ഥയ്ക്ക് അധിക ആഘാതമേല്‍പ്പിച്ചുകൊണ്ട് അമേരിക്കയിലും കൊറോണ വ്യാപനം രൂക്ഷമാകുകയാണ്. ഇന്ത്യയില്‍ 657 രോഗബാധ സ്ഥിരീകരിച്ചതില്‍ 12 പേര്‍ മരിച്ചു. കേരളത്തില്‍ 114പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

2.ടോള്‍ പിരിവ് നിര്‍ത്തി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ദേശീയപാതകളിലെ ടോള്‍ പിരിവ് താത്കാലികമായി നിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. അടിയന്തിര സര്‍വീസുകള്‍ എളുപ്പമാക്കുന്നതിനാണ് ടോള്‍ പിരിവ് നിര്‍ത്തുന്നതെന്ന് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു.

3.എ.ടി.എമ്മുകളുടെ പ്രവര്‍ത്തനം മുടങ്ങരുതെന്ന് കേന്ദ്ര ധനമന്ത്രാലയം

ബാങ്ക് ജീവനക്കാര്‍ക്ക് ജോലിക്കെത്തുന്നതിനും എ.ടി.എമ്മുകളില്‍ പണം എത്തിക്കുന്നതിനും തടസം വരാതിരിക്കത്തക്കവിധമുള്ള നടപടികള്‍ സ്വീകരിക്കണമെന്ന്് സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക്് കേന്ദ്ര ധനമന്ത്രാലയം പ്രത്യേക നിര്‍ദ്ദേശം നല്‍കി.

4.സമ്പദ്വ്യവസ്ഥ നേരിടുന്നത്് ഒമ്പതു ലക്ഷം കോടിയിലധികം രൂപയുടെ നഷ്ടം

മൂന്നാഴ്ചത്തെ അടച്ചിടല്‍ മൂലം ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയ്ക്ക് ഒമ്പതുലക്ഷം കോടിയിലധികം രൂപയുടെ നഷ്ടമുണ്ടാകുമെന്ന് ബ്രിട്ടീഷ് ബ്രോക്കറേജ് സ്ഥാപനമായ ബാര്‍ക്ലേയ്സ്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ നാലു ശതമാനം വരുമിത്. ഇതു മൂലം സാമ്പത്തികവളര്‍ച്ച മുന്‍ അനുമാനത്തില്‍നിന്ന് 1.7 ശതമാനം കുറഞ്ഞ് 3.5 ശതമാനമായേക്കും.

5.ചെലവുകുറഞ്ഞ ഡയഗ്‌നോസ്റ്റിക് കിറ്റ് തയ്യാറാകുന്നതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം

കൊറോണ വൈറസ് പരിശോധനയ്ക്കായി ചെലവുകുറഞ്ഞതും കൃത്യമായ ഫലം തരുന്നതുമായ ഡയഗ്‌നോസ്റ്റിക് കിറ്റ് രണ്ടോ, മൂന്നോ ആഴ്ചയ്ക്കകം പുറത്തിറക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സി.സി.എം.ബി. (സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മൊളികുലര്‍ ബയോളജി) ഡയറക്ടര്‍ ഡോ. ആര്‍.കെ. മിശ്ര പറഞ്ഞു.ഇതോടെ പരിശോധന ചെലവ് 4500 രൂപയില്‍ നിന്ന് 1,000 രൂപയില്‍ താഴെയാക്കാനാകുമെന്നാണ് പ്രതീക്ഷ.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News