നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 5

Update: 2019-03-05 04:45 GMT

1. 4 ബാങ്കുകൾക്ക് ആർബിഐ 11 കോടി പിഴ ചുമത്തി

ബാങ്ക് പണമിടപാടുകൾക്കായുള്ള ആശയവിനിമയ സംവിധാനമായ സ്വിഫ്റ്റ് മെസ്സേജിങ് സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്നതു സംബന്ധിച്ച മാനദണ്ഡങ്ങളിൽ വീഴ്ച വരുത്തിയതിന് നാല് ബാങ്കുകൾക്ക് ആർബിഐ 11 കോടി രൂപ പിഴ ചുമത്തി. കർണാടക ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക്, കരൂർ വൈശ്യ ബാങ്ക് എന്നിവർക്കാണ് പിഴ. പഞ്ചാബ് നാഷണൽ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ സ്വിഫ്റ്റിന്റെ ദുരുപയോഗം വെളിപ്പെട്ടതിനെ തുടർന്ന്, സംവിധാനം ആർബിഐയുടെ കർശന നിരീക്ഷണത്തിലാണ്.

2. ഒരു രാജ്യം, ഒരു കാർഡ് പദ്ധതിക്ക് തുടക്കം

രാജ്യത്തെവിടെയും യാത്ര അടക്കമുള്ള ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കാർഡ് പുറത്തിറക്കി. 'വൺ നേഷൻ, വൺ കാർഡ്' പദ്ധതിയുടെ ഭാഗമായ നാഷണൽ കോമൺ മൊബിലിറ്റി കാർഡ് (NCMC) പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി. രാജ്യത്തെ 25 പ്രധാന ബാങ്കുകൾ വഴി ലഭിക്കുന്ന പുതിയ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിൽ ഈ സംവിധാനം ഉൾപ്പെടുത്തും.

3. സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന് സാധ്യത, മുന്നറിയിപ്പ്

സംസ്ഥാനത്ത് ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് തിരുവനന്തപുരം കലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കോഴിക്കോട് ജില്ലയില്‍ സ്ഥിതി കൂടുതല്‍ രൂക്ഷമാകും. തൃശ്ശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെ എങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നതിന് ഒഴിവാക്കണം.

4. സൊമാറ്റോയുടെ യുഎഇ ബിസിനസ് ഡെലിവറി ഹീറോയ്ക്ക് വിറ്റു

സൊമാറ്റോയുടെ യുഎഇ ബിസിനസ് ഡെലിവറി ഹീറോയ്ക്ക് വിറ്റു. 172 മില്യൺ ഡോളറിനാണ് വിറ്റത്. 50 മില്യൺ ഡോളറിന്റെ ഇക്വിറ്റി നിക്ഷേപവും കൂടി ചേരുമ്പോൾ മൊത്തം കരാർ തുക 222 മില്യൺ ഡോളർ ആകും. ഖത്തർ, ലെബനാൻ തുടങ്ങിയ രാജ്യങ്ങളിലെ തങ്ങളുടെ ബിസിനസും ഡെലിവറി ഹീറോയ്ക്ക് കൈമാറാനുള്ള ചർച്ചയിലാണ് സൊമാറ്റോ.

5. മാഞ്ചസ്റ്റർ സിറ്റി ഡേ പരേഡിലേക്ക് കേരള ടൂറിസവും

യുകെയിലെ പ്രശസ്തമായ മാഞ്ചസ്റ്റർ സിറ്റി ഡേ പരേഡിലേക്ക് കേരള റെസ്പോൺസിബിൾ ടൂറിസത്തിന്റെ പ്രവർത്തകർക്ക് ക്ഷണം. മൂന്ന് പേരാണ് കേരളത്തെ പ്രതിനിധീകരിച്ച് പരേഡിൽ പങ്കെടുക്കുക. അടുത്ത വർഷം മാഞ്ചസ്റ്റർ സിറ്റിയിൽ ഒരാഴ്‌ച നീളുന്ന കേരള ഫെസ്റ്റും സംഘടിപ്പിക്കും.

Similar News