നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 19

Update: 2019-03-19 05:05 GMT

1. ജെറ്റ് എയർവേയ്സ് അബുദാബിയിലേക്ക് സർവീസ് നിർത്തി

സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ജെറ്റ് എയർവേയ്സ് അബുദാബിയിലേക്കും തിരിച്ചുമുള്ള എല്ലാ സർവീസുകളും നിർത്തി. അബുദാബി ദേശീയ വിമാനക്കമ്പനിയായ എത്തിഹാദ് എയർവേയ്സുമായുള്ള കോഡ്ഷെയറിംഗ് അടിസ്ഥാനത്തിലാണ് ജെറ്റ് സർവീസ് നടത്തിയിരുന്നത്. ജെറ്റിന്റെ ഏറ്റവും വലിയ രണ്ടാമത്തെ ഓഹരിപങ്കാളിയാണ് എത്തിഹാദ്. ജെറ്റിനെ കടക്കെണിയിൽ നിന്ന് രക്ഷിക്കാൻ തങ്ങളുടെ ഓഹരിപങ്കാളിത്തം ഉയർത്തില്ലെന്ന് എത്തിഹാദ് വ്യക്തമാക്കിയിരുന്നു.

2. അനിലിന് രക്ഷകനായി മുകേഷ് അംബാനി

എറിക്‌സൺ കേസിൽ 453 കോടി രൂപ നൽകനാമെന്നുള്ള സുപ്രീംകോടതി വിധിയിൽ റിലയൻസ് കമ്മ്യുണിക്കേഷൻസ് മേധാവി അനിൽ അംബാനിക്ക് രക്ഷകനായത് സഹോദരനും റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനുമായ മുകേഷ് അംബാനി. തുക നൽകിയില്ലെങ്കിൽ കോടതി വിധി അനുസരിച്ച് അനിൽ ജയിലിൽ പോകണമായിരുന്നു. എന്നാൽ തുക അവസാന തീയതിയ്ക്ക് രണ്ടു ദിവസം മുൻപേ മുകേഷ് സഹായഹസ്തം നീട്ടുകയായിരുന്നു.

3. നീരവ് മോദിയെ ലണ്ടനിൽ അറസ്റ്റ് ചെയ്‌തേക്കും

വിവാദ വജ്രവ്യാപാരി നീരവ് മോദിയെ അടുത്ത ആഴ്ച ലണ്ടനിൽ അറസ്റ്റ് ചെയ്‌തേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. വെസ്റ്റ്മിൻസ്റ്റർ മജിസ്‌ട്രേറ്റിന് മുന്നിൽ മോദിയെ ഹാജരാക്കും. കുറച്ചു ദിവസങ്ങൾക്ക് മുൻപ് ലണ്ടൻ കോടതി നീരവ് മോദിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.. എൻഫോഴ്‌സ്‌മെന്റിനെ ഇക്കാര്യം അറിയിക്കുകയും ചെയ്തിട്ടുണ്ട്.

4. ലീലയുടെ 3,950 കോടി രൂപയുടെ ആസ്തികൾ ബ്രുക് ഫീൽഡ് ഏറ്റെടുത്തു

ഹോട്ടൽ ലീല വെൻച്വറിന്റെ 3,950 കോടി രൂപയുടെ ആസ്തികൾ ബ്രൂക് ഫീൽഡ് ഏറ്റെടുത്തു. കാനഡ ആസ്ഥാനമായ പ്രമുഖ അസറ്റ് മാനേജ്മെന്റ് കമ്പനിയാണ് ബ്രൂക് ഫീൽഡ്. 1986-ൽ സി.പി കൃഷ്ണൻ നായരാണ് കമ്പനിയുടെ ആദ്യ ഹോട്ടൽ മുംബൈയിൽ ആരംഭിച്ചത്. വായ്പ കൊടുത്തു തീർക്കാനാകാതെ വന്നതോടെയാണ് കമ്പനി വില്പനക്കൊരുങ്ങിയത്.

5. ഓഹരി വിപണി: നേട്ടത്തോടെ തുടക്കം

ഓഹരി സൂചികകളില്‍ നേട്ടം. ആദ്യ മണിക്കൂറുകളിൽ സെന്‍സെക്‌സ് 108 പോയന്റ് നേടി. നിഫ്റ്റി 18 പോയന്റ് ഉയര്‍ന്ന് 11481 ലാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 557 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 296 ഓഹരികള്‍ നഷ്ടത്തിലുമാണ്. റിലയന്‍സ്, സണ്‍ ഫാര്‍മ, പിഎന്‍ബി, ഭാരതി എയര്‍ടെല്‍, ബിപിസിഎല്‍, എസ്ബിഐ, ആക്‌സിസ് ബാങ്ക്, കാനാറ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

Similar News