നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 29

Update: 2019-03-29 04:52 GMT

1. ഏപ്രിൽ ഒന്നിന് വാഹന നികുതി 1% വർധിക്കും

ഏപ്രിൽ ഒന്നുമുതൽ പുതിയ വാഹനങ്ങളുടെ നികുതി ഒരു ശതമാനം വർധിക്കും. പ്രളയ പുനർനിർമാണത്തിനായി സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സെസിന് വേണ്ടിയാണ് നിരക്കുവർധന. വാഹന വിലക്കനുസരിച്ച് ഒരു ലക്ഷം രൂപ വരെ അധികം നൽകേണ്ടി വരും. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് ഇളവുണ്ട്.

2. സിഎസ്‌ബി ലിസ്റ്റിംഗിന് തയ്യാറെടുക്കുന്നു

ആർബിഐ ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി കാത്തലിക് സിറിയൻ ബാങ്ക് ലിസ്റ്റിംഗിന് തയ്യാറെടുക്കുന്നു. ഡയറക്റ്റ് ലിസ്റ്റിംഗ് അല്ലെങ്കിൽ ഐപിഒ എന്നിങ്ങനെ രണ്ട് മാർഗങ്ങളാണ് പരിഗണനയിലുള്ളത്. കഴിഞ്ഞ ഒക്ടോബറിൽ തൃശൂര്‍ ആസ്ഥാനമായുള്ള കാത്തലിക് സിറിയന്‍ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ കാനഡ ആസ്ഥാനമായുള്ള സാമ്പത്തിക സ്ഥാപനമായ ഫെയര്‍ഫാക്‌സിന് കൈമാറിയിരുന്നു.

3. ബാങ്ക് ഓഫ് ബറോഡയിൽ സർക്കാരിന്റെ 5,042 കോടി ഫണ്ട് ഇൻഫ്യൂഷൻ

ബാങ്ക് ഓഫ് ബറോഡയ്ക്ക് 5,042 കോടി രൂപ ഫണ്ട് നൽകാൻ സർക്കാർ. തീരുമാനത്തിന് പിന്നാലെ ബാങ്കിന്റെ ഓഹരിവില കുതിച്ചു. ഏപ്രിൽ ഒന്നിന് ദേന ബാങ്കും വിജയാ ബാങ്കും ബാങ്ക് ഓഫ് ബറോഡയിൽ ലയിക്കുന്നതിന് തൊട്ടു മുൻപെയാണ് ഫണ്ട് നല്കാൻ സർക്കാർ തീരുമാനിച്ചത്.

4. റെയിൽ വികാസ് നിഗം ഐപിഒ ഇന്നുമുതൽ

പൊതുമേഖലാ കമ്പനിയായ റെയിൽ വികാസ് നിഗത്തിന്റെ (RVNL) ഐപിഒ ഇന്നുമുതൽ. ഓഹരിയൊന്നിന് 17 മുതൽ 19 രൂപവരെയുള്ള പ്രൈസ് ബാൻഡിൽ 25.34 കോടി ഷെയറുകളാണ് ഓഫർ ചെയ്യുന്നത്. 481 കോടി രൂപയുടെ ഐപിഒ ഏപ്രിൽ മൂന്നിന് ക്ലോസ് ചെയ്യും. RITES നും IRCON നും ശേഷം ലിസ്റ്റ് ചെയ്യപ്പെടുന്ന മൂന്നാമത്തെ പൊതുമേഖലാ കമ്പനിയാണ് RVNL.

5. കനേഡിയൻ കമ്പനിയായ ടെറാനെറ്റ് ടെക്നോപാർക്കിലേക്ക്

കാനഡ ആസ്ഥാനമായ ഐടി കമ്പനി ടെറാനെറ്റ് തിരുവനന്തപുരത്ത് പ്രവർത്തനമാരംഭിച്ചു. കമ്പനിയുടെ ഇന്ത്യയിലെ ആദ്യ സോഫ്റ്റ് വെയർ ഡെവലപ്മെന്റ് കേന്ദ്രമാണ് ടെക്നോപാർക്കിൽ ആരംഭിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ലാൻഡ് രജിസ്ട്രേഷനാണ് കമ്പനിയുടെ പ്രവർത്തന മേഖല.

Similar News