നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഏപ്രിൽ 4

Update: 2019-04-04 04:26 GMT

1. ആർബിഐ വായ്പാ നയപ്രഖ്യാപനം ഇന്ന്

ഈ സാമ്പത്തിക വർഷത്തിലെ ആദ്യത്തെ ആർബിഐ വായ്പാ നയപ്രഖ്യാപനം ഇന്ന്. പലിശ നിരക്ക് 25 ബേസിസ് പോയ്ന്റ് കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം. പലിശ നിശ്ചയിക്കുമ്പോൾ കുറഞ്ഞ നാണയപ്പെരുപ്പവും വളർച്ചാനിരക്കും ആർബിഐയുടെ മൊണേറ്ററി പോളിസി കമ്മിറ്റി പരിഗണിക്കുമെന്നാണ് പ്രതീക്ഷ.

2. ഇന്ത്യയുടെ വളർച്ചാ നിരക്ക് കുറയും: എഡിബി

ഇന്ത്യയുടെ വളർച്ചാ നിരക്ക് പ്രതീക്ഷിച്ചതിലും കുറയുമെന്ന് ഏഷ്യൻ ഡെവലപ്പ്മെന്റ് ബാങ്ക് (എഡിബി). 2019-20 സാമ്പത്തിക വർഷത്തിലെ ജിഡിപി 7.2 ശതമാനം വളർച്ച രേഖപ്പെടുത്തുമെന്നാണ് എഡിബിയുടെ ഏറ്റവും പുതിയ റിപ്പോർട്ടിൽ. ഇത് മുൻപ് പ്രവചിച്ച 7.6 ശതമാനം വളർച്ചാ നിരക്കിനേക്കാൾ കുറവാണ്.

3. ബിഎസ്എൻഎൽ 54,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്

പൊതുമേഖലാ ടെലകോം കമ്പനിയായ ബിഎസ്എൻഎൽ 54,000 ജീവനക്കാരെ പിരിച്ചുവിടാൻ തീരുമാനിച്ചതായി റിപ്പോർട്ട്. ഇതിന് കമ്പനി ബോർഡിൻറെ അനുമതി ലഭിച്ചതായി ഡെക്കാൺ ഹെറാൾഡ് റിപ്പോർട്ട് ചെയ്യുന്നു. വിദഗ്ധ പാനൽ സമർപ്പിച്ച 10 നിർദേശങ്ങളിലെ മൂന്നെണ്ണമാണ് ബോർഡ് അംഗീകരിച്ചത്.

4. മാധവൻ കരുണാകരൻ കാത്തലിക് സിറിയൻ ബാങ്ക് ചെയർമാൻ

കാത്തലിക് സിറിയൻ ബാങ്ക് പാർട്ട് ടൈം ചെയർമാനായി മാധവൻ കരുണാകരൻ മേനോനെ നിയമിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി. തോമസ് കുക്ക് ഇന്ത്യ ചെയർമാനും മാനേജിങ് ഡയറക്ടറുമാണ് അദ്ദേഹം.

5. കെൽ: വിറ്റുവരവ് 201 കോടി രൂപ

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനമായ കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എഞ്ചിനീയറിംഗ് ലിമിറ്റഡ് (കെൽ) 201 കോടി രൂപയുടെ വിറ്റുവരവ് നേടി. മുൻ വർഷത്തേക്കാൾ 80 ശതമാനം വളർച്ചയാണ് വിറ്റുവരവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. മാമല യൂണിറ്റിലെ മാത്രം വിറ്റുവരവ് 137 കോടി രൂപയാണ്.

Similar News