നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 20 

Update: 2019-05-20 04:53 GMT

1. എക്സിറ്റ് പോൾ ഫലം: ഓഹരി വിപണി കുതിക്കുന്നു

വ്യാപാര ആഴ്ചയുടെ ആദ്യ ദിനം ഇന്ത്യൻ ഓഹരി വിപണിയിൽ വൻ നേട്ടം. രൂപയും ഉയർന്നു. ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ എൻ.ഡി.എ. കേന്ദ്രഭരണം നിലനിർത്തുമെന്നാണ് എക്സിറ്റ് പോൾ ഫലങ്ങൾ. സെൻസെക്സ് 962 പോയ്ന്റ് ഉയർന്ന് 38,892-ൽ എത്തി. നിഫ്റ്റി 11,694 പോയ്ന്റിൽ കുതിപ്പ് തുടരുന്നു. ഇക്കുറി മുന്നണിക്ക് 242 മുതൽ 336 വരെ സീറ്റാണ് പ്രവചിക്കുന്നത്. ആറാഴ്ച നീണ്ടുനിന്ന തെരഞ്ഞെടുപ്പിന്റെ അവസാന ദിനമായ ഞായറാഴ്ചയാണ് എക്സിറ്റ് ഫലങ്ങൾ പുറത്തുവന്നത്.

2. ഇനി ആമസോൺ വഴി ഫ്ലൈറ്റ് ടിക്കറ്റുകളും

പ്രമുഖ ഇ-കോമേഴ്‌സ് കമ്പനിയായ ആമസോണിന്റെ പ്ലാറ്റ് ഫോം വഴി ഇനി ഫ്ലൈറ്റ് ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. ക്ലിയർട്രിപ്പുമായി ചേർന്നാണ് സേവനം നൽകുന്നത്. നിലവിൽ ആമസോൺ വഴി ഷോപ്പിംഗ്, മണി ട്രാൻസ്ഫർ, യൂട്ടിലിറ്റി ബിൽ പേയ്മെന്റ്. മൊബൈൽ റീചാർജ് എന്നിവ സാധ്യമാണ്.

3. വാവേയ്ക്ക് യുഎസിൽ നിരോധനം, പിന്നാലെ ഗൂഗിൾ നിയന്ത്രണം

ചൈനീസ് ഇലക്ട്രോണിക്‌സ് കമ്പനിയായ വാവേയ്ക്ക് അമേരിക്കന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയ വ്യവസായ നിയന്ത്രണം മൂലം വാവേയ്ക്ക് നല്‍കി വന്നിരുന്ന പിന്തുണ പിന്‍വലിക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു. ഇനി മുതൽ വാവേ ആന്‍ഡ്രോയിഡ് ഫോണുകളില്‍ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റുകള്‍ ലഭിക്കില്ല. വാവേയെ യു.എസ്. വാണിജ്യ വകുപ്പ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

4. നന്ദൻ നിലേകനിയുടെ പുനർനിയമനം ആവശ്യപ്പെട്ട് ഇൻഫോസിസ് ബോർഡ്

ഇൻഫോസിസ് ചെയർമാൻ നന്ദൻ നിലേകനിയുടെ പുനർനിയമനം ആവശ്യപ്പെട്ട് ഡയറക്ടർ ബോർഡ്. 2017 ഓഗസ്റ്റ് 24നാണ് നിലേകനി സ്ഥാനമേറ്റത്. നിലേകനി തന്റെ സേവനത്തിന് പ്രതിഫലം വാങ്ങാറില്ലെന്ന് കമ്പനിയുടെ വാർഷിക റിപ്പോർട്ട് പറയുന്നു.

5. നിർമിത ബുദ്ധി: 7500 കോടി രൂപയുടെ പദ്ധതിയുമായി നീതി ആയോഗ്

രാജ്യത്ത് നിർമിത ബുദ്ധിയ്ക്ക് വേണ്ട ചട്ടക്കൂട് ഒരുക്കാൻ 7500 കോടി രൂപയുടെ പദ്ധതിയുമായി നീതി ആയോഗ്. 'ഐരാവത്' എന്ന ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ് ഫോം, ഗവേഷണ സ്ഥാപനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും. എക്സ്പെൻഡിച്ചർ ഫിനാൻസ് കമ്മിറ്റിയുടെ പരിഗണനയ്ക്കുള്ള കാബിനറ്റ് നോട്ട് നീതി ആയോഗ് കൈമാറിയിട്ടുണ്ട്.

Similar News