നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 22

Update: 2019-06-24 05:04 GMT

1. ആർബിഐ ഡെപ്യൂട്ടി ഗവർണർ വീരൽ ആചാര്യ രാജിവെച്ചെന്ന് റിപ്പോർട്ട്

ആർബിഐ ഡെപ്യൂട്ടി ഗവർണർ വീരൽ ആചാര്യ രാജിവെച്ചെന്ന് റിപ്പോർട്ട്. കാലാവധി കഴിയുന്നതിന് ആറുമാസം മുൻപേ അദ്ദേഹം രാജി വെച്ചെന്ന് ബിസിനസ് സ്റ്റാൻഡേർഡ് ആണ് റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റിൽ ന്യൂയോർക്ക് യൂണിവേഴ്സിറ്റിയ്ക്ക് കീഴിലുള്ള സ്റ്റേൺ സ്കൂൾ ഓഫ് ബിസിനസിലേക്ക് ഇക്കണോമിക്സ് പ്രൊഫസറായി അദ്ദേഹം തിരിച്ചുപോകുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

2. കേരള ടൂറിസം ടിക് ടോക് ട്രാവൽ കാംപെയ്നിൽ

പ്രമുഖ മൊബൈല്‍ വീഡിയോ ആപ്പായ ടിക്‌ടോക്കും കേരള ടൂറിസവും സഹകരിക്കുന്നു. കേരള ടൂറിസം ടിക്‌ടോക് ട്രാവൽ കാംപെയ്നിന്റെ ഭാഗമാവും. ‘യെ മേരാ ഇന്ത്യ’ എന്ന പ്രാദേശിക ഇന്‍-ആപ്പ് പ്രചാരണത്തില്‍ ടിക്‌ടോക്ക് ഉപയോക്താക്കൾ അവരുടെ യാത്രാ അനുഭവങ്ങള്‍ ലോകവുമായി പങ്കുവയ്ക്കും.

3. ബിഎസ്എൻഎല്ലിനെ രക്ഷിക്കൂ, മോദിയോട് ജീവനക്കാർ

ബിഎസ്എൻഎല്ലിനെ സംരക്ഷിക്കണമെന്നാണവശ്യപ്പെട്ട് ജീവനക്കാർ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക് കത്തെഴുതി. മികച്ച പ്രകടനം കാഴ്ചവെക്കുന്ന ജീവനക്കാർക്ക് പ്രതിഫലം നല്കണമെന്നും അവർ ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രധാനമന്ത്രി ഇടപെടണമെന്നും ഈ വരുന്ന ബജറ്റിൽ ബിഎസ്എൻഎല്ലിനായി തുകമാറ്റിവെക്കണമെന്നുമാണ് ആവശ്യം. മാർക്കറ്റ് ഷെയർ ഉയരുന്ന സാഹചര്യത്തിലും കടം ഇല്ലാത്തതിനാലും ചെറിയതോതിലുള്ള സർക്കാർ പിന്തുണ സ്ഥാപനത്തെ വീണ്ടും ലാഭമുണ്ടാക്കുന്ന കമ്പനിയാക്കുമെന്നാണ് ജീവനക്കാർ പ്രതീക്ഷിക്കുന്നത്.

4. യുഎസുമായി 10 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് ഇന്ത്യ

വ്യാപാര തർക്കത്തിനിടയിലും യുഎസുമായി 10 ബില്യൺ ഡോളറിന്റെ പ്രതിരോധ കരാറിന് ഇന്ത്യ തയ്യാറെടുക്കുന്നു. അടുത്ത മൂന്ന് വർഷത്തേയ്ക്കുള്ളതാണ് കരാർ. ഇതിനിടെ റഷ്യയിൽ നിന്ന് ആയുധം വാങ്ങുന്നതിനെതിരെയുള്ള യുഎസ് ഉപരോധം മറികടക്കാൻ ഇന്ത്യയും റഷ്യയും വേറിട്ടൊരു പേയ്മെന്റ് സംവിധാനം ഒരുക്കിയിട്ടുണ്ട്.

5. പ്ലേ സ്കൂളുകളെ നിയന്ത്രിക്കാൻ നിയമം വരുന്നു

പ്ലേ സ്കൂളുകളെ നിയന്ത്രിക്കാനുള്ള ചട്ടങ്ങൾ ഉൾപ്പെടുന്ന കരട് ബിൽ വനിതാ-ശിശു ക്ഷേമ വകുപ്പ് തയ്യാറാക്കുന്നു. ദേശീയ കമ്മീഷന്റെ ചട്ടങ്ങളെ അടിസ്ഥാനമാക്കിയാണ് ബിൽ തയ്യാറാക്കുന്നത്. മൂന്നു വയസു മുതൽ ആറു വയസ്സുവരെയുള്ള കുട്ടികൾ പഠിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ ബില്ലിന്റെ പരിധിയിൽ വരും.

Similar News