ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 29

Update: 2020-01-29 04:53 GMT

1. വെള്ളിയാഴ്ചയും ശനിയാഴ്ചയും ബാങ്ക് പണിമുടക്ക്

ജീവനക്കാരുടെ സേവന വേതന കരാര്‍ പുതുക്കണമെന്നതുള്‍പ്പെടെയുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ജനുവരി 31, ഫെബ്രുവരി 1 തീയതികളില്‍ ബാങ്ക് ജീവനക്കാര്‍ അഖിലേന്ത്യ പണിമുടക്ക് നടത്തും. വിവിധ യൂണിയുകള്‍ ചേര്‍ന്ന് രൂപീകരിച്ച യുണൈറ്റഡ് ഫോറം ഓഫ് ബാങ്കേഴ്സ് യൂണിയനാണ് 48 മണിക്കൂര്‍ പണിമുടക്കിന് അഹ്വാനം ചെയ്തിരിക്കുന്നത്.

2. സ്ഥാപനങ്ങള്‍ക്ക് ഓഹരി വിറ്റ് 1,000 കോടി രൂപ സമാഹരിക്കാന്‍ ബാങ്ക് ഓഫ് ഇന്ത്യ

ഫെബ്രുവരിയില്‍ നിക്ഷേപ സ്ഥാപനങ്ങള്‍ക്ക് ഓഹരികള്‍ വിറ്റ് 1,000 കോടി രൂപ സമാഹരിക്കാനുള്ള പദ്ധതിയുമായി ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ട്.രണ്ടുവര്‍ഷത്തിനിടെ ആദ്യമായാണ് പൊതുമേഖലയിലെ ഏതെങ്കിലും സ്ഥാപനം ഇത്തരത്തിലുള്ള ഓഹരി വില്‍പ്പന നടത്തുന്നത്.

3. ഇന്ത്യയും യു.എസും തമ്മിലുള്ള 71,000 കോടി രൂപയുടെ വാണിജ്യ കരാര്‍ ഒരുങ്ങുന്നു

അടുത്ത മാസം യുണൈറ്റഡ് സ്റ്റേറ്റ്സ് ട്രേഡ് റെപ്രസന്റേറ്റീവ് (യുഎസ്ടിആര്‍) റോബര്‍ട്ട് ലൈറ്റ്ഹൈസര്‍ ന്യൂഡല്‍ഹി സന്ദര്‍ശിക്കുമ്പോള്‍, ഇന്ത്യയും യു.എസും തമ്മിലുള്ള 10 ബില്യണ്‍ ഡോളറിനു (71,000 കോടിയില്‍ കൂടുതല്‍) മുകളിലുള്ള വാണിജ്യ കരാറിന് അന്തിമ രൂപമാകും. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശന വേളയില്‍ കരാര്‍ ഒപ്പിടും. ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറിന്റെ മുന്നോടിയാകുമെന്നാണ് വിലയിരുത്തല്‍.

4. ബോണ്ടുകളിലൂടെ 500 കോടി രൂപ സമാഹരിച്ച് സൗത്ത് ഇന്ത്യന്‍ ബാങ്ക്

സൗത്ത് ഇന്ത്യന്‍ ബാങ്ക് ബേസല്‍ 3 മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ ഡിബഞ്ചറുകളുടെ രൂപത്തിലുള്ള അഡീഷണല്‍ ടയര്‍ 1 ബോണ്ടുകളിലൂടെ 500 കോടി രൂപ സമാഹരിച്ചു. ജനുവരി 22 ന് തുടങ്ങിയ ഇഷ്യു, ഗ്രീന്‍ഷൂ ഓപ്ഷന്‍ ഉള്‍പ്പെടെ പൂര്‍ണമായും സബ്‌സ്‌ക്രൈബ് ചെയ്യപ്പെടുകയും അതേ ദിവസം തന്നെ ഇഷ്യു അവസാനിപ്പിക്കുകയും ചെയ്തു.

5. ഇന്ത്യന്‍ റെയില്‍വേ വൈദ്യുതവല്‍ക്കരണം 2024 ഓടെ പൂര്‍ണമാകുമെന്ന് മന്ത്രി പിയൂഷ് ഗോയല്‍

2024 ഓടെ ഇന്ത്യന്‍ റെയില്‍വേ പൂര്‍ണമായും വൈദ്യുതവല്‍ക്കരിക്കാന്‍ ഒരുങ്ങുകയാണെന്ന് റെയില്‍വേ മന്ത്രി പിയൂഷ് ഗോയല്‍. പൂര്‍ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ആദ്യ റെയില്‍വേയാകും ഇന്ത്യയിലേതെന്നും അദ്ദേഹം പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News