ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ഫെബ്രുവരി 16

Update: 2019-02-16 04:54 GMT

1. സ്വർണ ഇറക്കുമതി കൂടി, വ്യാപാരക്കമ്മി ഉയർന്നു

സ്വർണ ഇറക്കുമതി കൂടിയതോടെ രാജ്യത്തിൻറെ വ്യാപാരക്കമ്മി ഉയർന്നു. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കനുസരിച്ച് ജനുവരിയിൽ വിദേശ വ്യാപാരക്കമ്മി ഡിസംബറിലെ 13.08 ബില്യൺ ഡോളറിൽ നിന്ന് 14.73 ബില്യൺ ഡോളറായി ഉയർന്നു. 26.36 ബില്യൺ ഡോളറായിരുന്നു കഴിഞ്ഞ മാസത്തെ കയറ്റുമതി. 3.74 ശതമാനം വാർഷിക വളർച്ച. ഇറക്കുമതി 0.01 ശതമാനം ഉയർന്ന് 41.09 ബില്യൺ ഡോളറിൽ എത്തി.

2. വന്ദേഭാരത് എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി

ഉദ്ഘാടനം കഴിഞ്ഞു തൊട്ടടുത്ത ദിവസം തന്നെ വന്ദേഭാരത് എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങി. വാരണാസിയില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള മടക്കയാത്രയില്‍ ശനിയാഴ്ച പുലര്‍ച്ചെയാണ് ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത്. ട്രെയിനിന്റെ അവസാന കോച്ചുകളിലെ ബ്രേക്ക് ജാമായതാണ് വഴിയില്‍ കുടുങ്ങാന്‍ കാരണമായത്. ഇതോടൊപ്പം നാലുകോച്ചുകളിലെ വൈദ്യുതി നിലച്ചതും യാത്രക്കാരെ ബുദ്ധിമുട്ടിലാക്കി.

3. മെക്സിക്കൻ അതിർത്തിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ട്രംപ്

അമേരിക്കയിലെ മെക്സിക്കൻ അതിർത്തിയിൽ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. മെക്സിക്കന്‍ മതില്‍ നിര്‍മിക്കുന്നതിനായി പണം സമാഹരിക്കുന്നതിനായാണ് നടപടി.

മതിലിന്റെ നിര്‍മാണത്തിനായി 5.7 ബില്ല്യന്‍ അമേരിക്കന്‍ ഡോളര്‍ ആണ് ട്രംപ് ആവശ്യപ്പെട്ടത്. ഇത് നല്‍കാന്‍ യുഎസ് കോണ്‍ഗ്രസ് തയ്യാറാകാത്തതോടെയാണ് ട്രംപ് അടിയന്തരാവസ്ഥയിലേക്ക് കടന്നത്.

4. യെസ് ബാങ്കിനെതിരെ നടപടിയെടുക്കുമെന്ന് മുന്നറിപ്പ് നൽകി ആർബിഐ

യെസ് ബാങ്കിനെതിരെ നടപടിയെടുക്കുമെന്ന് മുന്നറിപ്പ് നൽകി ആർബിഐ. റിസർവ് ബാങ്കുമായുള്ള കോൺഫിഡൻഷ്യാലിറ്റി നിബന്ധന ലഘിച്ചതിനെത്തുടർന്നാണിത്. ധാരണ പ്രകാരം ഡൈവേർജെൻസ് റിപ്പോർട്ട് ബാങ്ക് പരസ്യപ്പെടുത്താൻ പാടില്ലാത്തതാണ്. എന്നാൽ കഴിഞ്ഞ ആഴ്ച ബാങ്ക് ഇതു സംബന്ധിച്ച പത്രക്കുറിപ്പ് ഇറക്കിയിരുന്നു.

5. റോബർട്ട് വാദ്രയുടെ 4 കോടി വിലയുള്ള വീട് കണ്ടുകെട്ടി

റോബർട്ട് വാദ്രയുടെ 4.62 കോടി രൂപ വിലയുള്ള ഡൽഹിയിലെ വീടും മറ്റ് ആസ്തികളും എൻഫോർസ്‌മെന്റ് കണ്ടുകെട്ടി. ബിക്കാനെർ ഭൂമി ഇടപാട് സംബന്ധിച്ച് വാദ്രയെ ഈയിടെ ചോദ്യം ചെയ്തിരുന്നു. കോടികൾ വിലയുള്ള പ്രോപ്പർട്ടി 72 ലക്ഷത്തിന് വാങ്ങി 5.15 കോടി രൂപയ്ക്ക് വിറ്റു എന്നാണ് കേസ്.

Similar News