നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 8

Update: 2019-03-08 04:47 GMT

1. കേരള ബാങ്ക്: പ്രമേയത്തിന് 13 ജില്ലകളിൽ അംഗീകാരം

കേരള ബാങ്ക് രൂപീകരണത്തിനായി ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിക്കാനുള്ള പ്രമേയത്തിന് 13 ജില്ലകളിൽ അംഗീകാരം. മലപ്പുറം ജില്ലാ സഹകരണ ബാങ്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം തള്ളി. സംസ്ഥാനത്തെ 1600 പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ പ്രതിനിധികളാണ് വോട്ടർമാർ.

2. സ്വച്ഛ്‌ സർവേക്ഷൺ സർവേ: കേരളം പിന്നിൽ

കേന്ദ്ര നഗരകാര്യ വകുപ്പിന്റെ സ്വച്ഛ്‌ സർവേക്ഷൺ സർവേയിൽ കേരള നഗരങ്ങൾ വളരെ പിന്നിൽ. ആദ്യ 250 നഗരങ്ങളിൽ കേരളത്തിൽ നിന്ന് ഒറ്റ നഗരങ്ങൾ പോലുമില്ല. 256-മത്തെ സ്ഥാനത്തുള്ള ആലപ്പുഴയാണ് കേരളത്തിൽ ഒന്നാമത്. മധ്യപ്രദേശിലെ ഇൻഡോറാണ് ഈ വർഷവും ഒന്നാം സ്ഥാനത്ത്.

3. കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിൽ 1 ലക്ഷം കോടിയുടെ പദ്ധതികൾ

പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭയുടെ അവസാന യോഗത്തിൽ 1 ലക്ഷം കോടിയുടെ പദ്ധതികളാണ് പ്രഖ്യാപിച്ചത്. നീതി ആയോഗിന്റെ മൊബിലിറ്റി സൊല്യൂഷൻസ്, വിമുക്ത ഭടന്മാർക്കുള്ള ആരോഗ്യപദ്ധതി, മുംബൈ സബർബൻ റെയിൽവേ വികസനം എന്നിവ പദ്ധതികളിൽ ചിലതാണ്.

4. ഓലായിൽ 4% ഓഹരി വാങ്ങാൻ ഹ്യൂണ്ടായ്

കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായ് ഓൺലൈൻ ടാക്സി സേവന ദാതാക്കളായ ഒലായിൽ 4 ശതമാനം ഓഹരി വാങ്ങാൻ ചർച്ചയാരംഭിച്ചു. 250 മില്യൺ ഡോളർ ആണ് നിക്ഷേപിക്കാൻ ഹ്യൂണ്ടായ് ആലോചിക്കുന്നത്. ഇതോടെ ഒലായുടെ വാല്യൂവേഷൻ 6 ബില്യൺ ഡോളർ ആയി ഉയരും.

5. സമ്പന്ന നഗരങ്ങളിൽ മുംബൈ 12-ാം സ്ഥാനത്ത് 

ലോകത്തെ സമ്പന്നമായ നഗരങ്ങളുടെ കൂട്ടത്തിൽ മുംബൈ 12-ാം സ്ഥാനത്ത്. കഴിഞ്ഞവർഷം 18-ാം സ്ഥാനത്തായിരുന്നു നഗരം. ലണ്ടനാണ് ഏറ്റവും ലോകത്തെ ഏറ്റവും സമ്പന്നമായ നഗരം. ബ്രെക്സിറ്റ്‌ ആശങ്കകൾക്കിടയിലും ന്യൂയോർക്കിൽ നിന്ന് ഈ സ്ഥാനം തിരിച്ചു പിടിക്കാൻ ലണ്ടന് സാധിച്ചു. കഴിഞ്ഞദിവസം പുറത്തിറക്കിയ നൈറ്റ് ഫ്രാങ്കിന്റെ വെൽത്ത് റിപ്പോർട്ടിലേതാണ് ഈ വിവരങ്ങൾ. സമ്പന്നരുടെ വളർച്ചയുടെ കാര്യത്തിൽ ഇന്ത്യയാണ് മുന്നിൽ. 116 ശതമാനം വളർച്ചയാണ് അതിസമ്പന്നരുടെ എണ്ണത്തിൽ ഇന്ത്യ രേഖപ്പെടുത്തിയത്.

Similar News