നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 15

Update: 2019-05-15 04:45 GMT

1. ഐബിസി വഴിയുള്ള എൻപിഎ റിക്കവറി 70,000 കോടി

2018-19 സാമ്പത്തിക വർഷത്തിൽ പാപ്പരത്ത നയപ്രകാരം (IBC) തിരിച്ചു പിടിച്ച കിട്ടാക്കടം 70,000 കോടി രൂപയെന്ന് റേറ്റിംഗ് ഏജൻസി ക്രിസിൽ. മുൻപ് നിലവിലുണ്ടായിരുന്ന എൻപിഎ റിക്കവറി സംവിധാനമായ ഡെറ്റ് റിക്കവറി ട്രിബ്യുണൽ, ലോക് അദാലത്ത് എന്നിവ വഴി മുൻവർഷം റിക്കവർ ചെയ്ത തുക 35,500 കോടി രൂപയായിരുന്നു. 2019 സാമ്പത്തിക വർഷം ഐബിസി വഴി തീർപ്പാക്കിയ 94 കേസുകളുടെ റിക്കവറി റേറ്റ് 43 ശതമാനമായിരുന്നു. ഇതുനുമുൻപുള്ള സംവിധാനങ്ങൾ വഴിയുള്ള റിക്കവറി റേറ്റ് 26.5 ശതമാനമായിരുന്നു.

2. ജെറ്റ് എയർവേയ്സ്: സിഇഒ ഉൾപ്പെടെ 4 ഉന്നത ഉദ്യോഗസ്ഥർ രാജി വെച്ചു

കടക്കെണിയിലായി പ്രവർത്തനം നിർത്തിവെച്ച ജെറ്റ് എയർവേയ്സിന്റെ നാല് ഉന്നത ഉദ്യോഗസ്ഥർ രാജിവെച്ചു. കമ്പനിയുടെ പ്രവർത്തനം പൂർവസ്ഥിതിയിലാകാനുള്ള സാധ്യത മങ്ങിയതോടെയാണ് രാജി. സിഇഒ വിനയ് ദുബെ, ഡെപ്യൂട്ടി സിഇഒ -സിഎഫ്ഒ അമിത് അഗർവാൾ, ചീഫ് പീപ്പിൾസ് ഓഫീസർ രാഹുൽ തനേജ, കമ്പനി സെക്രട്ടറി കുൽദീപ് ശർമ്മ എന്നിവരാണ് ചൊവ്വാഴ്‌ച സ്ഥാനമൊഴിഞ്ഞത്. എത്തിഹാദിനു പുറമെ മറ്റ് നിക്ഷേപകരെ തേടുകയാണ് ഇപ്പോൾ ബാങ്കുകൾ.

3. ജൂൺ 4 ന് മൺസൂൺ എത്തും: സ്കൈമെറ്റ്

കേരള തീരത്ത് മൺസൂൺ ജൂൺ നാലോടെ എത്തുമെന്ന് സ്വകാര്യ കാലാവസ്ഥാ നിരീക്ഷണ ഏജൻസിയായ സ്കൈമെറ്റ്. ഈ വർഷം ശരാശരിയിലും താഴെ മാത്രമേ മഴ ഉണ്ടാകുകയുള്ളൂ എന്നാണ് പ്രവചനം. ഇത് കൃഷിയെ പ്രതികൂലമായി ബാധിക്കും.

4. കാർഷിക-ഗ്രാമീണ സ്റ്റാർട്ടപ്പുക്കൾക്ക് വിസി ഫണ്ടുമായി നബാർഡ്

രാജ്യത്തെ കാർഷിക-ഗ്രാമീണ സ്റ്റാർട്ടപ്പുക്കൾക്ക് 700 കോടി രൂപയുടെ വെൻച്വർ കാപിറ്റൽ ഫണ്ടൊരുക്കി നബാർഡ്. ഇതുവരെ മറ്റു ഫണ്ടുകൾക്ക് സഹായം നൽകാറാണ് പതിവ്. ആദ്യമായാണ് ബാങ്ക് സ്വന്തം ഫണ്ട് രൂപീകരിക്കുന്നത്. നബാർഡിന്റെ സബ്‌സിഡിയറിയായ നാബ് വെൻച്വേഴ്‌സ് ആണ് ഇതുനുപിന്നിൽ പ്രവർത്തിക്കുന്നത്.

5. കയറ്റുമതി ബിസിനസുകാർക്ക് ഓട്ടോമേറ്റഡ് ജിഎസ്ടി റീഫണ്ട്

ജൂൺ മുതൽ കയറ്റുമതി വ്യാപാരികൾക്കും SEZ യൂണിറ്റുകളുടെ സപ്ലയർമാർക്കും ജിഎസ്ടി റീഫണ്ട് ഓട്ടോമേറ്റഡ് ആക്കും. റീഫണ്ട് നടപടികൾ വേഗത്തിലാക്കാനുള്ള പദ്ധതികൾ റവന്യൂ വകുപ്പ് ആരംഭിച്ചിട്ടുണ്ട്. നിലവിൽ IGST നൽകുന്ന എക്സ്പോർട്ടേഴ്‌സിനു മാത്രമേ ഓട്ടോമേറ്റഡ് റീഫണ്ട് സൗകര്യം ലഭിക്കുന്നുള്ളൂ.

Similar News