നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മാർച്ച് 25

Update: 2019-03-25 04:39 GMT

1. വിദേശ നിക്ഷേപകർക്ക് ഏപ്രിൽ മുതൽ ഉയർന്ന നികുതി

ലിസ്റ്റിംഗ്, ഇൻസൈഡർ ട്രേഡിങ്ങ് എന്നിവ സംബന്ധിച്ച സെബിയുടെ നയമാറ്റങ്ങൾ ഏപ്രിൽ ഒന്നുമുതൽ നിലവിൽ വരും. ഇതോടൊപ്പം മൗറീഷ്യസ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമായുള്ള ഡബിൾ ടാക്സേഷൻ അവോയിഡൻസ് എഗ്രിമെന്റും (DTAAs) നിലവിൽ വരും. ഇതനുസരിച്ച് സിംഗപ്പൂർ, മൗറീഷ്യസ് എന്നിവിടങ്ങളിലെ സ്ഥിരതാമസക്കാർ വിൽക്കുന്ന ഇന്ത്യൻ ഇക്വിറ്റി ഷെയറുകളിന്മേലുള്ള ക്യാപിറ്റൽ ഗെയ്ൻസിന് നികുതി ചുമത്താൻ അധികാരം ഉണ്ടാകും.

2. ഡൽഹിവെരി യൂണികോൺ ക്ലബ്ബിലേക്ക്

ജപ്പാൻ ആസ്ഥാനമായ സോഫ്റ്റ് ബാങ്ക് നയിച്ച 413 മില്യൺ ഡോളറിന്റെ ഫണ്ടിംഗ് റൗണ്ട് വിജയകരമായി അവസാനിച്ചതോടെ ഇ-കോമേഴ്‌സ് മേഖലയിലെ ലോജിസ്റ്റിക്സ് കമ്പനിയായ ഡൽഹിവെരി യൂണികോൺ സ്റ്റാറ്റസ് നേടി. ഇപ്പോൾ കമ്പനിയുടെ വാല്യൂവേഷൻ 1.5 ബില്യൺ ഡോളറാണ്. ഒരു ബില്യൺ ഡോളറിന് മുകളിൽ വാല്യൂവേഷനുള്ള സ്വകാര്യ കമ്പനികളാണ് യൂണികോൺ വിഭാഗത്തിൽ പെടുന്നത്.

3. നരേഷ് ഗോയലും, ഭാര്യ അനിത ഗോയലും ഇന്ന് ജെറ്റ് എയർവേയ്‌സിൽ നിന്ന് പിന്മാറും

ജെറ്റ് എയർവേയ്‌സിന്റെ പ്രിൻസിപ്പൽ പ്രൊമോട്ടർമാരായ നരേഷ് ഗോയലും, ഭാര്യ അനിത ഗോയലും ഇന്ന് ജെറ്റ് എയർവേയ്‌സിന്റെ ബോർഡ് അംഗത്വം രാജി വെക്കുകയും കമ്പനിയിൽ നിന്ന് പൂർണമായും പിന്മാറുകയും ചെയ്യും. സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട കമ്പനിയെ കരകയറ്റുന്നതിന് ബാങ്കുകൾ മുന്നോട്ടുവെച്ച പ്രധാന നിബന്ധനയനുസരിച്ചാണ് പിൻമാറ്റം. 25 വർഷം മുൻപാണ് ഗോയൽ എയർലൈൻ സ്ഥാപിച്ചത്. ഇക്കണോമിക് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.

4. ടാറ്റ കാറുകൾക്ക് ഏപ്രിൽ മുതൽ വിലകൂടും

ടാറ്റ മോട്ടോഴ്‌സിന്റെ കാറുകൾക്ക് ഏപ്രിൽ ഒന്നുമുതൽ വില കൂട്ടും. ഏതാണ്ട് 25,000 രൂപ വരെയാണ് വില കൂട്ടുക. ഉയർന്ന ഇൻപുട്ട് കോസ്റ്റുകൾ കമ്പനിക്ക് പുറമെയുള്ള സാമ്പത്തിക ഘടകങ്ങൾ, മാറുന്ന വിപണി എന്നിവയാണ് വില കൂട്ടാൻ കാരണമായതെന്ന് കമ്പനി അറിയിച്ചു. ടാറ്റയുടെ നിരവധി പുതിയ മോഡലുകൾ പുറത്തിറങ്ങാനിരിക്കെയാണ് വില ഉയരുന്നത്.

5. മൂന്നുഡിഗ്രിവരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

കേരളത്തിൽ അടുത്ത രണ്ടു ദിവസങ്ങളിൽ മൂന്നുഡിഗ്രിവരെ ചൂട് കൂടുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. കഴിഞ്ഞ പത്ത് ദിവസത്തിനിടെ 111 പേർക്കാണ് സൂര്യതാപമേറ്റത്. വരുംദിവസങ്ങളിൽ ജാഗ്രതപാലിക്കാനും ആരോഗ്യവകുപ്പും ദുരന്തനിവാരണ അതോറിറ്റിയും നിർദേശംനൽകി.

Similar News