ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന വാർത്തകൾ; ഒക്ടോബർ 23

Update: 2019-10-24 04:32 GMT

ഇളവ് ലഭിച്ച ഭൂമി മറിച്ചു വില്‍ക്കുന്നത് തടയാന്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ പുതിയ വകുപ്പ് :കൂടുതല്‍ പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍

1. ഇളവ് ലഭിച്ച ഭൂമി വക മാറ്റിയാല്‍ തിരിച്ചു പിടിക്കും; '87 എ' എന്ന വകുപ്പ് വരുന്നു

ഇളവ് ലഭിച്ച ഭൂമി മറിച്ചു വില്‍ക്കുന്നത് തടയാന്‍ ഭൂപരിഷ്‌കരണ നിയമത്തില്‍ പുതിയ വകുപ്പ്. ഭൂപരിഷ്‌കരണ നിയമത്തിലെ 81ആം വകുപ്പ് പ്രകാരം സര്‍ക്കാര്‍ ഇളവ് നല്‍കിയിരുന്ന തോട്ടം ഭൂമി ഉള്‍പ്പെടെ ഉള്ളവ മറിച്ചു വില്‍ക്കുന്നത് വ്യാപകമായതിനെ തുടര്‍ന്ന് ഇത് തടയാന്‍ 87 എ  എന്ന വകുപ്പ് മന്ത്രിസഭ അംഗീകരിച്ചു. ഇനി ഇളവ് ഭൂമി മാറ്റുകയോ വില്‍ക്കുകയോ ചെയ്താല്‍ ഭൂമിയും സ്ഥാവര ജംഗമ വസ്തുക്കളും സര്‍ക്കാരിന് ഏറ്റെടുക്കാം.

2. ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയം 15% വരെ കൂടും

ആരോഗ്യ ഇന്‍ഷുറന്‍സിനുള്ള പ്രീമിയം നിരക്കില്‍ 15% വരെ വര്‍ധന വരുന്നു. ജനിതക വൈകല്യങ്ങള്‍,  മാനസിക വെല്ലുവിളികള്‍,  ആര്‍ത്തവ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തുടങ്ങിയവയ്ക്കും പരിരക്ഷ ഉറപ്പാക്കാന്‍ ഇന്‍ഷുറന്‍സ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആര്‍ഡിഎഐ) നിര്‍ദേശിച്ചതിന് പിന്നാലെയാണിത്.

3. ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴ തുകയില്‍ ഇളവ്; മദ്യപിച്ചു വാഹനമോടിച്ചാല്‍  പിഴ10, 000 തന്നെ

ഗതാഗത നിയമലംഘനങ്ങള്‍ക്ക് പിഴത്തുക കുറയ്ക്കാന്‍ മന്ത്രിസഭ തീരുമാനമായി. ഹെല്‍മെറ്റ്,  സീറ്റ് ബെല്‍റ്റ് എന്നിവയില്ലാതെ വാഹനമോടിച്ചാലുള്ള പിഴ 1000ത്തില്‍ നിന്ന് 500 ആക്കി. എന്നിരുന്നാലും മദ്യപിച്ചു വാഹനമോടിച്ചാല്‍ 10, 000 രൂപ പിഴയായി തുടരും. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഉപയോഗിച്ചാല്‍ 2000 രൂപയും സാമൂഹ്യ സേവനവും ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും രജിസ്ട്രേഷനും ഇല്ലാത്ത വാഹനം നിരത്തിലിറക്കിയാല്‍ 3000 രൂപയും പിഴയാണ്.

4. ഇനിയൊരു ആഗോള മാന്ദ്യത്തെ അതിജീവിക്കാന്‍ പകുതി ബാങ്കുകള്‍ക്കുമാകില്ല

ഇനിയൊരു ആഗോള മാന്ദ്യമുണ്ടായാല്‍ അതിനെ അതിജീവിക്കാനുളള ശേഷി ലോകത്തെ പകുതിയില്‍ അധികം ബാങ്കുകള്‍ക്കും ഇല്ലെന്ന് പ്രമുഖ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായ മക്കിന്‍സി ആന്‍ഡ് കമ്പനി പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്താരാഷ്ട്ര തലത്തില്‍ മാന്ദ്യമുണ്ടായാല്‍ ഭൂരിപക്ഷം ബാങ്കുകളും സാമ്പത്തികമായി ലാഭകരമായിരിക്കില്ല.ബാങ്കുകളുടെ സാങ്കേതിക വിദ്യ കൂടുതല്‍ പരിഷ്‌കരിക്കുക, ലയന സാധ്യതകള്‍ പരിശോധിക്കുക, പുതിയ മേഖലകളും പ്രവര്‍ത്തനങ്ങളും കണ്ടെത്തി അതില്‍ നിന്ന് വരുമാനം ഉറപ്പാക്കുക എന്നിവയാണ് മക്കിന്‍സി നിര്‍ദ്ദേശിക്കുന്ന പ്രതിരോധ മാര്‍ഗ്ഗങ്ങള്‍.

5. എ.ജി.ആര്‍ കേസില്‍ ഇന്നു വിധി; 50,000 കോടി രൂപയുടെ ഭീതിയില്‍ എയര്‍ടെല്‍, വോഡഫോണ്‍

അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ (എജിആര്‍)  വിഷയത്തില്‍ സുപ്രീം കോടതി ഇന്നു വിധി പ്രഖ്യാപിക്കും.  എജിആറിന്റെ നിര്‍വചനത്തെച്ചൊല്ലി പതിനാലു വര്‍ഷമായി  സര്‍ക്കാരുമായുള്ള നിയമപോരാട്ടത്തിലാണ് മൊബൈല്‍ ഓപ്പറേറ്റര്‍മാര്‍. ഓപ്പറേറ്റര്‍മാര്‍ നല്‍കേണ്ട ലെവികള്‍ ടെലികോം വകുപ്പ് കണക്കാക്കുന്നതിന്റെ അടിസ്ഥാനമാണിത്. വിധി അനുകൂലമായില്ലെങ്കില്‍ ഭാരതി എയര്‍ടെലിനും വോഡഫോണിനും കൂടി 50,000 കോടി രൂപ അയട്‌ക്കേണ്ടി വരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel - https://t.me/dhanamonline

Similar News