ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ഡിസംബര്‍ 23

Update: 2019-12-23 04:30 GMT

1.പ്രക്ഷോഭത്തിന്റെ തിരിച്ചടിയേറ്റ് ആഭ്യന്തര ടൂറിസം

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇന്ത്യയിലെമ്പാടും ശക്തമായത് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്.  ആഭ്യന്തര വിനോദസഞ്ചാരത്തിന് വലിയ തിരിച്ചടിയാണ് നേരിടുന്നത്. ധാരാളം പേര്‍ ഇന്ത്യക്കകത്ത് തങ്ങള്‍ പോകാന്‍ ഉദ്ദേശിച്ചിരുന്ന സ്ഥലം മാറ്റി യാത്ര വിദേശത്താക്കിയെന്ന് ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ജ്യോതി മായല്‍ പറഞ്ഞു.

2.സഞ്ജയ് കൗള്‍ കെ.എഫ്.സി ചെയര്‍മാന്‍

കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ (കെ.എഫ്.സി) ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടറായി സഞ്ജയ് കൗള്‍ ചുമതലയേറ്റു. 2001ലെ കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ സഞ്ജയ് തുറമുഖ വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ധനകാര്യ എക്സ്പെന്‍ഡിച്ചര്‍ സെക്രട്ടറിയുടെ അധിക ചുമതലയും അദ്ദേഹത്തിനുണ്ട്.

3.പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി ലഭിച്ചത് 8.45 കോടി പേര്‍ക്ക്

കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം ആറായിരം രൂപ വീതം നേരിട്ട് ബാങ്ക് അക്കൗണ്ടില്‍ നല്‍കുന്ന പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ നേട്ടം കൊയ്തത് ഇതിനകം 8.45 കോടി പേര്‍. കഴിഞ്ഞവര്‍ഷത്തെ ഏക ഗഡുവായി 7.94 കോടി കര്‍ഷകര്‍ രണ്ടായിരം രൂപ വീതം നേടിയിരുന്നു.

4.10,000 കോടി രൂപയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ ക്രയവിക്രയം ചെയ്യാന്‍ ആര്‍ബിഐ

റിസര്‍വ് ബാങ്ക് 10,000 കോടി രൂപയുടെ സര്‍ക്കാര്‍ ബോണ്ടുകള്‍ ഓപ്പണ്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് (ഒഎംഒ) വഴി വാങ്ങുകയും വില്‍ക്കുകയും ചെയ്യും. നിലവിലെ പണലഭ്യതയെയും വിപണി സാഹചര്യങ്ങളെയും കുറിച്ചുള്ള അവലോകനത്തിനു ശേഷമാണ് 2029 ല്‍ കാലാവധി പൂര്‍ത്തിയാകുന്ന സര്‍ക്കാര്‍ ബോണ്ടുകള്‍ വാങ്ങാനും 10,000 കോടി രൂപ മൊത്തം നാല് സെക്യൂരിറ്റികള്‍ വില്‍ക്കാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചത്.

5.വാള്‍മാര്‍ട്ടുമായി ടാറ്റ കൈകോര്‍ക്കുന്നു

യുഎസ് ആസ്ഥാനമായ ആഗോള വിപണന ശൃംഖലയായ വാള്‍മാര്‍ട്ടുമായി കൈകോര്‍ക്കാന്‍ ഇന്ത്യന്‍ വ്യവസായ ഭീമന്‍ ടാറ്റ ഒരുങ്ങുന്നു. വാള്‍മാര്‍ട്ടിന് ഇന്ത്യയിലുള്ള ബി 2 ബി മൊത്തവ്യാപാര സംരംഭമായ 'ബെസ്റ്റ് പ്രൈസ് മോഡേണ്‍ ഹോള്‍സെയില്‍'ന്റെ 49 % ഓഹരികള്‍ സ്വന്തമാക്കാനാണ് ടാറ്റ ഗ്രൂപ്പ് പദ്ധതിയിട്ടിരിക്കുന്നത്. വാള്‍മാര്‍ട്ടിന് പ്രവര്‍ത്തന മൂലധനം ലഭ്യമാകുന്നതോടൊപ്പം ടാറ്റയ്ക്ക് ആഭ്യന്തര ഹോള്‍സെയ്ല്‍ വ്യവസായത്തിലേക്ക് ഇടിച്ചുകയറാനുള്ള അവസരവും ഒരുക്കുന്നതാണ് നീക്കം.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News