ഇന്ന് നിങ്ങളറിയേണ്ട 5 പ്രധാന ബിസിനസ് വാര്‍ത്തകള്‍; ജനുവരി 9

Update:2020-01-09 11:06 IST

നൂറു റൂട്ടുകളിലായി 150 സ്വകാര്യ ട്രെയിനുകള്‍ക്ക് അനുമതി

നൂറു റൂട്ടുകളിലായി 150 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കുന്നതിന് റെയില്‍വേ മന്ത്രി നിയമിച്ച ഉന്നതാധികാര സമിതി അനുമതി നല്‍കി.

ഇതിലൂടെ 22,500 കോടി രൂപയുടെ നിക്ഷേപമാണു പ്രതീക്ഷിക്കുന്നത്.അഞ്ചു വര്‍ഷമായി 2700 കോടിയുടെ സാങ്കേതിക-മൂലധനശേഷിയുള്ള, രാജ്യത്തിന് അകത്തും പുറത്തുമുള്ള കമ്പനികള്‍ക്ക് സര്‍വീസ് നടത്തിപ്പിന് അര്‍ഹതയുണ്ടാകും.

അസെന്‍ഡ് കേരള നിക്ഷേപക സംഗമം ഇന്നും നാളെയും

സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അസെന്‍ഡ് കേരള ദ്വിദിന നിക്ഷേപക സംഗമം ബോള്‍ഗാട്ടിയിലെ ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇന്നും നാളെയുമായി നടക്കും. ദേശീയ-അന്തര്‍ദേശീയ തലങ്ങളില്‍ നിന്നായി 2,000ലേറെ പേരാണ് സംഗമത്തില്‍ സംബന്ധിക്കുന്നത്. 100 കോടി രൂപയിലേറെ ചെലവുള്ള 18 മെഗാ പദ്ധതികളുള്‍പ്പെടെ 100 ലേറെ വ്യവസായ പദ്ധതികള്‍ സംഗമത്തിലൂടെ സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കും.

കമ്മി ലക്ഷ്യമിട്ടതിനെക്കാള്‍ കൂടിയേക്കും; വരുമാന പ്രതിസന്ധി നേരിട്ട് കേന്ദ്ര സര്‍ക്കാര്‍

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ബജറ്റ് കമ്മി മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 3.8 ശതമാനമായി ഉയരുമെന്നും ഇത് 3.3 ശതമാനം എന്ന ലക്ഷ്യത്തെ ലംഘിക്കുമെന്നും എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. നിയമപ്രകാരം സര്‍ക്കാരിന് ബജറ്റ് കമ്മി ലക്ഷ്യത്തില്‍ നിന്ന് അര ശതമാനം വരെ കവിയാന്‍ അനുവദിക്കാം.യുദ്ധപ്രവര്‍ത്തനങ്ങള്‍, കാര്‍ഷിക ഉല്‍പാദനത്തിലെ തകര്‍ച്ച, അല്ലെങ്കില്‍ സമ്പദ്വ്യവസ്ഥ പ്രതീക്ഷിക്കാത്ത ധനപരമായ പ്രത്യാഘാതങ്ങളോടെ ഘടനാപരമായ പരിഷ്‌കാരങ്ങള്‍ എന്നിവ ഉണ്ടാകുന്ന പക്ഷം മാത്രമേ ലക്ഷ്യത്തില്‍ നിന്ന് പിന്നോട്ട് മാറാന്‍ കഴിയൂ.

അദാനി കമ്പനികളെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി അനുമതി

കല്‍ക്കരി ഇറക്കുമതിയില്‍ അവിഹിതമായി നികുതി ആനുകൂല്യങ്ങള്‍ സ്വന്തമാക്കിയെന്ന ആരോപണത്തില്‍ ഗൗതം അദാനിയുടെ കമ്പനികളെക്കുറിച്ച് അന്വേഷിക്കാനുള്ള റവന്യൂ വകുപ്പിന്റെ ശ്രമം സുപ്രീം കോടതി പുനരുജ്ജീവിപ്പിച്ചു.വിവരങ്ങള്‍ തേടി സിംഗപ്പൂരിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) അയച്ച എല്ലാ കത്തുകളും റദ്ദാക്കാനുള്ള ബോംബെ ഹൈക്കോടതിയുടെ തീരുമാനം ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് മരവിപ്പിച്ചു.

കല്‍ക്കരി ഖനനത്തിനും വിദേശ കമ്പനികളെത്തും; നിബന്ധന ലഘൂകരിച്ചു

കല്‍ക്കരി ഖനനത്തിനും വില്‍പ്പനയ്ക്കുമുള്ള യോഗ്യതാ മാനദണ്ഡങ്ങളും ചട്ടങ്ങളും കേന്ദ്ര മന്ത്രിസഭ ഇളവ് ചെയ്തു. ഇതോടെ കല്‍ക്കരി ഖനന മേഖലയില്‍ വിദേശ കമ്പനികളുടെ പ്രവേശനം എളുപ്പമാകും. ഇതുവരെ വൈദ്യുതി, ലോഹങ്ങള്‍, ഖനന വ്യവസായം എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികള്‍ക്ക് മാത്രമേ കല്‍ക്കരി ലേലത്തില്‍ പങ്കെടുക്കാന്‍ കഴിയുമായിരുന്നുള്ളൂ. ഈ നിബന്ധന മാറ്റി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Similar News