ഇന്നു നിങ്ങളറിഞ്ഞിരിക്കേണ്ട അഞ്ച് ബിസിനസ് വാര്‍ത്തകള്‍ ജൂലൈ 26

Update: 2019-07-26 04:41 GMT

1. സൗത്ത് ഇന്ത്യന്‍ ബാങ്കിന് 73.26 കോടി രൂപ ലാഭം

ജൂണില്‍ അവസാനിച്ച മൂന്നു മാസത്തില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന് 73.26 കോടി രൂപയുടെ അറ്റാദായം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ 23.04 കോടി രൂപയെ അപേക്ഷിച്ച് 218.52 ശതമാനമാണ് വര്‍ധന. ട്രഷറി, വായ്പാ രംഗത്തെ മികവാണ് ഇതിന് വഴിയൊരുക്കിയത്.

2. ഒരു മാസത്തിനുള്ളില്‍ റബര്‍ വില 14 ശതമാനം ഇടിഞ്ഞു

റബര്‍ വിലയില്‍ കഴിഞ്ഞ ഒരു മാസക്കാലയളവില്‍ 14 ശതമാനം ഇടിവ് രേഖപ്പെടുത്തി. ആഗോള വിപണിയിലെ ഡിമാന്‍ഡ് കുറഞ്ഞതിനാലാണ് വിലയിടിവ് വന്നതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മഴ ലഭിച്ചതു മൂലം ഉല്‍പ്പാദനം കൂടിയെങ്കിലും ഓട്ടോമൊബീല്‍ മേഖലയിലെ ഉപഭോഗം കുറഞ്ഞതായും വിദഗ്ധര്‍ വിലയിരുത്തുന്നു. 150 രൂപയോളമെത്തി നില്‍ക്കുകയാണ് ഇപ്പോള്‍ പ്രാദേശിക റബറിന്റെ വില.

3. വാട്‌സാപ്പിലൂടെ പണം കൈമാറ്റം ഈ വര്‍ഷം മുതല്‍

ഉപയോക്താക്കള്‍ക്ക് പണം കൈമാറാനുള്ള വാട്‌സാപ്പ് സൗകര്യം ആരംഭിച്ചിരുന്നെങ്കിലും കേന്ദ്ര അനുമതി ലഭിച്ചിരുന്നില്ല. എന്നാല്‍ പ്രമുഖ ബാങ്കുകളുമായി സഹകരിച്ചു കൊണ്ട് വാട്‌സാപ്പ് പണം കൈമാറ്റം സാധ്യമാകാനുള്ള വഴിയൊരുങ്ങിയതായി വാട്‌സാപ്പ് ഗ്ലോബല്‍ ഹെഡ് അറിയിച്ചിരിക്കുകയാണ്. അതേസമയം ഉപയോക്താക്കളുടെ ഡേറ്റ ചോരുന്നില്ലെന്നത് ഉറപ്പാക്കണമെന്നാണ് കേന്ദ്രം നാഷണല്‍ പേമെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

4. കൊച്ചിയില്‍ നിന്നും കേരളത്തിലെ മറ്റു തുറമുഖങ്ങളിലേക്ക് ചരക്കു കപ്പല്‍

കേരളത്തിലെ തുറമുഖങ്ങളെ കേന്ദ്രീകരിച്ചുകൊണ്ട് മാരിടൈം ബോര്‍ഡിന്റെ ചരക്കു കപ്പല്‍ സര്‍വീസ് സെപ്റ്റംബര്‍ മുതല്‍. ആഴ്ചയില്‍ രണ്ട് ദിവസം വീതം കൊച്ചിയില്‍ നിന്ന് ബേപ്പൂര്‍, അഴീക്കല്‍ എന്നിവിടങ്ങളിലേക്കും കൊച്ചിയില്‍ നിന്ന് കൊല്ലത്തേക്കും സര്‍വീസ് തുടങ്ങുമെന്ന്  മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

5. പാചകവാതകം; ബുക്ക് ചെയ്ത് 48 മണിക്കൂറിനകം എത്തിക്കാന്‍ ശ്രമിക്കണമെന്ന് ഉപഭോക്തൃകമ്മീഷന്‍

പാചകവാതക സിലിണ്ടര്‍ വിതരണം 20 ദിവസം വൈകിയതിന് ഉപഭോക്താവിന് ഏജന്‍സി 5000 രൂപ നല്‍കാന്‍ ഉപഭോക്തൃകമ്മീഷന്‍ ഉത്തരവിട്ടു. എല്‍പിജി വിതരണ നിയന്ത്രണ ഉത്തരവില്‍ സമയപരിധി പറഞ്ഞിട്ടില്ലെങ്കിലും സിലിണ്ടര്‍ മാറ്റി നല്‍കാന്‍ ബിപിസിഎല്‍ വെബ്‌സൈറ്റില്‍ പറയുന്നത് പ്രകാരം 48 മണിക്കൂറിനകം സിലിണ്ടര്‍ നല്‍കാന്‍ പരമാവധി ശ്രമിക്കണമെന്നാണ് ഉപഭോക്തൃ കമ്മീഷന്‍ നിര്‍ദേശിച്ചത്.

Similar News