നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജൂൺ 14  

Update: 2019-06-14 05:03 GMT

1. ഇഎസ്ഐ വിഹിതം 4 ശതമാനമായി കുറച്ചു

ഇഎസ്ഐ സ്കീമിലേക്കുള്ള തൊഴിലാളികളുടെ ശമ്പള വിഹിതം കേന്ദ്ര സർക്കാർ കുറച്ചു. തൊഴിലാളികൾ നൽകേണ്ട വിഹിതം 1.75 ശതമാനത്തിൽ നിന്ന് 0.75 ശതമാനമായും തൊഴിലുടമകൾ നൽകേണ്ട വിഹിതം 4.75 ശതമാനത്തിൽ നിന്നും 3.25 ശതമാനമായുമാണ് കുറച്ചത്. 22 വർഷത്തിൽ ആദ്യമായാണ് ഇത്തരത്തിൽ കുറവ് വരുത്തുന്നത്. ഇതോടെ മൊത്തം ഇഎസ്ഐ വിഹിതം 6.5 ശതമാനത്തിൽ നിന്ന് 4 ശതമാനമായി കുറയും. ഇഎസ്ഐ സ്കീമിന് കീഴിലുള്ള ആനുകൂല്യങ്ങളിൽ മാറ്റമുണ്ടാകില്ല. ശേഷിക്കുന്ന തുക കേന്ദ്ര സർക്കാർ വഹിക്കാനാണ് തീരുമാനം.

2. എൽ&ടി യുടെ ഓഫർ 'ന്യായവും യുക്തിസഹവു'മെന്ന് മൈൻഡ്ട്രീ സമിതി

എൽ&ടി മുന്നോട്ടുവച്ച ഓഫർ 'ന്യായവും യുക്തിസഹവു'മെന്ന് മൈൻഡ്ട്രീയുടെ സ്വതന്ത്ര ഡയറക്ടർമാരുടെ സമിതി. ഓഹരിയൊന്നിന് 980 രൂപയാണ് എൽ&ടി വാഗ്ദാനം ചെയ്തത്. ബിഎസ്ഇയ്ക്ക് സമർപ്പിച്ച രേഖയിലാണ് സമിതി ഇക്കാര്യം പറഞ്ഞത്. മൈൻഡ്ട്രീയുടെ ഭൂരിഭാഗം ഓഹരികൾ ഏറ്റെടുക്കാൻ എൽ&ടി ഓഫർ നൽകിയിരുന്നു. എന്നാൽ മൈൻഡ്ട്രീ സ്ഥാപകർക്കും ഓഹരിയുടമകൾക്കും ഇത് സ്വീകാര്യമല്ലായിരുന്നു.

3. സംസ്ഥാനത്തിന് 1.75 കോടി ഡിവിഡന്റ് നൽകി കെഎസ്ഐഡിസി

സംസ്ഥാന സർക്കാരിന് കെഎസ്ഐഡിസി 1.75 കോടി രൂപ ഡിവിഡന്റ് നൽകി. 2017-18 സാമ്പത്തിക വർഷത്തേതാണിത്. കെഎസ്ഐഡിസി എംഡി ശർമിള മേരി ജോസഫ് മുഖ്യമന്ത്രി പിണറായി വിജയൻ ചെക്ക് കൈമാറി. 33.61 കോടി രൂപ ലാഭമാണ് ഇക്കാലയളവിൽ സ്ഥാപനം നേടിയത്.

4. ഓസ്‌ട്രേലിയയിൽ കൽക്കരി ഖനി തുറക്കാൻ അദാനിയ്ക്ക് അനുമതി

പരിസ്ഥിതി വിവാദത്തിൽപ്പെട്ട് അനിശ്ചിതത്വം നേരിട്ടിരുന്ന കൽക്കരി ഖനി പദ്ധതി ആരംഭിക്കാൻ അദാനിക്ക് ഓസ്‌ട്രേലിയയുടെ അനുമതി. ഭൂജലം സംരക്ഷിക്കാൻ കമ്പനി സമർപ്പിച്ച പദ്ധതി ക്വീൻസ്ലാൻഡ് സംസ്ഥാനം അംഗീകരിച്ചതോടെ ഖനി തുടങ്ങാനുള്ള തടസങ്ങൾ നീങ്ങുകയായിരുന്നു. 2010 അദാനി ഗ്രൂപ്പ് വാങ്ങിയ ഖനി പ്രവർത്തിപ്പിക്കാൻ ഇതുവരെ സാധിച്ചിരുന്നില്ല.

5. 80 കോടി ഫണ്ടിംഗ് നേടി ഫ്രഷ് ടു ഹോം

ഓൺലൈൻ ഡെലിവറി സേവന ദാതാക്കളായ ഫ്രഷ് ടു ഹോം 80 കോടി രൂപയുടെ വിദേശ ഫണ്ടിംഗ് നേടി. മലയാളികളായ മാത്യു ജോസഫ്, ഷാജഹാൻ കടവിൽ എന്നിവരാണ് കമ്പനിയുടെ സ്ഥാപകർ. ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്ഥാപനം പ്രധാനമായും മത്സ്യം, മാസം എന്നിവയാണ് വിതരണം ചെയ്യുന്നത്.

 

Similar News