നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: മെയ് 14 

Update: 2019-05-14 04:54 GMT

1. വ്യാപാര യുദ്ധം: തിരിച്ചടിച്ച് ചൈന

യുഎസ്–ചൈന വ്യാപാര യുദ്ധം കൂടുതൽ ശക്തിപ്പെടുന്നതിന്റെ സൂചനകൾ നൽകി, യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപന്നങ്ങൾക്കു ചൈനയും തീരുവ ചുമത്തി. കഴിഞ്ഞ ദിവസം ചൈനയിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും തീരുവ 10 ശതമാനത്തിൽ നിന്ന് 25 ശതമാനമായി ഉയർത്താൻ ട്രംപ് ഉത്തരവിട്ടിരുന്നു. 200 ബില്യൺ ഡോളർ മൂല്യമുള്ള ചൈനീസ് ഇറക്കുമതിക്കു മേലാണ് പുതിയ നികുതി ഏര്‍പ്പെടുത്തുന്നത്. ഇതിനു മറുപടിയായി ജൂൺ ഒന്നുമുതൽ 60 ബില്യൺ ഡോളർ മൂല്യമുള്ള 5,000 യുഎസ് ഉത്പന്നങ്ങൾക്ക് 20 മുതൽ 25 ശതമാനം വരെ ചൈനയും തീരുവ ഉയർത്തും.

2. ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്: അറ്റാദായം 90 കോടി രൂപ

തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചെറുകിട സാമ്പത്തിക ബാങ്കായ ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് 2018-2019 സാമ്പത്തിക വര്‍ഷത്തില്‍ 90.28 കോടി രൂപ അറ്റാദായം നേടി. 2017-18 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 234.45 ശതമാനത്തിന്റെ വന്‍ വര്‍ധനയാണ് ബാങ്ക് കരസ്ഥമാക്കിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ 26.99 കോടി രൂപയായിരുന്നു ബാങ്കിന്റെ അറ്റാദായം. ബാങ്കിന്റെമൊത്തം വരുമാനം 698.69 കോടി രൂപയില്‍ നിന്ന് 1140.78 കോടി രൂപയായി വര്‍ധിച്ചു. ബാങ്കിന്റെ മൊത്തത്തിലുള്ള നിക്ഷേപം 2018-19 സാമ്പത്തിക വര്‍ഷത്തില്‍ 71.10 ശതമാനം വര്‍ധിച്ച് 4317 കോടി രൂപയായി. മുന്‍ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 2523.09 കോടി രൂപയായിരുന്നു.

3. മുത്തൂറ്റ് ഫിനാൻസ്: ലാഭം 1972 കോടി രൂപ

മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡും ഉപ കമ്പനികളും ചേർന്ന് കഴിഞ്ഞ സാമ്പത്തിക വർഷം നേടിയത് 2,103 കോടി രൂപയുടെ ലാഭം. 14 ശതമാനം വർധനയാണ് മുത്തൂറ്റ് ഫിനാൻസ് നേടിയത്. മുത്തൂറ്റ് ഗ്രൂപ്പ് ആകെ നൽകിയത് 38,304 കോടി രൂപയുടെ വായ്പയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 20 ശതമാനം വളർച്ചയാണ് ഇതിലുണ്ടായിരിക്കുന്നത്. ഐഎൽ & എഫ്എസിനുണ്ടായ തകർച്ച എൻബിഎഫ്‌സി മേഖലയെ കാര്യമായി ബാധിച്ചിരുന്നുവെങ്കിലും അതു മറികടന്നാണ് മുത്തൂറ്റ് നേട്ടമുണ്ടാക്കിയതെന്ന് മുത്തൂറ്റ് ഫിനാൻസ് മാനേജിങ് ഡയറക്ടർ ജോർജ് അലക്‌സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

4. ഇൻഫോസിസ് ഫൗണ്ടേഷന്റെ എഫ്സിആർഐ രജിസ്‌ട്രേഷൻ റദ്ദാക്കി

ഇൻഫോസിസ് ഫൗണ്ടേഷന്റെ എഫ്സിആർഐ രജിസ്‌ട്രേഷൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. വിദേശ ഫണ്ട് കണക്കുകൾ സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്നാണിത്. വിദേശത്തുനിന്നു പണം സ്വീകരിക്കുന്ന സന്നദ്ധ സംഘടനകൾക്ക് എഫ്സിആർഐ രജിസ്‌ട്രേഷൻ നിർബന്ധമാണ്. അതേസമയം, തങ്ങളുടെ ആവശ്യപ്രകാരമാണ് രജിസ്‌ട്രേഷൻ റദ്ദാക്കിയതെന്ന് ഫൗണ്ടേഷൻ അറിയിച്ചു.

5. സഞ്ജീവ് പുരി ഐടിസി മേധാവി

പ്രമുഖ എഫ്എംസിജി കമ്പനിയായ ഐടിസിയുടെ ചെയർമാനും മാനേജിങ് ഡയറക്ടറുമായി സഞ്ജീവ് പുരിയെ നിയമിച്ചു. നിലവിൽ ഐടിസിയുടെ മാനേജിങ് ഡയറക്ടർ ചുമതലയാണ് വഹിക്കുന്നത്. കമ്പനിയുടെ ചെയർമാനായിരുന്ന യോഗേഷ് ചന്ദർ ദേവേശ്വറിന്റെ നിര്യാണത്തെത്തുടർന്നാണ് പുരിയെ സിഎംഡി ആയി നിയമിച്ചത്.

 

Similar News