ഇന്ന് നിങ്ങൾ അറിയേണ്ട 5 ബിസിനസ് വാർത്തകൾ-ഡിസം.28

Update: 2018-12-28 04:53 GMT

1. എച്ച്ഡിഎഫ്സി ഗ്രൂപ്പ് ഏറ്റവും മൂല്യമേറിയ സ്ഥാപനം

ടാറ്റയെ പിന്തള്ളി എച്ച്ഡിഎഫ്സി ഗ്രൂപ്പ് ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ സ്ഥാപനമായി. എച്ച്ഡിഎഫ്സി ഗ്രൂപ്പിന്റെ അഞ്ച് ലിസ്റ്റഡ് കമ്പനികളുടേയും കൂടി മാർക്കറ്റ് വാല്യൂവേഷൻ 10.40 ലക്ഷം കോടി രൂപയായി. വ്യാഴാഴ്ചത്തെ കണക്കാണിത്. 30 ലിസ്റ്റഡ് കമ്പനികളുള്ള ടാറ്റയുടേത് 10.38 ലക്ഷം കോടി രൂപയാണ്.

2. ഏപ്രിൽ ഒന്നുമുതൽ അതിസുരക്ഷാ നമ്പർപ്ലേറ്റ്

ഏപ്രിൽ ഒന്നുമുതൽ എല്ലാ പുതിയ മോട്ടോർവാഹനങ്ങളിലും അതിസുരക്ഷാ നമ്പർപ്ലേറ്റുകൾ (എച്ച്.എസ്.ആർ.പി.) നിർബന്ധമാക്കും. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരി പാർലമെന്റിൽ പറഞ്ഞതാണിത്. വ്യാജ നമ്പർപ്ലേറ്റുകൾ തടയാനാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്.

3. എയർ ഇന്ത്യയുടെ നഷ്ടം കുറഞ്ഞു

പ്രതീക്ഷ നൽകി എയർ ഇന്ത്യ സാമ്പത്തിക ഫലം. 2017-18 സാമ്പത്തിക വർഷം എയർ ഇന്ത്യയുടെ നഷ്ടം 17.6 ശതമാനം കുറഞ്ഞ്‌ 5,337 കോടി രൂപയായി. കഴിഞ്ഞ വർഷത്തെ നഷ്ടം 6,281 കോടി രൂപയായിരുന്നു.

4. പെട്രോൾ വില ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിൽ

ആഭ്യന്തര വിപണിയിലെ പെട്രോൾ, ഡീസൽ വില വീണ്ടും താഴോട്ട്. വെള്ളിയാഴ്ച്ച ഇന്ധന വില ഈ വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഡൽഹിയിൽ പെട്രോളിന് 69.55 രൂപയും ഡീസലിന് 63.62 രൂപയുമാണ്.

5. സാബു എം. ജേക്കബ് ടെക്നോളജി ഡെവലപ്പ്മെന്റ് ബോർഡ് അംഗം

കിറ്റക്‌സ് ഗാർമെൻറ്സ് മാനേജിങ് ഡയറക്ടർ സാബു എം. ജേക്കബിനെ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന് കീഴിലുള്ള ടെക്നോളജി ഡെവലപ്പ്മെന്റ് ബോർഡ് അംഗമായി തെരഞ്ഞെടുത്തു. മൂന്ന് വർഷത്തേക്കാണ് നിയമനം. നൂതന ആശയങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് ബോർഡിൻറെ പ്രധാന ദൗത്യം.

Similar News