ഇന്ന് നിങ്ങള്‍ അറിയേണ്ട 5 ബിസിനസ് വാര്‍ത്തകള്‍: ജനുവരി 29

Update: 2019-01-29 04:57 GMT

1. ബാങ്കുകൾക്ക് നല്ല കാലം വരും: പിയൂഷ് ഗോയൽ

വരും നാളുകളിൽ രാജ്യത്തെ പൊതുമേഖലാ ബാങ്കുകൾ ലാഭകരമാകുമെന്ന് ധനമന്ത്രാലയത്തിന്റെ അധിക ചുമതല വഹിക്കുന്ന കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. തിങ്കളാഴ്ച ബാങ്ക് പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ബാങ്ക് മേഖലയിൽ നിലനിൽക്കുന്ന പ്രതിസന്ധി തരണം ചെയ്യാൻ സർക്കാരിന്റെ ഭാഗത്തുനിന്നും എല്ലാ സഹായവും ഗോയൽ വാഗ്ദാനം ചെയ്തിരുന്നു.

2. ബാങ്ക് ഓഫ് ഇന്ത്യ: 4,738 കോടി രൂപ നഷ്ടം

ഒക്ടോബർ-ഡിസംബർ പാദത്തിൽ ബാങ്ക് ഓഫ് ഇന്ത്യ 4,738 കോടി രൂപ നഷ്ടം രേഖപ്പടുത്തി. തൊട്ടുമുൻപത്തെ വർഷം ഇതേ കാലയളവിൽ ബാങ്ക് 2,341 കോടി രൂപ നഷ്ടമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇത്തവണ കിട്ടാക്കടം നികത്തുന്നതിനായി കരുതൽ ധനമായി 9,179 കോടി രൂപ ബാങ്ക് നീക്കിവെച്ചിരുന്നു. ബാങ്കിന്റെ എൻപിഎ റേഷ്യോ, കരുതൽ മൂലധനം എന്നിവ മെച്ചപ്പെട്ടിട്ടുണ്ട്.

3. അധികാരത്തിലെത്തിയാൽ മിനിമം വരുമാനം ഉറപ്പാക്കും: രാഹുൽ

കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന് പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി. ഛത്തീസ്ഡഢിലെ റായ്‌പുരിൽ സംഘടിപ്പിച്ച റാലിയിലായിരുന്നു രാഹുൽ ഇക്കാര്യം പറഞ്ഞത്. "ദശലക്ഷക്കണക്കിന് പേർ പട്ടിണി അനുഭവിക്കുമ്പോൾ നവീനഭാരതം കെട്ടിപ്പടുക്കാനാവില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ പാവപ്പെട്ടവർക്ക് മിനിമം വരുമാനം ഉറപ്പാക്കും. പാർട്ടിയുടെ ദർശനവും വാഗ്ദാനവുമാണത്,”-അദ്ദേഹം പറഞ്ഞു.

4. ഐപിഎൽ 2019: സ്റ്റാർ ഇന്ത്യയ്ക്ക് 9 സ്പോൺസർമാർ

ഐപിഎൽ 2019 ന്റെ ഔദ്യോഗിക ബ്രോഡ്‌കാസ്റ്റർറായ സ്റ്റാർ ഇന്ത്യയ്ക്ക് തുടക്കത്തിലേ ലഭിച്ചത് ഒൻപത് സ്പോൺസർമാർ. പൊതുതെരഞ്ഞെടുപ്പുണ്ടെങ്കിലും ഇന്ത്യയിൽ തന്നെ ഐപിഎൽ നടത്തുമെന്ന ബിസിസിഐയുടെ പ്രഖ്യാപനവും ഓസ്‌ട്രേലിയയിൽ ടീം ഇന്ത്യയുടെ മികച്ച പ്രകടനവും ഇതിന് സഹായകമായി. 750 കോടി രൂപയുടെ പരസ്യമാണ് ഐപിഎല്ലിന് ലഭിച്ചിരിക്കുന്നത്.

5. തെക്കു കിഴക്കൻ ഏഷ്യയിലെ ബിസിനസ് ടാറ്റ സ്റ്റീൽ വിൽക്കുന്നു

തെക്കു കിഴക്കൻ ഏഷ്യയിലെ ബിസിനസിന്റെ ഓഹരി ടാറ്റ സ്റ്റീൽ വിൽക്കുന്നു. ചൈനയിലെ എച്ച്ബിഐഎസ് ഗ്രൂപ്പുമായി ടാറ്റ സ്റ്റീലിന്റെ യൂണിറ്റായ ടിഎസ് ഹോൾഡിങ്‌സ് കരാർ ഒപ്പിട്ടു. ആഭ്യന്തര വിപണിയിൽ ശ്രദ്ധ കേന്ദ്രീകരിക്കനാണ് പദ്ധതി.

Similar News