ശല്യക്കാരായ ടെലിമാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് മൂക്കു കയറിടാന്‍ ട്രായ്

രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഔട്ടാകും

Update:2024-08-14 14:22 IST

Image : @ Canva

ഒരു നിയന്ത്രണവുമില്ലാതെ സ്പാം മെസേജുകള്‍ അയച്ച് ഉപഭോക്താക്കളെ ശല്യം ചെയ്യുന്ന ടെലിമാര്‍ക്കറ്റിംഗ് കമ്പനികളെ പിടിച്ചു കെട്ടാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്). രജിസ്റ്റര്‍ ചെയ്യാതെ പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ എല്ലാ ടെലികോം സേവനങ്ങളും റദ്ദാക്കാന്‍ ട്രായ് രാജ്യത്തെ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കി. അനാവശ്യമായ കോളുകള്‍, ഓഡിയോ-വിഡിയോ സന്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച് പരാതികള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് നടപടി. ഇത്തരം കമ്പനികളെ രണ്ടു വര്‍ഷത്തേക്ക് വിലക്കാനാണ് നിര്‍ദേശം. രണ്ടാഴ്ചക്കുള്ളില്‍ നിര്‍ദേശം നടപ്പാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും ടെലികോം കമ്പനികള്‍ക്ക് നല്‍കിയ കത്തില്‍ ട്രായ് ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമം നടപ്പാക്കാന്‍ ട്രായ്

2018 ലെ നിയമത്തില്‍ പറയുന്ന വ്യവസ്ഥകള്‍ ടെലിമാര്‍ക്കറ്റിംഗ് കമ്പനികള്‍ കര്‍ശനമായി പാലിക്കണമെന്നാണ് ട്രായ് ആവശ്യപ്പെടുന്നത്. ഈ സേവന മേഖലയിലുള്ള കമ്പനികള്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. എന്നാല്‍ ഒട്ടേറെ കമ്പനികളാണ് നിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്നത്. മൊബൈല്‍ ഫോണ്‍ വഴിയുള്ള കോളുകള്‍, കമ്പ്യൂട്ടര്‍ നിര്‍മ്മിത സന്ദേശങ്ങള്‍ തുടങ്ങിയവയിലൂടെ നിരന്തരം ഇത്തരം കമ്പനികള്‍ ബന്ധപ്പെടുന്നത് ഉപഭോക്താക്കള്‍ക്ക് തലവേദനയായി മാറിയിട്ടുണ്ട്. വാണിജ്യാനുബന്ധ വിവര വിനിമയവുമായി ബന്ധപ്പെട്ട് 2018 ല്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളില്‍ ടെലിമാര്‍ക്കറ്റിംഗ് കമ്പനികള്‍ക്കുള്ള ചട്ടങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. ഇത് ലംഘിക്കുന്ന കമ്പനികളുടെ ഫോണ്‍ നമ്പരുകള്‍ സ്ഥിരമായി റദ്ദാക്കാനും തുടര്‍ന്ന് മറ്റേത് നമ്പറില്‍ നിന്നും സേവനം തുടരുന്നത് വിലക്കാനും കഴിയും. 

എന്താണ് സ്പാം കോള്‍?

നമ്മുടെ ഫോണ്‍ നമ്പരിലേക്ക് അപരിചിതമായ നമ്പരില്‍ നിന്ന് വരുന്ന വാണിജ്യ താല്‍പ്പര്യത്തോടെയുള്ളതോ സംശയാസ്പദമോ ആയ കോളുകളാണ് സ്പാം ആയി കണക്കാക്കുന്നത്. ഉപഭോക്താവ് ആവശ്യപ്പെടാത്ത കാര്യത്തെ കുറിച്ചോ ആവശ്യമില്ലാത്ത കാര്യത്തെ കുറിച്ചോ ഫോണ്‍ കോള്‍, ഓഡിയോ-വീഡിയോ സന്ദേശങ്ങള്‍ തുടങ്ങിയ രൂപങ്ങളില്‍ ഇവയെത്താം. സംശയകമായ കോളുകളായാണ് ഇവ വീക്ഷിക്കപ്പെടുന്നത്. ഏതെങ്കിലും ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുക, നിങ്ങളുടെ വ്യക്തിപരമായ വിവരങ്ങള്‍ ശേഖരിക്കുക തുടങ്ങിയ ഗൂഢോദ്ദേശ്യങ്ങളും ഇത്തരം കോളുകള്‍ക്ക് ഉണ്ടാകാം. ഇത്തരം കോളുകളോട് പ്രതികരിക്കുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്നും വ്യക്തിപരമായ വിവരങ്ങള്‍ നല്‍കരുതെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റിയും ടെലികോം സേവനദാതാക്കളും നിരന്തരം മുന്നറിയിപ്പുകള്‍ നല്‍കാറുണ്ട്.

Tags:    

Similar News