റോഡ് നിയമ ലംഘനം കണ്ടുപിടിക്കാന്‍ ഡ്രോണ്‍ വേണ്ടെന്ന് ഗതാഗത വകുപ്പ്
മോട്ടോര്‍ വാഹന വകുപ്പിന്റെ ശുപാര്‍ശ തള്ളി
പ്രധാന റോഡുകളില്‍ 700 ഓളം എ.ഐ ക്യാമറകള്‍ സ്ഥാപിച്ചതിന് പിന്നാലെ ആകാശ നിരീക്ഷണം ശക്തമാക്കാനുറച്ച് ഡ്രോണ്‍ പറത്താനൊരുങ്ങിയ മോട്ടോര്‍ വാഹന വകുപ്പിന് തിരിച്ചടി. ഗതാഗത നിയമലംഘനം പിടിക്കാന്‍ ഡ്രോണ്‍ എ.ഐ ക്യാമറകള്‍ വാങ്ങണമെന്ന ശുപാര്‍ശ ഗതാഗതവകുപ്പ് തള്ളി. 400കോടി മുടക്കി ക്യാമറകള്‍ വാങ്ങുന്നത് അനാവശ്യ ചെലവെന്ന് വിലയിരുത്തിയാണ് ഗതാഗത കമ്മിഷണറുടെ റിപ്പോര്‍ട്ട് തല്‍ക്കാലത്തേക്ക് മരവിപ്പിച്ചത്. പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ സഹായം ലഭിക്കുമെങ്കില്‍ മാത്രം പദ്ധതിയുമായി മുന്നോട്ട് പോയാല്‍ മതിയെന്ന് മന്ത്രി ആന്റണി രാജു നിര്‍ദേശിച്ചു.
232 കോടി രൂപ മുടക്കി റോഡിലാകെ 726ക്യാമറകള്‍ സ്ഥാപിച്ച് മൂന്നുമാസം ആകുമ്പോഴാണ് നിയമലംഘനങ്ങള്‍ പറന്ന് പിടിക്കുന്ന ഡ്രോണ്‍ എ.ഐ ക്യാമറകള്‍ വാങ്ങണമെന്ന ആവശ്യവുമായി മോട്ടോര്‍ വാഹനവകുപ്പ് ഗതാഗത വകുപ്പിനെ സമീപിച്ചത്. ഓരോ ജില്ലയിലും കുറഞ്ഞത് പത്തെണ്ണം വീതം വാങ്ങണമെന്നായിരുന്നു ശുപാര്‍ശ.
റോഡില്‍ വച്ച എ.ഐ ക്യാമറകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ ഡ്രോണ്‍ ക്യാമറകള്‍ പറത്തിയാല്‍ നിയമലംഘനം പൂര്‍ണമായി നിയന്ത്രിച്ച് അപകടമരണങ്ങള്‍ വന്‍തോതില്‍ കുറയ്ക്കാമെന്നുമാണ് ഗതാഗത കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇതിന്റെ വിശദ റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
എ.ഐ ക്യാമറകള്‍ വാങ്ങിയത് അമിത വിലയ്ക്കാണെന്നും അഴിമതിയുണ്ടെന്നുമുള്ള ആരോപണവും വിവാദവും തുടരുന്നതിനിടെയാണ് ഡ്രോണ്‍ കൂടി വാങ്ങാനുള്ള ശുപാര്‍ശ എത്തിയത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലുമാണ്. അതിനിടെ അതിലും ഉയര്‍ന്ന തുകയ്ക്ക് വീണ്ടും ഡ്രോണ്‍ ക്യാമറയെന്ന റിപ്പോര്‍ട്ട് വന്നതോടെയാണ് എ.ഐ ക്യാമറ ആരോപണത്തില്‍ മറുപടി പറഞ്ഞുമടുത്ത ഗതാഗത മന്ത്രി ശുപാര്‍ശ തള്ളിയത്.