കേരളത്തിലെ റബര്‍ കര്‍ഷകര്‍ക്ക് 'മിഷന്‍ ത്രിപുര' കെണി; ടയര്‍ നിര്‍മാതാക്കളുടെ നീക്കത്തിനു പിന്നില്‍ ദീര്‍ഘകാല ലക്ഷ്യം

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷിക്ക് വലിയ സ്വീകാര്യതയാണ്, കേരളത്തില്‍ കൃഷി ഇടിയുന്നതും മറ്റിടങ്ങളില്‍ കൂടുന്നതും ഭാവിയില്‍ ദോഷമാകും

Update:2024-10-28 12:24 IST

Image : Canva

രാജ്യത്തെ റബര്‍ വിപണിയില്‍ കേരളത്തിന്റെ അപ്രമാദിത്വം അധികം വൈകാതെ അസ്തമിച്ചേക്കും. കേരളത്തിലെ കൃഷി കുറയുന്നതിനൊപ്പം വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി വ്യാപനം വലിയ തോതില്‍ നടക്കുന്നതാണ് കാരണം. ഇന്ത്യയില്‍ കൃഷി കൂടുതല്‍ വ്യാപകമാക്കി ചരക്ക് ലഭ്യത കൂട്ടുകയും അതുവഴി റബര്‍ വില ഇടിക്കുകയെന്നുമെന്ന നീക്കത്തോടെ ടയര്‍ കമ്പനികളുടെ പിന്തുണയോടെയാണ് പദ്ധതി നടപ്പാകുന്നത്.
റബര്‍ കൃഷിയില്‍ കേരളം കഴിഞ്ഞാല്‍ രണ്ടാമത് ത്രിപുരയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷിയോട് കൂടുതല്‍ ആഭിമുഖ്യം കാണിക്കുന്നതും ഈ സംസ്ഥാനമാണ്. അഞ്ചുവര്‍ഷം മുമ്പ് ത്രിപുര സര്‍ക്കാര്‍ ആരംഭിച്ച 'ചീഫ് മിനിസ്റ്റര്‍ റബര്‍ മിഷന്‍' പദ്ധതി റബര്‍ കൃഷിയില്‍ വലിയ കുതിച്ചു ചാട്ടത്തിന് വഴിയൊരുക്കിയിരുന്നു. ത്രിപുര മുന്‍ മുഖ്യമന്ത്രി വിപ്ലവ്കുമാര്‍ ദേബ് മുന്‍കൈയെടുത്തായിരുന്നു ഈ പദ്ധതി നടപ്പാക്കിയത്.

ത്രിപുരയില്‍ സൂപ്പര്‍ഹിറ്റ്

സാധാരണക്കാരായ ആളുകള്‍ക്ക് കൂടുതല്‍ വരുമാനം നല്‍കുന്ന കൃഷിയെന്ന രീതിയിലാണ് പദ്ധതിയെ ത്രിപുര സ്വീകരിച്ചത്. 2021ല്‍ ആരംഭിച്ച പദ്ധതി 2025ല്‍ പൂര്‍ത്തിയാകേണ്ടതായിരുന്നു. എന്നാല്‍ പദ്ധതി അഞ്ചു വര്‍ഷം കൂടി ദീര്‍ഘിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. 46,086 ഹെക്ടറില്‍ റബര്‍ തൈകള്‍ നട്ടുവളര്‍ത്താന്‍ സാധിച്ചിരുന്നു. 56,400 കുടുംബങ്ങള്‍ പദ്ധതിയില്‍ അംഗമാണ്.
ടയര്‍ നിര്‍മാതാക്കളുടെ സംഘടനയായ ഓട്ടോമേറ്റഡ് ടയര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ (ആത്മ) ആണ് അര്‍ഹരായവര്‍ക്ക് തൈകള്‍ നല്‍കുന്നത്. സൗജന്യമായിട്ടാണ് തൈ വിതരണം. ത്രിപുര വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് വളം, തൈകളുടെ പരിചരണം, ഫെന്‍സിംഗ് എന്നിവയ്ക്കുള്ള സാമ്പത്തികസഹായം കര്‍ഷകരിലേക്ക് എത്തിക്കുന്നത്.
ആദിവാസി വിഭാഗങ്ങള്‍ കൂടുതലായി താമസിക്കുന്ന മേഖലകളില്‍ ഈ പദ്ധതി വലിയ വിജയമായി മാറിയെന്നാണ് ത്രിപുര ട്രൈബല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നത്. കൃഷി തുടങ്ങുമ്പോള്‍ മുതല്‍ ടാപ്പിംഗ് ആരംഭിക്കുന്നത് വരെയുള്ള വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാര്‍, റബര്‍ബോര്‍ഡ് സഹായം കര്‍ഷകരെ ആകര്‍ഷിച്ചു. ആദ്യ ഘട്ടം പൂര്‍ത്തിയാകുന്ന മുറയ്ക്ക് 60,000 കുടുംബങ്ങളിലേക്ക് 60,000 ഹെക്ടറില്‍ രണ്ടാംഘട്ട പദ്ധതി തുടങ്ങാനാണ് സര്‍ക്കാര്‍ നീക്കം.

കേരള കര്‍ഷകരെ എങ്ങനെ ബാധിക്കും

നിലവില്‍ റബര്‍ ഉത്പാദനത്തില്‍ രാജ്യത്ത് കേരളമാണ് മുന്നില്‍. തൊട്ടുപിന്നില്‍ തന്നെ ത്രിപുര ഉള്‍പ്പെടെയുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുണ്ട്. മേഘാലയ, നാഗാലാന്‍ഡ്, മണിപ്പൂര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തില്‍ കൃഷി ഇടിയുന്നതും മറ്റിടങ്ങളില്‍ കൂടുന്നതും ഭാവിയില്‍ ദോഷം ചെയ്‌തേക്കും.
ടയര്‍ കമ്പനികള്‍ക്ക് കേരളത്തെ ആശ്രയിക്കാതെ ആവശ്യത്തിന് റബര്‍ ലഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തും. ടാപ്പിംഗ് കൂലിയും അനുബന്ധ ചെലവുകളും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കുറവാണ്. അതുകൊണ്ട് തന്നെ കേരളത്തില്‍ ലഭിക്കുന്ന വിലയുടെ പകുതി കിട്ടിയാല്‍ പോലും ഈ സംസ്ഥാനങ്ങളില്‍ റബര്‍ കൃഷി ലാഭകരമാണ്. റബര്‍ ബോര്‍ഡ് ഉള്‍പ്പെടെയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ റബര്‍കൃഷിയില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നുവെന്ന പരാതി ഇപ്പോഴേയുണ്ട്.
ആഭ്യന്തര തലത്തില്‍ ഉത്പാദനം വന്‍തോതില്‍ വര്‍ധിക്കുന്നതോടെ വില എന്നെന്നേക്കുമായി കൂപ്പുകുത്താനുള്ള സാധ്യതകള്‍ വിദൂരമല്ല. ഇത് കേരളത്തില്‍ നിന്ന് റബര്‍കൃഷി അപ്രത്യക്ഷമാകുന്നതിലേക്ക് നയിക്കുമെന്ന ആശങ്ക ഈ രംഗത്തുള്ളവര്‍ക്കുണ്ട്. ഇത് തടയാന്‍ മറ്റ് വിളകള്‍ക്കെന്ന പോലെ കേന്ദ്രം റബര്‍കൃഷിക്ക് താങ്ങുവില പ്രഖ്യാപിക്കണമെന്നാണ് കേരളത്തിലെ കര്‍ഷകരുടെ ആവശ്യം.
Tags:    

Similar News