'ചില നഗരങ്ങളിൽ ശ്വസിക്കാൻ പോലും കഴിയില്ല', ഇന്ത്യയ്‌ക്കെതിരെ കടുത്ത വിമർശനവുമായി ട്രംപ്

Update: 2019-06-06 08:03 GMT

കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖ്യകാരണക്കാർ ഇന്ത്യയും ചൈനയും റഷ്യയുമാണെന്നു യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. യുഎസിലാണ് എറ്റവും ശുദ്ധമായ വായുവുള്ളതെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യയിലും ചൈനയിലും റഷ്യയിലും മറ്റു ചില രാജ്യങ്ങളിലും ശുദ്ധവായുവോ, ശുദ്ധജലമോ ഇല്ല. മാത്രമല്ല, ഈ രാജ്യക്കാർക്ക് മലിനീകരണത്തെക്കുറിച്ചോ വൃത്തിയെക്കുറിച്ചോ ശരിയായ അവബോധവും ഇല്ല.

ഇംഗ്ലണ്ടിൽ മൂന്ന് ദിവസത്തെ സന്ദ‍ര്‍ശനത്തിന് എത്തിയ ട്രംപ് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ ഉന്നയിച്ചത്. "ചില നഗരങ്ങളിൽ ചെന്നാൽ --നഗരത്തിന്റെ പേര് ഞാൻ പറയാൻ താല്പര്യപ്പെടുന്നില്ല-- ശ്വസിക്കാൻ പോലും കഴിയില്ല, ഇതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കുന്നുമില്ല," ട്രംപ് പറഞ്ഞു.

ഇന്നുള്ളതിൽ വെച്ചേറ്റവും ശുദ്ധമായ വായു യുഎസിലാണുള്ളതെന്നും അത് ഓരോ വർഷവും മെച്ചപ്പെട്ടു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ജനുവരിയിൽ പുറത്തിറക്കിയ റോഡിയം ഗ്രൂപ്പ് റിപ്പോർട്ടിൽ പറയുന്നത് 2018-ൽ യുഎസിലെ കാർബൺഡയോക്സൈഡ് എമിഷൻ 3.4 ശതമാനം ഉയർന്നിരുന്നുവെന്നാണ്. എട്ട് വർഷത്തിലെ ഏറ്റവും വലിയ വർധനയാണിത്.

ആഗോള താപനം നിയന്ത്രിക്കുന്നതിനു വേണ്ടിയുണ്ടാക്കിയ പാരീസ് ഉടമ്പടി ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്നാരോപിച്ച് ട്രംപ് ഉടമ്പടിയിൽ നിന്ന് പിന്മാറിയിരുന്നു.

Similar News