ഇന്ത്യന്‍ പാര്‍പ്പിട വിപണിയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങി ട്രംപ്

തങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ പാര്‍പ്പിട വിപണിയായി ഇന്ത്യ മാറുകയാണെന്ന് ഡൊണാല്‍ഡ് ട്രംപ് ജൂനിയര്‍.

Update:2021-10-27 13:44 IST

മുന്‍ അമേരിക്കന്‍ പ്രസിന്റ് ഡൊണാള്‍ഡ് ട്രംപിന്റെ 'ട്രംപ് ഓര്‍ഗനൈസേഷന്‍' അവസാനമായി ഇന്ത്യയില്‍ ഒരു പാര്‍പ്പിട പദ്ധതി പ്രഖ്യാപിച്ചത് നാല് വര്‍ഷം മുമ്പാണ്. വീണ്ടും പുതിയ പ്രോജക്ടുകളുമായി രാജ്യത്തെ പാര്‍പ്പിട വിപണിയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ട്രംപ് ഓര്‍ഗനൈസേഷന്‍.

ട്രംപ് ടവര്‍ ബ്രാന്റിന് പുറമെ 'രണ്ടാമതൊരു വീട്' എന്ന ഇന്ത്യക്കാരുടെ വര്‍ധിച്ചു വരുന്ന താല്‍പ്പര്യത്തെ കൂടി മുന്നില്‍ കണ്ടാണ് കമ്പനി എത്തുന്നത്. അതിന്റെ ഭാഗമായി ഇന്ത്യയിലെ ട്രംപ് ഓര്‍ഗൈനൈസേഷന്റെ പങ്കാളിയായ ട്രൈബേക്ക ഡെവലപ്പേഴ്‌സുമായി ചേര്‍ന്ന് സൂപ്പര്‍ ലക്ഷ്വറി വില്ലകളും ഫാം ഹൗസുകളും വികസിപ്പിച്ചെടുക്കാനാണ് പദ്ധതി.
ബെംഗളൂരു, ഹൈദരാബാദ്, ഗോവ, മഹാരാഷ്ട്രയിലെ പാവ്‌ന തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും പുതിയ നിര്‍മാണങ്ങള്‍. ഗോള്‍ഫ് കോഴ്‌സ്, ഹോട്ടലുകള്‍ തുടങ്ങിയവയും പദ്ധതിയുടെ ഭാഗമായി ഉണ്ടാകും.
ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് മേഖല ശക്തമായ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിക്കുകയാണ്. യുഎസിന് ശേഷം തങ്ങളുടെ ഏറ്റവും വലിയ രണ്ടാമത്തെ വലിയ പാര്‍പ്പിട വിപണിയായി ഇന്ത്യ മാറുകയാണെന്ന് ഡൊണാല്‍ഡ് ട്രംപ് ജൂനിയര്‍ പറഞ്ഞു.
അടുത്തിടെ പ്രോപ്പര്‍ട്ടി അഡ്വൈസറി സ്ഥാപനമായ സാവില്‍സ് ഇന്ത്യ നടത്തിയ സര്‍വ്വെയില്‍ പങ്കെടുത്ത 70 ശതമാനം പേരും രണ്ടാമതൊരു വീടിനായി നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്നവരാണ്. അതില്‍ 57 ശതമാനത്തില്‍ അധികം ആളുകളും അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഒരു വീട് കൂടി സ്വന്തമാക്കുമെന്നാണ് പറഞ്ഞത്.
സര്‍വ്വെയില്‍ പങ്കെടുത്ത അഞ്ചില്‍ ഒരാളും ഗോവയില്‍ വീട് വാങ്ങാനാണ് താല്‍പ്പര്യപ്പെടുന്നത്. കൊവിഡിന് ശേഷം രാജ്യത്തെ ഭൂമി വിലയിലും 20 ശതമാനത്തിന്റെ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.
എം3എം ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് 2018ല്‍ ഗുരുഗ്രാമില്‍ ആണ് ഇന്ത്യയിലെ അവസാന ട്രംപ് ടവര്‍ നിര്‍മാണം തുടങ്ങിയത്. 2023ല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പാര്‍പ്പിട സമുച്ഛയത്തിലെ ഒരു ഫ്‌ലാറ്റിന് 8-9 കോടി രൂപയാണ് വില. കഴിഞ്ഞ വര്‍ഷം വരെ പ്രതിമാസം മൂന്ന് യൂണീറ്റുകള്‍ വരെ വിറ്റുപോയിരുന്നത് 2021ല്‍ ഏഴു യൂണീറ്റായി ഉയര്‍ന്നിരുന്നു.


Tags:    

Similar News