തര്‍ക്കങ്ങളില്ല, ട്വിറ്റര്‍ മസ്‌കിന് തന്നെ നല്‍കാന്‍ സമ്മതിച്ച് ഓഹരി ഉടമകള്‍
മീറ്റിംഗില്‍ മാജിക് നടന്നതുപോലെ സമ്മത പ്രകടനം
ഏറെനാളുകളായി ട്വിറ്ററാറ്റികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നതാണ് ലോക കോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുമോ എന്നത്. ഏറെ അഭ്യൂഹങ്ങള്‍ക്ക് വഴിവച്ച വില്‍പ്പന ഉറപ്പിച്ച് ട്വിറ്റര്‍. മസ്‌കിന് ട്വിറ്റര്‍ നല്‍കാനുള്ള ഓഹരി ഉടമകളുടെ അംഗീകാരമാണ് ഇപ്പോള്‍ എത്തിയിരിക്കുന്നത്.
വാഷിംഗ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഏഴു മിനിറ്റ് മാത്രം നീണ്ടു നിന്ന ഓണ്‍ലൈന്‍ മീറ്റിംഗില്‍ ഭൂരിഭാഗം ഓഹരി ഉടമകളും മസ്‌കുമായുള്ള ഇടപാടിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു. വോട്ട് ചെയ്യാന്‍ നേരത്തെ തന്നെ കമ്പനി അവസരമുണ്ടാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ മീറ്റിംഗില്‍ മാജിക് നടന്നതുപോലെയാണ് ഓഹരി ഉടമകള്‍ ഐകകണ്‌ഠേന സമ്മതം മൂളിയത്.
ഓഹരിയൊന്നിന് 54.20 ഡോളറെന്നെ നിരക്കാണ് ഇലണ്‍ മസ്‌ക് വാഗ്ദാനം ചെയ്തിരുന്നത്. ഇതിനേക്കാള്‍ വളരെ താഴ്ന്ന നിരക്കായ 41.8 ഡോളറായിരുന്നു നിലവില്‍ ട്വിറ്റര്‍ ഓഹരികള്‍ക്കുണ്ടായിരുന്നത്. ഓഹരിയുടമകളുടെ വോട്ടിംഗിന് ശേഷം ചെറിയ വ്യത്യാസങ്ങള്‍ വന്നിട്ടുണ്ട്. ഒക്ടോബറില്‍ ഇടപാട് പൂര്‍ത്തിയാക്കി മസ്‌കിന് കീഴില്‍ ട്വിറ്ററിന്റെ ട്രയല്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
4400 കോടി ഡോളറിന് ട്വിറ്റര്‍ ഏറ്റെടുക്കാമെന്ന വാഗ്ദാനം കഴിഞ്ഞ ഏപ്രിലിലാണ് ഇലോണ്‍ മസ്‌ക് മുന്നോട്ടുവെച്ചത്. എന്നാല്‍ പിന്നീട് ട്വിറ്ററിന്റെ ചില കണക്കുകളുമായി മസ്‌ക് ഉടക്കുണ്ടാക്കുകയായിരുന്നു. ട്വിറ്റര്‍ ഉപയോക്താക്കളെ സംബന്ധിച്ച വ്യാജകണക്കുകളാണ് തന്നതെന്ന് മസ്‌ക് പറഞ്ഞു. ട്വിറ്ററും ഇലോണ്‍ മസ്‌കും തമ്മിലുള്ള ഈ തര്‍ക്കം കോടതിയിലുമെത്തി.
ഒക്ടോബര്‍ 17നാണ് കോടതി ഈ കേസ് വിചാരണക്കെടുക്കുക. അതിനുശേഷമായിരിക്കാം നടപടികളും പൂര്‍ത്തിയാകുക. അതേസമയം പരാതി ഇരുകൂട്ടരും തമ്മില്‍ കോടതിക്കു പുറത്തുപരിഹരിച്ചാല്‍ ട്വിറ്റര്‍ കൈമാറ്റം ഉടനുണ്ടായേക്കും.