വിദേശത്തേക്ക് പറക്കാന്‍ കേരളത്തില്‍ പഠിക്കുന്നത് 2 ലക്ഷംപേര്‍; ഐ.ഇ.എല്‍.ടി.എസ് പഠനകേന്ദ്രങ്ങളില്‍ വന്‍തിരക്ക്‌

ഇത്തരം കേന്ദ്രങ്ങളില്‍ പരിശീലനത്തിനായി 100 കോടിയിലധികം രൂപ ചെലവഴിക്കപ്പെടുന്നുണ്ട്

Update:2024-06-08 15:00 IST

Image: Canva

കൊവിഡ് മഹാമാരിക്കു ശേഷം കേരളത്തില്‍ നിന്ന് വിദേശത്തേക്കുള്ള കുടിയേറ്റത്തിന്റെ നിരക്ക് വന്‍തോതില്‍ വര്‍ധിച്ചിരുന്നു. വിദേശരാജ്യങ്ങളിലെ വലിയ അവസരങ്ങളും കേരളത്തിലെ സാധ്യതകള്‍ കുറഞ്ഞതുമാണ് മിക്കവരെയും കടല്‍ കടക്കാന്‍ പ്രേരിപ്പിക്കുന്നത്. മുമ്പ് ഗള്‍ഫിലേക്കുള്ള കുടിയേറ്റമായിരുന്നു കൂടുതലെങ്കില്‍ ഇപ്പോള്‍ ആ സ്ഥാനം യൂറോപ്പിനാണ്.
കേരളത്തിലെ ഐ.ഇ.എല്‍.ടി.എസ് (ഇന്റര്‍നാഷണല്‍ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം) പഠനകേന്ദ്രങ്ങളില്‍ പഠിക്കുന്നവരുടെ എണ്ണം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍തോതില്‍ വര്‍ധിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. രണ്ടുലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് പരീക്ഷയ്ക്കായി പഠനകേന്ദ്രങ്ങളില്‍ പരിശീലിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഐ.ഇ.എല്‍.ടി.എസ് കേന്ദ്രങ്ങള്‍ കൂണുപോലെ
ഇത്തരം കേന്ദ്രങ്ങളില്‍ പരിശീലനത്തിനായി 100 കോടിയിലധികം രൂപ ചെലവഴിക്കപ്പെടുന്നുണ്ട്. വിദേശഭ്രമം കൂടിയതോടെ ഐ.ഇ.എല്‍.ടി.എസ് പഠനകേന്ദ്രങ്ങളുടെ എണ്ണത്തിലും വന്‍കുതിപ്പുണ്ട്. കൊവിഡിനു മുമ്പു വരെ പഠനകേന്ദ്രങ്ങള്‍ 500ല്‍ താഴെയായിരുന്നു. ഇപ്പോളിത് 5,000ത്തിന് അടുത്തായിട്ടുണ്ട്. മുമ്പ് നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഐ.ഇ.എല്‍.ടി.എസ് സെന്ററുകള്‍ വന്നിരുന്നതെങ്കില്‍ ഗ്രാമങ്ങളില്‍ പോലും ഇപ്പോള്‍ പഠനകേന്ദ്രങ്ങളുണ്ട്.
പി.എസ്.സി പഠനകേന്ദ്രങ്ങള്‍ ഐ.ഇ.എല്‍.ടി.എസ് സെന്ററുകളായി രൂപമാറ്റം നടത്തുന്നതും പലയിടത്തും ദൃശ്യമാണ്. കോട്ടയം, പത്തനംത്തിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് ഐ.ഇ.എല്‍.ടി.എസ് കേന്ദ്രങ്ങള്‍ കൂടുതലും പ്രവര്‍ത്തിക്കുന്നത്. പുതിയ സെന്ററുകളും ഈ ജില്ലകളിലാണ് കൂടുതലായി വരുന്നത്.
ഐ.ഇ.എല്‍.ടി.എസ് കേന്ദ്രങ്ങള്‍ വ്യാപകമായതോടെ നിലവാരത്തില്‍ കുറവു വന്നിട്ടുണ്ടെന്ന പരാതിയും ഉയരുന്നുണ്ട്. ഒരു സെന്ററില്‍ പഠിച്ച് പാസാകാതെ വരുന്നവര്‍ കൂടുതല്‍ ഫീസ് മുടക്കി മറ്റ് സെന്ററുകളിലേക്ക് പോകുന്നതും പതിവായിട്ടുണ്ട്.
Tags:    

Similar News